ശ്രീ​കു​രും​ബ​ക്കാ​വി​ൽ​ ​അ​ശ്വ​തി​ ​കാ​വു​തീ​ണ്ട​ൽ​ ​ഇ​ന്ന്‌

Sunday 03 April 2022 12:42 AM IST

കൊ​ടു​ങ്ങ​ല്ലൂ​ർ​:​ ​ശ്രീ​ക​രും​ബ​ക്കാ​വി​ൽ​ ​കോ​മ​ര​ങ്ങ​ളു​ടെ​ ​കാ​വേ​റ്റം.​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഭ​ര​ണി​യു​ടെ​ ​പ്ര​ധാ​ന​ ​ച​ട​ങ്ങാ​യ​ ​അ​ശ്വ​തി​ ​കാ​വു​തീ​ണ്ടാ​നാ​യി​ ​ആ​യി​ര​ങ്ങ​ൾ​ ​കാ​വി​ലെ​ത്തി.​ ​ഇ​ന്ന​ലെ​ ​വൈ​കീ​ട്ട് ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ​ ​രേ​വ​തി​ ​വി​ള​ക്കി​ന്റെ​ ​പൊ​ൻ​വെ​ട്ടം​ ​കു​രും​ബ​ക്കാ​വി​നെ​ ​ധ​ന്യ​മാ​ക്കി.​ ​കാ​ളി​ ​ദാ​രി​ക​ ​യു​ദ്ധ​ത്തി​ൽ​ ​കാ​ളി,​ ​ദാ​രി​ക​നെ​ ​വ​ധി​ച്ച് ​അ​ധ​ർ​മ​ത്തി​നു​മേ​ൽ​ ​സ​ത്യം​ ​വി​ജ​യി​ച്ച​തി​ന്റെ​ ​ഓ​ർ​മ്മ​യാ​യാ​ണ് ​രേ​വ​തി​ ​വി​ള​ക്ക് ​തെ​ളി​ക്കു​ന്നെ​തെ​ന്നാ​ണ് ​ഐ​തി​ഹ്യം.
കൂ​ട്ടം​ ​കൂ​ടി​യെ​ത്തി​യ​ ​കോ​മ​ര​ങ്ങ​ൾ​ ​കാ​വാ​കെ​ ​ഉ​റ​ഞ്ഞു​തു​ള്ളി​ ​വ​ലം​വ​ച്ച് ​വ​ട​ക്കെ​ന​ട​യി​ലെ​ ​ദീ​പ​സ്തം​ഭ​ത്തി​നു​ ​മു​ന്നി​ൽ​ ​നി​ല​യു​റ​പ്പി​ച്ചു.​ ​രേ​വ​തി​ ​വി​ള​ക്ക് ​തെ​ളി​ഞ്ഞ​തോ​ടെ​ ​കോ​മ​ര​ങ്ങ​ൾ​ ​ആ​ർ​ത്തി​ര​മ്പി​ ​വെ​ട്ടി​യു​റ​ഞ്ഞു.​ ​ഇ​ന്നാ​ണ് ​ഭ​ര​ണി​യു​ത്സ​വ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ച​ട​ങ്ങാ​യ​ ​അ​ശ്വ​തി​ ​കാ​വു​ ​തീ​ണ്ട​ൽ.​ ​രാ​വി​ലെ​ 11​ന് ​ക്ഷേ​ത്ര​ത്തി​ൽ​ ​ഉ​ച്ച​പൂ​ജ​ ​ക​ഴി​ഞ്ഞ് ​ന​ട​യ​ട​ക്കും.​ ​തു​ട​ർ​ന്ന് ​ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ​പ്ര​സി​ദ്ധ​മാ​യ​ ​തൃ​ച്ച​ന്ദ​ന​ച്ചാ​ർ​ത്ത് ​പൂ​ജ​ ​ആ​രം​ഭി​ക്കും.​ ​അ​വ​കാ​ശി​ക​ളാ​യ​ ​വി​വി​ധ​ ​മ​ഠ​ങ്ങ​ളി​ലെ​ ​അ​ടി​ക​ൾ​മാ​ർ​ ​പൂ​ജ​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കും.
മൂ​ന്നു​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​നീ​ളു​ന്ന​ ​പൂ​ജ​ ​ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ​ന​ട​ക്കു​മ്പോ​ൾ​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലു​ള്ള​ ​കോ​മ​ര​ങ്ങ​ൾ​ ​ഉ​റ​ഞ്ഞു​തു​ള്ളും.​ ​ഉ​ച്ച​പൂ​ജ​ ​ക​ഴി​ഞ്ഞ് ​ക്ഷേ​ത്ര​ന​ട​ക​ൾ​ ​അ​ട​യ്ക്കു​ന്ന​തി​നു​ ​മു​മ്പേ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​വ​ലി​യ​ ​ത​മ്പു​രാ​ൻ​ ​രാ​ജ​പ​ല്ല​ക്കി​ൽ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​കി​ഴ​ക്കെ​ന​ട​യി​ലു​ള്ള​ ​ബ​ലി​ക്ക​ൽ​പ്പു​ര​യി​ൽ​ ​എ​ഴു​ന്ന​ള്ളും.​ ​ഇ​തോ​ടൊ​പ്പം​ ​പാ​ല​യ്ക്കു​ ​വേ​ല​നും​ ​ത​ന്റെ​ ​പ​ര​മ്പ​രാ​ഗ​ത​ ​വേ​ഷ​ത്തി​ൽ​ ​പ​ടി​ഞ്ഞാ​റെ​ ​ന​ട​യി​ൽ​ ​എ​ഴു​ന്ന​ള്ളി​ ​പീ​ഡം​ ​ഇ​ട്ടി​രി​ക്കും.
ക്ഷേ​ത്ര​ത്തി​ലെ​ ​പൂ​ജ​ക​ൾ​ ​ക​ഴി​യു​ന്ന​തോ​ടെ​ ​വ​ട​ക്കെ​ന​ട​ ​അ​ട​ച്ച് ​അ​ടി​ക​ൾ​മാ​ർ​ ​പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ​ ​വ​ലി​യ​ത​മ്പു​രാ​ൻ​ ​തൃ​ച്ച​ന്ദ​ന​ച്ചാ​ർ​ത്ത് ​പൂ​ജ​ക​ൾ​ക്ക് ​അ​നു​വാ​ദം​ ​ന​ൽ​കും.​ ​പൂ​ജ​ക​ൾ​ ​ക​ഴി​ഞ്ഞ് ​അ​ടി​ക​ൾ​മാ​ർ​ ​പു​റ​ത്തി​റ​ങ്ങി​യാ​ൽ​ ​വ​ലി​യ​ ​ത​മ്പു​രാ​ൻ​ ​ത​ന്ത്രി​ക​ൾ​ക്കും​ ​മ​റ്റും​ ​അ​ധി​കാ​ര​ദ​ണ്ഡു​ക​ൾ​ ​ന​ൽ​കി​ ​പു​റ​ത്തി​റ​ങ്ങി​ ​കി​ഴ​ക്കെ​ന​ട​യും​ ​അ​ട​യു​ന്ന​തോ​ടെ​ ​വ​ലി​യ​ ​ത​മ്പു​രാ​ൻ​ ​കാ​വു​തീ​ണ്ട​ലി​ന് ​അ​നു​മ​തി​ ​ന​ൽ​കും.​ ​അ​തോ​ടെ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​കോ​മ​ര​ങ്ങ​ൾ​ ​കാ​വു​തീ​ണ്ടും​ .​ ​അ​ശ്വ​തി​ ​കാ​വു​തീ​ണ്ടി​ ​ഒ​രാ​ഴ്ച​ ​ക​ഴി​ഞ്ഞാ​ണ് ​ദ​ർ​ശ​ന​ത്തി​നാ​യി​ ​ക്ഷേ​ത്ര​ ​ന​ട​ ​തു​റ​ക്കു​ക.

