ലാ കോളേജ് സംഘർഷം: എസ്.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ

Thursday 31 March 2022 10:51 PM IST

തിരുവനന്തപുരം: ലാ കോളജിൽ കെ.എസ്.യു വനിതാ യൂണിറ്റ് പ്രസിഡന്റ് സഫ്നയെ മർദ്ദിക്കുകയും രണ്ടാം വർഷ വിദ്യാർത്ഥികളെ വീടുകയറി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ ലാ കോളേജിലെ അഞ്ചാം വർഷ വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ കൊല്ലം ശൂരനാട് പടിഞ്ഞാട്ടുമുറി കല്ലാട്ടുമൂലയിൽ ഗോകുൽ രവീന്ദ്രനെ (23) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്ര് ചെയ്‌തു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ ഒളിവിൽ കഴിഞ്ഞിരുന്ന ഗോകുൽ ഇന്നലെ ഉച്ചയോടെ കോളേജിൽ പരീക്ഷ എഴുതാൻ എത്തിയിരുന്നു. നാലാം വർഷത്തെ സപ്ലിമെന്ററി പരീക്ഷ എഴുതാനാണ് ഗോകുൽ കോളേജിലെത്തിയത്. ഇയാൾ എത്തിയ വിവരം കെ.എസ്.യു പ്രവർത്തകർ മെഡിക്കൽ കോളേജ് പൊലീസിനെ അറിയിച്ചു. ഗോകുലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് കാമ്പസിനകത്ത് പ്രവേശിച്ചെങ്കിലും പ്രിൻസിപ്പൽ സമ്മതിച്ചില്ല. തുടർന്ന് പരീക്ഷ കഴിയുന്നതുവരെ പൊലീസ് പുറത്ത് കാത്തുനിന്നു. പരീക്ഷ കഴിഞ്ഞപ്പോൾ ഗോകുലിന്റെ അച്ഛൻ ഹാളിലേക്കെത്തി ഗോകുലിനെയും കൂട്ടി പുറത്തേക്ക് പോവുകയായിരുന്നെന്ന് കെ.എസ്.യു പ്രവർത്തകർ പറഞ്ഞു. ഇരുചക്രവാഹനത്തിൽ പുറത്തേക്ക് എത്തിയ ഗോകുലിനെ വളഞ്ഞാണ് പൊലീസ് പിടികൂടിയത്. വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായി. മെഡിക്കൽ കോളജ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടയിൽ മറ്റു ചിലർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് വിരട്ടിയോടിച്ചു. കേസിലെ നാലാം പ്രതിയാണ് ഗോകുലെന്ന് പൊലീസ് പറഞ്ഞു. രാത്രിയോടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement