ഓട്ടം പിഴച്ചാൽ പെറ്റി ഓട്ടോമാറ്റിക്കായെത്തും.

Monday 04 April 2022 12:44 AM IST

കോട്ടയം . വഴിയിൽ പെറ്റിയുടെ മഞ്ഞക്കടലാസുമായി കാത്ത് നിൽക്കില്ല, പിടിക്കപ്പെട്ടാൽ കരഞ്ഞ് കാലുപിടിക്കാനും കഴിയില്ല. എല്ലാം ഒരാൾ മുകളിലിരുന്ന് കാണും. ജില്ലയുടെ വിവിധയിടങ്ങളിൽ സ്ഥാപിച്ച 44 ആ‌ർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ ഉടൻ പ്രവർത്തനസജ്ജമാകും.

ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ചാലും ഒരു വാഹനത്തിൽ രണ്ടിലേറെപ്പേർ പോയാലും കാമറകൾ കണ്ടെത്തും. കാറുകൾ ഓടിക്കുന്നയാളും മുന്നിൽ ഒപ്പമിരിക്കുന്നയാളും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും കാമറ പിടികൂടും. എന്നാൽ, അമിതവേഗം കണ്ടെത്താൻ കാമറകളിൽ സംവിധാനമില്ല. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ചിത്രങ്ങൾ പകർത്തി കൺട്രോൾ റൂമിൽ പരിശോധിക്കുന്നുണ്ട്. സർക്കാർ നിർദ്ദേശം വരുന്ന മുറയ്ക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ കാമറാ ദൃശ്യങ്ങൾ ആസ്പദമാക്കി നിയമനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.

മിഴി തുറക്കുന്നത് 44 കാമറകൾ.

ജില്ലയിലെ പ്രധാന ടൗണുകൾ, പ്രധാന വഴികൾ എന്നിവ കേന്ദ്രീകരിച്ചാണ് കാമറകൾ സ്ഥാപിച്ചിരുന്നത്. കാമറയുണ്ടെന്നറിഞ്ഞാൽ, പലരും താത്കാലികമായെങ്കിലും ഗതാഗത നിയമങ്ങൾ പാലിക്കും. കാമറ സാന്നിദ്ധ്യം കൊണ്ടു മാത്രം നിയമലംഘനങ്ങൾ കുറയുന്നുവെന്ന് കണ്ടാൽ പിന്നീട് കാമറകൾ പുന:ക്രമീകരിക്കാനും മോട്ടോർവാഹനവകുപ്പിന് പദ്ധതിയുണ്ട്.

കാമറകൾ ഇവിടെയൊക്കെ.
ളായിക്കാട് പാലം, കട്ടച്ചിറ, പാറേൽപള്ളി ജംഗ്ഷൻ, കണ്ണംപേരൂർ പാലം, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മണിപ്പുഴ, കോടിമത, കോട്ടയം ടൗൺ, നാഗമ്പടം പാലം, കഞ്ഞിക്കുഴി, സിഎംഎസ് കോളേജിന് സമീപം, പൈക ടൗൺ, ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷൻ, ഈരാറ്റുപേട്ട ആനിയിളപ്പ്, അരുവിത്തുറ പള്ളി, ഈരാറ്റുപേട്ട നടയ്ക്കൽ മുബാറക് മസ്ജിദിന് സമീപം, ഈരാറ്റുപേട്ട അൽമനാർ എച്ച്എസ്എസ്, ഈരാറ്റുപേട്ട മസ്ജിദ് നൂർ ജുമാമസ്ജിദിനു സമീപം , പാലാ ഹെഡ്‌പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, പാലാ ആർ വി ജംഗ്ഷൻ, പാലാ കെഎസ്ഇബി ഓഫീസിന് സമീപം, തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രി ജംഗ്ഷൻ, തലപ്പാറ ജംഗ്ഷൻ.

പ്രത്യേകതകൾ ഇവ.
ചെറിയ നിയമലംഘനങ്ങളും പിടിക്കപ്പെടും.

നോട്ടീസ് ഉടമകൾക്ക് വീട്ടിലെത്തും.

പിഴയടക്കാതിരിക്കാതെ മറ്റു വഴികളില്ല.

Advertisement
Advertisement