മൃഗം പറയുന്നു ​; മനുഷ്യനെ ഞങ്ങളോട് ഉപമിക്കരുത്

Thursday 31 March 2022 1:43 AM IST

മനുഷ്യൻ അധഃപതിച്ചാൽ മൃഗമാകുമെന്നു പറയാറുണ്ട്. ഏത് അർത്ഥത്തിലാണ് ഈ പ്രയോഗമെന്ന് സംസാരശേഷിയുണ്ടായിരുന്നെങ്കിൽ ഏതെങ്കിലും മൃഗം മനുഷ്യനോട് തിരിച്ച് ചോദിക്കുമായിരുന്നു.

മൃഗങ്ങളൊരിക്കലും സ്വന്തം മക്കളെ ചുട്ടുകൊല്ലില്ല. നിസാര തർക്കത്തിന് വഴിപോക്കനെ വെടിവെച്ച് കൊല്ലില്ല. മാംസഭുക്കുകളായ ജീവികൾ പോലും ആഹാരത്തിന് വേണ്ടിയല്ലാതെ മറ്റൊന്നിനെ കൊല്ലില്ല.

മനുഷ്യനെ മൃഗത്തിൽ നിന്ന് വേർതിരിക്കുന്നത് നമ്മുടെ തലച്ചോറിൽ ഉയർന്നുനിൽക്കുന്ന പ്രീഫ്രോണ്ടൽ ലോബ് ആണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഈ പ്രീഫ്രോണ്ടൽ ലോബാണ് മനുഷ്യന് വിവേചനവും വിവേകവും ബുദ്ധിയും നൽകുന്നത്. ഇതാണ് മനുഷ്യനെ തെറ്റിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. മനുഷ്യമനസിന്റെ സെൻസർ ബോർഡാണിത്. എന്നാൽ വ്യക്തിത്വ വൈകല്യമുള്ള ആളുകളിൽ ഇവയുടെ പ്രവർത്തനത്തിൽ വ്യതിയാനം കാണും. ഇതിന്റെ പ്രവർത്തനം കുറയുമ്പോൾ അവർ ചെയ്യുന്നത് തെറ്റാണെന്നു തിരിച്ചറിയാനാവില്ല. ചെയ്താൽത്തന്നെ കുറ്റബോധം കാണില്ല. ഇതോടൊപ്പം ലഹരികൂടി ഉപയോഗിക്കുന്നവരാണെങ്കിൽ ആ സമയത്ത് എന്തു കുറ്റകൃത്യം ചെയ്യാനും ഇവർക്കു മടിയും കാണില്ല. ഇത്തരം രണ്ട് ഞെട്ടിക്കുന്ന കേസുകളാണ് ഇടുക്കി ജില്ലയിൽ കഴിഞ്ഞ ആഴ്ചകളിൽ വാർത്തകളിൽ നിറഞ്ഞത്.

