അപ്പം അഞ്ച്, മുട്ടക്കറി രണ്ട്; വില 184 രൂപ; വലിയ വില എന്ന് എം.എൽ.എ: പണം നൽകിയില്ലെന്ന് ഹോട്ടലുടമ

Sunday 03 April 2022 12:36 AM IST

ആലപ്പുഴ: കണിച്ചുകുളങ്ങരയിലെ പീപ്പിൾസ് ഹോട്ടലിൽ ആഹാരത്തിന് വലിയ വിലയാണെന്ന് പരാതി നൽകിയ പി.പി. ചിത്തരഞ്ജൻ എം.എൽ.എ പണം നൽകിയില്ലെന്ന് ഉടമ തോമസ് ആരോപിച്ചു. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ വാങ്ങിയെന്നാണ് കളക്‌ടർക്ക് എം.എൽ.എ നൽകിയ പരാതിയിലുള്ളത്. പരാതിയിൽ ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ ഇന്ന് അന്വേഷണ റിപ്പോർട്ട് കൈമാറും. മെനു കാർഡിലെ ന്യായമായ വില മാത്രമാണ് ബില്ലിലുള്ളതെന്നാണ് തോമസ് പറയുന്നത്.

 ഫാനിട്ടാൽ പറക്കുന്ന അപ്പമെന്ന് എം.എൽ.എ

ഫാൻ സ്‌പീഡ് കൂട്ടിയാൽ പറക്കുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ്. നാലര രൂപ വിലയുള്ള മുട്ടയും അല്പം ഗ്രേവിയും നൽകിയതിന് 50 രൂപ. സ്റ്റാർ ഹോട്ടലല്ല. എ.സി. ഹോട്ടലാണെന്ന് പറയുന്നെങ്കിലും അതില്ലായിരുന്നു. വിലവിവര പട്ടിക പ്രദർശിപ്പിച്ചിരുന്നില്ല. അമിതവില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കണം.

 മൂന്ന് വർഷമായി വില കൂട്ടിയിട്ടില്ലെന്ന് ഉടമ

വേഗത്തിലെത്തിയ രണ്ടു പേർക്ക് മെനു നൽകിയെങ്കിലും അതൊന്നും കാണേണ്ട അപ്പവും മുട്ടക്കറിയും നൽകാൻ ആവശ്യപ്പെട്ടു. എം.എൽ.എയെ തിരിച്ചറിയാൻ കഴിയാതിരുന്നത് വീഴ്ചയാണ്. ബിൽ നൽകിയതോടെ കൗണ്ടറിലെത്തി താൻ എം.എൽ.എയാണെന്നും അന്യായ വിലയാണെന്നും പറഞ്ഞ് പണം നൽകിയില്ല. ബിൽ തിരിച്ചു വാങ്ങി പരാതി നൽകുമെന്നറിയിച്ച് മടങ്ങി. മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും സ്ഥിരമായെത്തുന്ന ഹോട്ടലാണ്. ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ല. മൂന്ന് വർഷമായി വില കൂട്ടിയിട്ടില്ല. ഹോട്ടൽ വാടകയ്‌ക്ക് എടുത്താണ് നടത്തുന്നത്. എം.എൽ.എയെ തിരിച്ചറിയാത്തതിന്റെ പേരിൽ ദ്രോഹിക്കരുതെന്നും തോമസ് പറഞ്ഞു.

Advertisement
Advertisement