എരിതീയിൽ എണ്ണയായി റേഷൻ മണ്ണെണ്ണയും; നട്ടം തിരിഞ്ഞ് കടയുടമകൾ

Sunday 03 April 2022 9:25 PM IST

തൃശൂർ: പാചകവാതകത്തിനും പെട്രോളിനും വില കൂട്ടിയതിന് പിന്നാലെ ഇരുട്ടടിയായി റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുമ്പോൾ, തീ തിന്നുകയാണ് കടയുടമകൾ. പഞ്ചായത്തിന്റെ കെട്ടിടനികുതി കൂട്ടിയതും സാധനങ്ങൾ സംഭരിക്കാൻ 350 സ്‌ക്വയർഫീറ്റ് മുറി വേണമെന്ന നിബന്ധനയുമാണ് കടയുടമകൾക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടിയുമായി.

മണ്ണെണ്ണയ്ക്ക് വില കൂടുന്നതോടെ വാങ്ങുന്നവർ വളരെ കുറയും. അതുകൊണ്ട് ഇത് സംഭരിച്ചുവെയ്ക്കാനും പ്രയാസമാകും. സെയിൽസ്മാന്റെ ശമ്പളവും മുറിവാടകയുമെല്ലാകുമ്പോൾ കമ്മിഷനായി മാസം പതിനായിരം രൂപ പോലുമില്ലാത്ത കടയുടമകളുണ്ടെന്ന് സംഘടനകൾ പറയുന്നു. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് ഈ മാസം മുതൽ 81 രൂപയായേക്കുമെന്നാണ് വിവരം. എന്നാൽ, ഇത്രയും ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാരും. ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണ വിതരണം ആരംഭിക്കുന്ന കാര്യം ഭക്ഷ്യപൊതുവിതരണ വകുപ്പ് പ്രഖ്യാപിക്കാത്തതിനാൽ വില വിവരം റേഷൻ കടകളിലെ ഇ പോസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസം ലിറ്ററിന് 53 രൂപയ്ക്കാണ് റേഷൻ മണ്ണെണ്ണ നൽകിയത്. ഇതിനിടെ ഫെബ്രുവരിയിൽ വിലയിൽ ലിറ്ററിന് 6 രൂപയിലേറെ വർദ്ധന എണ്ണക്കമ്പനികൾ വരുത്തിയെങ്കിലും കേരളത്തിൽ വില കൂട്ടിയിരുന്നില്ല.

അര ലിറ്റർ പോലും വാങ്ങില്ല ?

എല്ലാ കാർഡുടമകൾക്കും അര ലിറ്റർ മണ്ണെണ്ണയാണ് ഇതുവരെ നൽകിയിരുന്നത്. എന്നാൽ ഇനി അതുപോലും വാങ്ങാൻ ആളുണ്ടാവില്ലെന്നാണ് കരുതുന്നത്. വിറക് കത്തിക്കുന്നവരാണ് കൂടുതലും മണ്ണെണ്ണ വാങ്ങുന്നത്. മത്സ്യത്തൊഴിലാളികൾ മാർക്കറ്റ് വിലയ്ക്ക് മണ്ണെണ്ണ വാങ്ങിയ ശേഷം മത്സ്യഫെഡ് അവർക്ക് മണ്ണെണ്ണയുടെ വില അക്കൗണ്ടിലേക്ക് നൽകുകയാണ്.

ആധാറുമായി ബന്ധിപ്പിക്കൽ തുടരുന്നു

ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിക്കാത്തവരുടെ പേരുകൾ കാർഡിൽ നിന്ന് നീക്കാൻ കർശന നിർദേശം മാസങ്ങൾക്ക് മുൻപേ നടപ്പായിരുന്നു. മഞ്ഞ, പിങ്ക് കാർഡുകാർക്കെതിരെ ആദ്യം നടപടിയുണ്ടാകുമെന്നായിരുന്നു അറിയിപ്പ്. കാൽലക്ഷത്തോളം മുൻഗണനാ വിഭാഗം കാർഡുകൾ ആധാർ ലിങ്കിംഗ് നടത്തിയിട്ടില്ലെന്ന് പരാതിയുണ്ടായിരുന്നു. റേഷൻ കടകളിലെ ഇ പോസ് മെഷിൻ ഉപയോഗിച്ച് ലിങ്കിംഗ് നടത്താനാകും. കേരളത്തിലെ ഏത് റേഷൻ കടകളിൽ നിന്നും ആധാർ ലിങ്കിംഗ് നടത്താനാകും. പേര് ബന്ധിപ്പിക്കേണ്ടയാൾ റേഷൻ കാർഡിന്റെ പകർപ്പും ആധാർ കാർഡിന്റെ പകർപ്പുമായി റേഷൻ കടകളിലെത്തണം. അക്ഷയ സെന്ററിലൂടെയും ലിങ്കിംഗ് നടത്താം.

വലിയ സാമ്പത്തിക പ്രതിസന്ധികളിലാണ് കടയുടമകൾ. സംഭരണത്തിന് 350 സ്‌ക്വയർഫീറ്റ് മുറി വേണമെന്ന നിർദ്ദേശം കൂടുതൽ പ്രശ്‌നങ്ങളിലേക്കാണ് തള്ളിവിടുന്നത്.

സെബാസ്റ്റ്യൻ ചൂണ്ടൽ
സംസ്ഥാന സെക്രട്ടറി
ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ.


മണ്ണെണ്ണയുടെ വിലവർദ്ധന സംബന്ധിച്ചോ വിതരണത്തെക്കുറിച്ചോ നിർദ്ദേശം ലഭിച്ചിട്ടില്ല.

ജയദേവ്
ഡി.എസ്.ഒ ഇൻ ചാർജ്.

Advertisement
Advertisement