ഫ്രാങ്കോയെ വെറുതേ വിട്ടതിനെതിരെ സർക്കാരിന്റെ അപ്പീൽ

Thursday 31 March 2022 12:12 AM IST

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ട വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പീഡനത്തിനിരയായ കന്യാസ്ത്രീയും അപ്പീൽ നൽകിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെയാണ് പബ്ളിക് പ്രോസിക്യൂട്ടർ അപ്പീൽ നൽകിയത്.

തെളിവുകൾ ശരിയായി വിലയിരുത്താതെയും വസ്തുതകളും നിയമങ്ങളും തെറ്റായി വ്യാഖ്യാനിച്ചുമാണ് വിചാരണക്കോടതി പ്രതിയെ വെറുതേ വിട്ടതെന്ന് സർക്കാരിന്റെ അപ്പീലിൽ പറയുന്നു. കോട്ടയം സെഷൻസ് കോടതിയുടെ ജനുവരി 14ലെ ഈ വിധി റദ്ദാക്കി ഫ്രാങ്കോയെ കുറ്റക്കാരനായി പ്രഖ്യാപിക്കണം.

കന്യാസ്ത്രീയെ ബിഷപ്പ് 13 തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇരയുടെയും കേസിലെ സാക്ഷികളുടെയും മൊഴികളിൽ നിന്ന് ബിഷപ്പ് ഇവരെ പീഡിപ്പിച്ചെന്ന് വ്യക്തമാണ്. രണ്ടു മുതൽ ഒമ്പതു വരെ സാക്ഷികളുടെ മൊഴികളും പീഡനം ശരിവയ്ക്കുന്നു. കന്യാസ്ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയിട്ടുണ്ട്. പീഡനം നടന്ന ദിനങ്ങളിലൊക്കെ ബിഷപ്പ് ഇവിടെയുണ്ടായിരുന്നതിനു തെളിവുണ്ട്.

കന്യാസ്ത്രീ ആദ്യം നൽകിയ മൊഴിയിൽ എല്ലാ വിവരങ്ങളുമില്ലെന്ന് വിലയിരുത്തിയാണ് മൊഴികൾ വിചാരണക്കോടതി തള്ളിയത്. രണ്ടു മുതൽ ഒമ്പതു വരെയുള്ള സാക്ഷികൾ നൽകിയ തെളിവുകളും കോടതി തള്ളിക്കളഞ്ഞു. ഇര നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽത്തന്നെ ബിഷപ്പ് കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കാനാവുമായിരുന്നെന്നും അപ്പീലിൽ പറയുന്നു.

Advertisement
Advertisement