സെൽഫ് ഗോളടിച്ച് കോട്ട തകർക്കുമോ നേതാക്കൾ

Monday 04 April 2022 12:21 AM IST

ചുറ്റുവട്ടം. വി ജയകുമാറിന്റെ പ്രതിവാര കോളം

യുഡിഎഫിന്റെ പഴയ കോട്ടയാണെങ്കിലും ഗ്രൂപ്പുകളിയുടെ പേരിൽ അത് തകർക്കാൻ ചില നേതാക്കൾ കളത്തിലിറങ്ങി സെൽഫ് ഗോളടിക്കുന്ന കാഴ്ചകണ്ടുള്ള ഗാലറിയുടെ ആരവമാണ് കോട്ടയത്തിപ്പോൾ കേൾക്കുന്നത്. ഒരു കാര്യവും തന്നെ അറിയിക്കാറില്ലെന്ന പരാതിയുടെ കെട്ടഴിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പഴിചാരി കാപ്പൻ ചങ്കും വിരിച്ചു നിൽക്കുന്നതിനിടയിലാണ് ഐ എൻ ടി യു സി കോൺഗ്രസിന്റെ പോക്ഷകസംഘടനയല്ലെന്ന് മഹത്തായ പ്രഖ്യാപനം നടത്തി സതീശൻ പുലിവാൽ പിടിച്ചത്. സതീശനെ ചീത്ത വിളിച്ച് ഐ എൻ ടി യു സി പ്രവർത്തകർ പഴയ വിമോചന സമര ഭൂമിയായ ചങ്ങനാശേരിയിൽ പ്രതിഷേധ പ്രകടനവും നടത്തി. ഇതിന് പിറകെയാണ് സിൽവർലൈൻ സമരത്തിന്റെ തുടർച്ചയായി പ്രതിപക്ഷ നേതാവ് പങ്കെടുത്ത ജനകീയ സദസിൽ നിന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ടുനിന്നത്. പദവിയുടെ മഹത്വം ഉയർത്തിപ്പിടിക്കാനാണ് വിട്ടു നിന്നതെന്നും ചാത്തമുണ്ണാൻ പോകാറില്ലെന്നുമുള്ള മുള്ളും മുനയും വച്ച് പത്രസമ്മേളനം കൂടി സുരേഷ് നടത്തിയതോടെ അസ്വാസര്യം മറനീക്കി പുറത്ത് വന്നു.

ഫലത്തിൽ കോട്ടയത്തെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യം ആകെ മാറി മറിഞ്ഞു. ഇതെല്ലാം കണ്ട് ഇടതുമുന്നണി ആഹ്ലാദത്തിലാണ്. നാട്ടകം സുരേഷിന് പ്രസിഡന്റ് സ്ഥാനം കിട്ടിയത് തന്നെ കോട്ടയത്തെ ജാതി സമവാക്യചരിത്രം അട്ടിമറിച്ചായിരുന്നു. പാർട്ടി അണികളെ ഇളക്കിമറിക്കുന്ന പരിപാടികളും നടത്തിയതോടെ പലരുടെയും കണ്ണിലെ കരടായി. മാടപ്പള്ളിയിലും,​ നട്ടാശേരിയിലും സ്ഥാപിച്ച സിൽവർലൈൻ അടയാളക്കല്ല് പിഴുത് മാറ്റി സമരം ശക്തമാക്കിയത് സുരേഷിന്റെ നേതൃത്വത്തിലായിരുന്നു. എന്നിട്ടും കെ റെയിൽ വിരുദ്ധ ജനകീയ സദസ്സിൽ ക്ഷണം ലഭിച്ചെന്നാണ് പരാതി. ഘടകക്ഷികളും യുഡിഎഫിന്റെ ഈ പോക്കിൽ അസംതൃപ്തി രേഖപ്പെടുത്തി. എത്ര തല്ലുകിട്ടിയാലും നന്നാവില്ല അമ്മാവാ എന്ന അവസ്ഥയിൽ കോൺഗ്രസ് നിൽക്കുമ്പോൾ കോട്ടയവും പുതുപ്പള്ളിയും പിടിക്കാൻ നോക്കുന്ന സി പി എമ്മുകാർ എങ്ങനെ ചിരിക്കാതിരിക്കും.

Advertisement
Advertisement