നി​രോ​ധ​നം​ ​ലം​ഘി​ച്ച് ​കോ​ഴി​യെ​ ബ​ലി​യ​ർ​പ്പി​ച്ച​ രണ്ടുപേർ അ​റ​സ്റ്റിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനിടെ നിരോധനം ലംഘിച്ച് കോഴിയെ ബലിയറുത്ത രണ്ടുപേർ അറസ്റ്റിൽ. ചങ്ങമ്പള്ളി കളരിയിൽ ഉൾപ്പെട്ട തൃശൂർ പുത്തുർ ക്രിസ്റ്റോ എന്ന ആദിത്യനാഥ് സുരേന്ദ്രൻ (26), അങ്കമാലി സ്വദേശി സുനിൽ തണ്ടാശേരി (34) എന്നിവരാണ് അറസ്റ്റിലായത്.

വടക്കെ നടയിലെ കോഴിക്കല്ലിൽ കോഴിയെ സമർപ്പിക്കാൻ വന്നതാണെന്ന വ്യാജേന എത്തിയ ഇവർ കോഴിയെ ബലിയറുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഇരുവരെയും കൈയോടെ കസ്റ്റഡിയിലെടുത്തു. രാവിലെ എഴോടെയാണ് സംഭവം.

ക്ഷേത്രത്തിൽ ജന്തുബലി നിരോധന നിയമപ്രകാരം കോഴിയെ അറുക്കൽ നിരോധിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ കോഴിക്കല്ല് മൂടൽ ചടങ്ങിലെത്തിയത്. ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്നതാണ് ചടങ്ങ്. കഴിഞ്ഞ വർഷവും സമാന സംഭവം ഉണ്ടായിരുന്നു. കോഴിയെ അറുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മലപ്പുറം കീഴാറ്റൂരിലെ ആദിമാർഗി മഹാമഹാ ചണ്ഡാള ബാബ മലവാരി മാതൃകുല ധർമരക്ഷ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒൻപത് പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2019ൽ ഒരു സംഘടനയുടെ പേരിൽ കോഴിബലി പുനരാരംഭിക്കാൻ ആഹ്വാനമുണ്ടായിരുന്നു. തുടർന്ന് ഭരണിയാഘോഷത്തിനിടെ ഒരു സംഘം കോഴിയെ അറുത്തെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.

Advertisement
Advertisement