ലോകായുക്ത ഓർഡിനൻസ്: മന്ത്രിസഭയിൽ എതിർത്തും വഴങ്ങിയും സി.പി.ഐ

Thursday 31 March 2022 12:58 AM IST

ബിൽ നിയമസഭയിലെത്തും മുമ്പ്
ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

ഒൻപത് ഓർഡിനൻസുകൾ
പുനർവിളംബരം ചെയ്യാൻ ശുപാർശ

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന വിവാദ ഓർഡിനൻസ് മന്ത്രിസഭായോഗത്തിൽ പുനർവിളംബരം ചെയ്യാൻ പരിഗണിച്ചപ്പോൾ സി.പി.ഐ മന്ത്രിമാർ എതിർത്തു. നിയമസഭയിൽ ബില്ലായി അവതരിപ്പിക്കുന്നതിന് മുമ്പ് തുറന്ന ചർച്ച നടത്താമെന്ന് മുഖ്യമന്ത്രിയും മറ്റു രണ്ടു സി.പി.എം മന്ത്രിമാരും വ്യക്തമാക്കിയതോടെ അനുകൂലിച്ചു.

തുടർന്ന് ലോകായുക്ത ഭേദഗതി ഉൾപ്പെടെ കാലാവധി തീരുന്ന ഒമ്പത് ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നാളെയാണ് കാലാവധി തീരുന്നത്.

രാജ്യത്തെ ഏറ്റവും ശക്തമായ കേരള ലോകായുക്ത നിയമത്തിൽ വെള്ളം ചേർക്കുന്നത് ശരിയല്ലെന്ന പാർട്ടി നിലപാട്, കെ. രാജന്റെ നേതൃത്വത്തിലാണ് സി.പി.ഐ മന്ത്രിമാർ വ്യക്തമാക്കിയത്. ഓർഡിനൻസിന് മന്ത്രിസഭ തീരുമാനിച്ചത് തിടുക്കത്തിലായിപ്പോയി. അന്ന് നിലപാട് വ്യക്തമാക്കാൻ സാധിച്ചില്ല. ഇടതുപക്ഷ സർക്കാർ പാസാക്കിയ 98ലെ ലോകായുക്ത നിയമം ഇടതുപക്ഷത്തിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതായിരുന്നുവെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.

ബില്ലായി വരുമ്പോൾ വിശദാംശങ്ങൾ ചർച്ച ചെയ്യാമല്ലോയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കാലാവധി തീരുന്ന ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യണമെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടരുതെന്നും രാജീവ് പറഞ്ഞു. മറ്റ് ഓർഡിനൻസുകളുടെ കൂട്ടത്തിൽ ഇതും പുനർവിളംബരം ചെയ്യാൻ സഹകരിക്കണമെന്നും ബിൽ വരുംമുമ്പ് തുറന്ന ചർച്ചയാവാമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ നിർദ്ദേശിച്ചു. ബിൽ വരുമ്പോൾ നമുക്ക് വിശദമായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതോടെ സി.പി.ഐ മന്ത്രിമാർ അനുകൂലിക്കുകയായിരുന്നു.

വിധി നിരസിക്കാനുള്ള അധികാരം വിവാദമായി

 അധികാരസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർക്കെതിരായ അഴിമതിക്കേസുകൾ തെളിയിക്കപ്പെട്ടാൽ അവർ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്ത വിധിച്ചാലും ബന്ധപ്പെട്ട അധികാരികൾക്ക് ഹിയറിംഗ് നടത്തി വിധി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന ഭേദഗതിയാണ് വിവാദം സൃഷ്ടിച്ചത്.

 പൊതുപ്രവർത്തകർക്കെതിരായ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യേണ്ട ലോകായുക്തയെ ഉപദേശകപദവിയിലേക്ക് തരംതാഴ്‌ത്തിയെന്നും അഴിമതിക്കേസുകളെ ഭയന്നാണ് സർക്കാർ നടപടിയെന്നും പ്രതിപക്ഷം വിമർശിച്ചു.

 കൂടിയാലോചനകളില്ലാതെ വരുത്തിയ ഭേദഗതി സംശയമുണർത്തുന്നുവെന്ന് സി.പി.ഐ പരസ്യമായി വിമർശിച്ചത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.

 ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചതോടെ വിവാദത്തിന് താത്കാലിക ശമനമായെങ്കിലും ഭേദഗതിയിലുള്ള അതൃപ്തി പിന്നീട് ചേർന്ന മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർ അറിയിച്ചിരുന്നു.

Advertisement
Advertisement