ചില്ലറവില്പന ₹200 നിരക്കിൽ: 'അത്ര ചെറുതല്ല, ചെറുനാരങ്ങ"

Sunday 03 April 2022 10:43 PM IST

കാഞ്ഞങ്ങാട്: വേനൽ കടുത്തതോടെ ചെറുനാരങ്ങയുടെ വിലയിൽ വൻകുതിപ്പ്. കിലോയ്ക്ക് 180 മുതൽ 200 രൂപ വരെയാണ് ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ വില. മൊത്തവ്യാപാര കേന്ദ്രങ്ങളിൽ 140 മുതൽ മുകളിലേക്കും.

തൂക്കത്തിനനുസരിച്ച് നോക്കിയാൽ ഒരു ചെറുനാരങ്ങയ്ക്ക് പത്ത് രൂപയ്ക്കടുത്താണ് ഇപ്പോൾ വില. കിലോയ്ക്ക് 60 രൂപ മാത്രമായിരുന്നു കുറച്ചുദിവസങ്ങൾക്ക് മുമ്പുവരെ വില. ദ്വിദിന പണിമുടക്ക് കൂടി കഴിഞ്ഞതോടെയാണ് വിലയിൽ വലിയ കുതിപ്പുണ്ടായത്. പെട്ടിക്കടകളിലെയും തട്ടുകടകളിലെയുമെല്ലാം നന്നായി വിറ്റുപോയിരുന്ന നാരങ്ങ സോഡയും സർബത്തുമെല്ലാം വിലക്കയറ്റത്തിന്റെ കയ്പറിയുന്നുണ്ട്. നാരങ്ങവെള്ളത്തിന്റെ വില പത്തിൽനിന്ന് 15 രൂപയായി. ഇനിയും വില കൂട്ടാൻ കഴിയില്ലെന്ന അവസ്ഥയിലാണ് ചെറുകിട ജ്യൂസ് കച്ചവടക്കാർ. നിലവിലെ വിലയ്ക്ക് വില്പന നടത്തിയാൽ നഷ്ടം വരികയും ചെയ്യും.

റംസാൻ മാസം ആരംഭിച്ചതോടെ വില വർദ്ധനവ് എവിടംവരെ എത്തുമെന്ന കാര്യത്തിൽ ആശങ്കയും കച്ചവടക്കാർ പങ്കുവെക്കുന്നു.

അടിതെറ്റി അച്ചാർ വിപണി

ചെറുനാരങ്ങാ വിലവർദ്ധനവിൽ വലിയ തിരിച്ചടി നേരിടുന്നത് ചെറുകിട അച്ചാർ വ്യവസായമാണ്. നിലവിലുള്ള വിലയിൽ ചെറുനാരങ്ങ വാങ്ങി അച്ചാറിടാൻ സാധിക്കില്ലെന്നാണ് ചെറുകിടസംരംഭകരെല്ലാം പറയുന്നത്. പൊതുവെ ചൂടുകാലത്ത് വിലക്കയറ്റം പതിവെങ്കിലും ഇത്രയധികം വർദ്ധനവ് ഉണ്ടാകാറില്ലെന്ന് കച്ചവടക്കാർ പറയുന്നു. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ചെറുനാരങ്ങ പ്രധാനമായും വരുന്നത്. ആവശ്യം വർദ്ധിച്ചതു തന്നെയാണ് വിലവർദ്ധനവിന് പിന്നിൽ. പെട്ടെന്ന് കേടായിപ്പോകുന്നതിനാൽ രണ്ട് ദിവസത്തെ പണിമുടക്കിന് മുമ്പ് തന്നെ നിലവിലുള്ള സ്റ്റോക്കുകൾ കച്ചവടക്കാർ വിറ്റഴിച്ചിരുന്നു. ഇതോടെ ആവശ്യത്തിന് ചെറുനാരങ്ങ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ ഇല്ലാതിരുന്നതും ആവശ്യകത വർദ്ധിപ്പിച്ചു.

Advertisement
Advertisement