ഇഷ്ടദാനം കൊടുത്ത വീടും പുരയിടവും തിരിച്ചുനൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ മകനെയും മകന്റെ ഭാര്യയെയും അവരുടെ രണ്ടു പെൺമക്കളെയും ഉറങ്ങിക്കിടക്കവേ എഴുപത്തിയൊൻപതുകാരനായ പിതാവ് ചുട്ടുകൊന്നതായിരുന്നു ഇതിൽ ആദ്യത്തെ ഭീകരമായ സംഭവം. തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്‌റിൻ (16), അസ്‌ന (13) എന്നിവരാണ് മരിച്ചത്. പ്രതി ആലിയക്കുന്നേൽ ഹമീദ് (79) ഇപ്പോൾ റിമാൻഡിലാണ്. 18ന് അർദ്ധരാത്രി 12.30നായിരുന്നു അരുംകൊല. ഹമീദിന്റെ വധഭീഷണി കാരണം ഫൈസലും കുടുംബവും ഒരു മുറിയിലായിരുന്നു ഉറക്കം. ഹമീദ് മറ്റൊരു മുറിയിലും. പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കേയാണ് കുടുംബം കൂട്ടക്കൊലയ്ക്ക് ഇരയായത്. സംഭവദിവസം രാവിലെ ഹമീദും ഫൈസലും തമ്മിൽ ഭക്ഷണത്തെ ചൊല്ലി വഴക്കുണ്ടായിരുന്നതായി പറയുന്നു. തന്നെ സംരക്ഷിക്കുന്നില്ലെന്നായിരുന്നു ഹമീദിന്റെ പരാതി. തൊട്ടടുത്ത് പലചരക്ക്- പച്ചക്കറി കട നടത്തുന്ന ഫൈസൽ വിൽക്കാനായി പെട്രോൾ കുപ്പികളിലാക്കി സൂക്ഷിച്ചിരുന്നു. ഫൈസലും കുടുംബവും പുറത്തുപോയ തക്കത്തിന് പത്തുകുപ്പി പെട്രോൾ ഹമീദ് എടുത്തുമാറ്റി. രാത്രി തിരിത്തുണിയിട്ട് തീകൊളുത്തിയ രണ്ട് പെട്രോൾ കുപ്പികൾ ജനൽ വഴി ഇടുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടുകയും ടാങ്കിലെ വെള്ളം ഒഴുക്കി വിടുകയും ചെയ്തിരുന്നു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിബന്ധവും വിച്ഛേദിച്ചു. ഞെട്ടിയുണർന്ന ഫൈസലും കുടുംബവും കുളിമുറിയിൽ കയറിയെങ്കിലും തീയണയ്ക്കാൻ വെള്ളമുണ്ടായിരുന്നില്ല. ഇളയമകൾ അസ്‌ന അയൽവാസിയായ രാഹുലിനെ ഫോൺ വിളിച്ചു. രാഹുൽ മുൻവാതിൽ ചവിട്ടിത്തുറന്ന് കയറി. കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നെങ്കിലും തീ മുറിയാകെ പടർന്നതിനാൽ അകത്തേക്ക് കടക്കാനായില്ല. ഇതിനിടെ ഒരു കുപ്പി പെട്രോൾ കൂടി ഹമീദ് മുറിയിലേക്കെറിഞ്ഞു. രാഹുൽ തടഞ്ഞതോടെ പുറത്തിറങ്ങി ജനൽ വഴി മറ്റൊരു കുപ്പി പെട്രോളും മുറിയിലേക്കിട്ടശേഷം സ്ഥലംവിട്ടു. രണ്ട് പെൺമക്കളെയും ഇരുകൈകൾ കൊണ്ടും കെട്ടിപിടിച്ച നിലയിലായിരുന്നു ഫൈസലിന്റെ മൃതദേഹം.

ഇതിന്റെ ഞെട്ടലിൽ നിന്ന് മോചിതരാകും മുമ്പാണ് ഹോട്ടലിൽ ബീഫ് ഇല്ലെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നിരപരാധിയായ വഴിപോക്കനെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ ബീഫ് കഴിക്കാനെത്തിയ മൂലമറ്റം മാവേലിപുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിന്റെ (33) വെടിയേറ്റാണ് ഇടുക്കി കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ പാട്ടത്തിൽ സനൽ ബാബു (ജബ്ബാർ- 32) കൊല്ലപ്പെട്ടത്. സുഹൃത്ത് മൂലമറ്റം കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരന് (32) ഗുരുതരമായി പരിക്കേറ്റു. ഹോട്ടൽ നടത്തിപ്പുകാർക്കെതിരെ തട്ടിക്കയറിയ മാർട്ടിനെ അവിടെ ആഹാരം കഴിക്കാനെത്തിയ ചിലരും കൈകാര്യം ചെയ്‌തോടെ വീട്ടിൽപ്പോയി തോക്കെടുത്തു കൊണ്ടുവരുകയായിരുന്നു. ഹോട്ടലിനു മുന്നിൽ ആകാശത്തേക്ക് വെടിവെച്ചശേഷം മടങ്ങിയെങ്കിലും സമീപസ്ഥലത്തുവച്ച് വീണ്ടും സംഘർഷമുണ്ടായതോടെയാണ് ആൾക്കൂട്ടത്തിനുനേരെ നേരെ വെടിയുതിർത്തത്. ലൈസൻസില്ലാത്ത നാടൻ തോക്കാണ് കൈവശമുണ്ടായിരുന്നത്. ഈ സമയം സ്‌കൂട്ടറിൽ വരികയായിരുന്നു സനൽ ബാബുവും പ്രദീപ് പുഷ്‌കരനും. കഴുത്തിന് വെടിയേറ്റ സനൽ ഉടൻ മരിച്ചു. തലയിലും വയറിലുമാണ് പ്രദീപിന് വെടിയേറ്റത്. ഇരുവരും സുഹൃത്തിന്റെ വീട്ടിൽപ്പോയി ഭക്ഷണം പൊതിഞ്ഞെടുത്ത് മടങ്ങുകയായിരുന്നു.

