പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നൽകും

Thursday 31 March 2022 12:50 AM IST

കൊച്ചി: മൊബൈൽ മോഷ്‌ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടുവയസുകാരിക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും എന്നാൽ തുക പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കാൻ അനുവദിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പെൺകുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ നൽകിയ സർക്കാർ ഇന്നലെ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ നിലപാട് മാറ്റുകയായിരുന്നു.

ആദ്യം സർക്കാർ നഷ്ടപരിഹാരം നൽകാൻ തയ്യാറാവണമെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്തു വീഴ്‌ചയുണ്ടെന്നും ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്‌ചയ്ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്നുമാണ് സർക്കാർ അഭിഭാഷകൻ വാദിച്ചത്. അപ്പീൽ ഡിവിഷൻ ബെഞ്ച് മദ്ധ്യവേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.

തുമ്പ വി.എസ്.എസ്.സിയിലേക്ക് കൂറ്റൻ കാർഗോ കൊണ്ടു പോകുന്നതു കാണാൻ തോന്നയ്ക്കൽ സ്വദേശിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം ആറ്റിങ്ങൽ മൂന്നു മുക്ക് ജംഗ്ഷനിൽ എത്തിയപ്പോൾ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചെന്നായിരുന്നു പരാതി.

Advertisement
Advertisement