നാട്ടിൽ ഓളമായി 'ചാമ്പിക്കോ' ട്രെൻഡ്

Monday 04 April 2022 12:43 AM IST

ആലപ്പുഴ: മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലെ 'ചാമ്പിക്കോ' ഡയലോഗും ഫോട്ടോ സെഷനും നാടാകെ ഏറ്റെടുക്കുന്നു. കുട്ടികളും സാധാരണക്കാരും മുതൽ പ്രശസ്തർ വരെയാണ് ട്രെൻഡിന്റെ ഭാഗമായി ഫോട്ടോഷൂട്ട് നടത്തുന്നത്. അദ്ധ്യയന വർഷം അവസാനിക്കുന്നതിനോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ നടന്ന ചടങ്ങുകളിലും വിവിധ റിട്ടയർമെന്റ് പാർട്ടികളിലുമടക്കം എല്ലാവരും ഫോട്ടോയെടുക്കുന്നത് ചാമ്പിക്കോ പോസിലാണ്. ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിൽക്കുന്നവർക്കിടയിൽ ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക് ഒരാൾ വന്നിരിക്കുകയും ഫോട്ടോ എടുക്കുന്നതും തുടർന്ന് ഭീഷ്മ ബി.ജി.എം വരുന്നതുമാണ് ആവേശത്തോടെ ഏറ്റെടുക്കപ്പെട്ടത്.

സിനിമാ താരങ്ങളടക്കമുള്ള സെലിബ്രിറ്റികൾ ട്രെൻഡിന്റെ ഭാഗമായി വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കളും പൊലീസ് ഉൾപ്പടെയുള്ള വിഭാഗങ്ങളും നടത്തിയ ഷൂട്ടുകളാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. രാഷ്ട്രീയ നേതാക്കളിൽ ട്രെൻഡിനോട് ആദ്യം കൈകോർത്തത് സി.പി.എം നേതാവ് പി.ജയരാജനാണ്. തൊട്ടുപിന്നാലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, കേരള കോൺഗ്രസ് നേതാവ് ജോസ്.കെ.മാണി തുടങ്ങിയവരുടെ വീഡിയോകൾ മിനിട്ടുകൾ കൊണ്ടാണ് വൈറലായത്. ആലപ്പുഴ എം.എൽ.എ പി.പി.ചിത്തരഞ്ജനാണ് ഏറ്റവുമൊടുവിൽ ട്രെൻഡിന്റെ ഭാഗമായിരിക്കുന്നത്. ബീച്ച് ഫുട്ബാൾ മത്സരങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എം.എൽ.എ താരങ്ങൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

Advertisement
Advertisement