എന്തുകൊണ്ട്

ക്രൂരത

വർദ്ധിക്കുന്നു?​

എന്തുകൊണ്ട് ഇത്തരം കേസുകൾ മലയോര ജില്ലയായ ഇടുക്കിയിൽ വർദ്ധിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് പുതിയൊരു സംഗതിയല്ല. കൊവിഡ് സാഹര്യവും ഈ അവസ്ഥ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. എല്ലാവരും വീടുകളിൽ അടഞ്ഞുകൂടിയിരിക്കുന്ന സമയത്തായിരുന്നു ഗാർഹികകുറ്റകൃത്യങ്ങളുടെ വേലിയേറ്റമുണ്ടായത്. എല്ലാവരും വീട്ടിൽ ഒറ്റക്കിരിക്കുന്നു. വരുമാനം ഇല്ലാതായി. ഹോട്ടലും ചെറിയ സംരംഭങ്ങളുമെല്ലാം അടഞ്ഞുകിടന്നു. സാമ്പത്തികമായ അരാജകത്വം. എല്ലാവരും വീട്ടിൽ വീർപ്പുമുട്ടേണ്ട അവസ്ഥ. ഭാര്യയും മക്കളും ഭർത്താവും നാലുചുവരുകൾക്കിടയിൽ ഒതുങ്ങികൂടിയപ്പോൾ പരസ്പര ഭിന്നതകളും കലഹവും കൂടി. കൊലയും കൊള്ളയും ലഹരിവസ്തുക്കളുടെ ഉപയോഗവും സ്ത്രീപീഡനവുമെല്ലാം വർദ്ധിച്ചു. മദ്യപാനം, ലഹരി ഉപയോഗം എന്നിവയെല്ലാം കൊവിഡ് കാലത്ത് കൂടുകയായിരുന്നു. ഒരിക്കലും മദ്യപിക്കാത്തവരും മദ്യപിച്ചു തുടങ്ങി. ബോറഡി മാറ്റാൻ തുടങ്ങിയതാണ് പലരും. കഞ്ചാവ് വലി തുടങ്ങി. സംഘർഷങ്ങൾ കാരണമാണ് പലരും ലഹരിയുടെ വഴികളിലേക്കു പോയത്. പലരുടെയും മനസിന്റെ സമനില തെറ്റിക്കുന്ന ഘടകങ്ങളും ഇതൊക്കെതന്നെയാണ്.

മനഃശാസ്ത്ര വിഷയം

സ്വന്തം കൂടെപ്പിറപ്പുകളെയും മക്കളെയുമൊക്കെ മന:സാക്ഷിക്കുത്തില്ലാതെ കൊല്ലാൻ സാധിക്കണമെങ്കിൽ തീർച്ചയായും അത് ചെയ്യുന്നയാൾക്ക് സ്വഭാവവൈകല്യമുണ്ടായിരിക്കണം. ഇവരുടെ പെരുമാറ്റ രീതികൾ വിചിത്രമാണ്. ചെയ്യുന്നത് തെറ്റാണെന്ന തോന്നലേയില്ല. വ്യക്തിത്വവൈകല്യ രോഗം എന്നു പറയാനുള്ള തെളിവുകൾ എല്ലാ കേസിലും ഇല്ലെങ്കിലും ഇവയുടെ പിന്നിലെ ചേതോവികാരം ആന്റി സോഷ്യൽ പെഴ്‌സണാലിറ്റി എലമെന്റ് (വ്യക്തിത്വ സാമൂഹ്യവിരുദ്ധ ഘടകം) ആണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഇത് പഠനവിധേയമാക്കേണ്ടതാണ്.

വ്യവസ്ഥിതി മാറണം

നമ്മുടെ നിയമവ്യവസ്ഥിതി ഇതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതും പ്രധാനമാണ്. എന്തുക്രൂരകൃത്യം ചെയ്താലും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാമെന്ന ധാരണ ജനങ്ങളിലുണ്ടായിട്ടുണ്ട്. എത്രവലിയ കുറ്റകൃതം ചെയ്താലും പ്രതിക്ക് ഉടനെ അർഹമായ ശിക്ഷ ലഭിക്കാനുള്ള നിയമവ്യവസ്ഥിതി നമ്മുടെ നാട്ടിലില്ല. കുറ്റകൃത്യം നടന്ന് പത്തും പതിനഞ്ചും വർഷം വരെ കാത്തിരിക്കണം വിധി വരാൻ. പല കേസുകളും തള്ളിപ്പോകുന്നു. പ്രതികളും ഇരകളും മരിച്ചുപോകുന്നു. ഇവിടെയാണ് ഫാസ്റ്റ്‌ട്രാക്ക് കോടതികൾ അടിയന്തരമായി വരണമെന്ന വാദം ശക്തമാകുന്നത്. വളരെ പെട്ടെന്ന് ശിക്ഷ ലഭിക്കുമെന്ന ബോധം സമൂഹത്തിനുണ്ടാക്കി കൊടുക്കണം. എങ്കിൽ മാത്രമേ ഒരു പരിധിവരെ ഇത്തരം കുറ്റകൃത്യങ്ങൾ കുറയാൻ സഹായകമാവൂ.

Advertisement
Advertisement