സി.പി.എം പാർട്ടി കോൺഗ്രസ് സയൻസ് എക്സ്പോയ്ക്ക് തുടക്കം: ശാസ്ത്രത്തെ വികൃതമാക്കാൻ ആസൂത്രിത ശ്രമം: ഡോ: സാബു തോമസ്

Saturday 02 April 2022 9:58 PM IST
ധർമ്മശാല ആന്തൂർ നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സയൻസ്‌ എക്‌സ്‌പോ ഉദ്‌ഘാടനം എം.ജി. സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സാബു തോമസ് നിർവഹിക്കുന്നു

കണ്ണൂർ:ശാസ്‌ത്രത്തെ വികൃതമാക്കാൻ രാജ്യത്ത്‌ ആസൂത്രിതശ്രമം നടക്കുന്നുവെന്ന്‌ എം.ജി. സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു.. മനുഷ്യവികാസത്തിന്‌ അടിസ്ഥാനമായ ശാസ്‌ത്രത്തെ പുരാണവുമായി ചേർത്ത്‌ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. സമൂഹത്തെ മുന്നോട്ട്‌നയിക്കേണ്ടത്‌ ശാസ്‌ത്ര സാങ്കേതികവിദ്യയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ധർമ്മശാല ആന്തൂർ നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സയൻസ്‌ എക്‌സ്‌പോ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതുതലമുറയിൽ വിമർശനാത്മക ചിന്ത വളർത്തുകയാണ്‌ പ്രധാനം. ശാസ്‌ത്രത്തിന്റെയും ചരിത്രത്തിന്റെയും സാമൂഹ്യ ശാസ്‌ത്രത്തിന്റെയും അടിസ്ഥാന ഗ്രന്ഥങ്ങൾ വായിക്കണം. ക്ലാസ്‌ മുറികളിലെ പാഠപുസ്‌തകങ്ങൾ നൽകുന്ന അറിവുകൾ പരിമിതമാണ്‌. ഒരു വിഷയം പഠിച്ചാൽ ആ വിഷയത്തിൽ നൈപുണി ആർജിക്കാൻ കഴിഞ്ഞോ എന്നതാണ്‌ പരിശോധിക്കേണ്ടത്‌. ഗവേഷണപ്രവർത്തനങ്ങൾ പ്രോത്സഹിപ്പിച്ച്‌ കൂടുതൽ പേറ്റന്റുകൾ നേടാൻ കേരളത്തിന്റെ കുട്ടികളെയും പ്രാപ്‌തരാക്കണം. ഉന്നതവിദ്യാഭ്യാസമേഖലയിൽ പുതുക്കിപ്പണിയാനുള്ള പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ തുടക്കമിട്ടുകഴിഞ്ഞുവെന്നും സാബു തോമസ് പറഞ്ഞു.

സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ. ശ്യാമള അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല പ്രൊ. വൈസ്‌ ചാൻസലർ ഡോ.എ. സാബു, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ്‌, ജില്ലാ സെക്രട്ടറിയറ്റംഗം ടി.കെ.ഗോവിന്ദൻ, ഏരിയാ സെക്രട്ടറി, ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ, സയൻസ്‌പാർക്‌ ഡയറക്ടർ എ.വി.അജയകുമാർ, ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, എക്‌സ്‌പോ ചെയർമാൻ സി അശോക്‌ കുമാർ എന്നിവർ സംസാരിച്ചു. കൺവീനർ ഷിബിൻ കാനായി സ്വാഗതം പറഞ്ഞു. ലേസർ ഷോയും വയലിൽ ഫ്യൂഷനും ഇന്നലെ അരങ്ങേറി.

ഇന്ന്വൈകീട്ട്‌ മൂന്നിന്‌ ‘വിദ്യാഭ്യാസ–-സാംസ്‌കാരിക മേഖലയിലെ കാവിവൽക്കരണം’ സെമിനാർ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്ത്‌, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു എന്നിവർ സംസാരിക്കും

Advertisement
Advertisement