എറണാകുളം - കായംകുളം പാസഞ്ചർ എന്നുവരും തിരികെ

Monday 04 April 2022 12:47 AM IST

പോക്കറ്റ് കീറി യാത്രക്കാർ

ആലപ്പുഴ: ലോക്ക് ഡൗൺ കാലത്ത് നിർത്തിവച്ച എറണാകുളം - കായംകുളം പാസഞ്ചർ ട്രെയിൻ പുന:സ്ഥാപിക്കാത്തത് സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നു. പ്രതിദിനം വൈകിട്ട് 6ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട്, ചേർത്തല, ആലപ്പുഴ സ്റ്റേഷനുകൾ പിന്നിട്ട് രാത്രി 9.05ന് കായംകുളത്ത് അവസാനിപ്പിച്ചിരുന്ന സർവീസ് കൊച്ചിയിൽ ദിവസേന ജോലിക്ക് പോകുന്ന ആയിരക്കണക്കിന് ആലപ്പുഴ ജില്ലക്കാർക്ക് പ്രധാന ആശ്രയമായിരുന്നു. മറ്റ് ട്രെയിനുകളെല്ലാം തിരികെ വന്നിട്ടും ഈ പാസഞ്ചർ മാത്രം തടയപ്പെട്ടുവെന്ന് യാത്രക്കാർ. പാസഞ്ചറിൽ ഒരു മാസം 270 രൂപ ചെലവഴിച്ച് സഞ്ചരിച്ചിരുന്നവർക്ക് ഇന്ന് ഒരു ദിവസം ബസ് ചാർജിനത്തിൽ മാത്രം ഇരുന്നൂറ് രൂപയ്ക്ക് മുകളിൽ വേണമെന്നതാണ് അവസ്ഥ.

സംസ്ഥാനം നേരിടുന്ന കനത്ത വിലക്കയറ്റത്തിനൊപ്പം യാത്രാക്കൂലിയിനത്തിൽ വൻ തുക മുടക്കേണ്ടി വന്നതോടെ, എറണാകുളത്തെ ജോലി അവസാനിപ്പിച്ചവർ തന്നെയുണ്ട്. രാത്രി 7.40ന് പുറപ്പെട്ടിരുന്ന എറണാകുളം - കൊല്ലം മെമുവും നിർത്തലാക്കിയത് തിരിച്ചടിയായി. വൈകിട്ട് 4ന് എറണാകുളത്ത് നിന്ന് മറ്റൊരു ട്രെയിൻ പുറപ്പെടുന്നുണ്ടെങ്കിലും അഞ്ചു മണി വരെ ഓഫീസ് ജോലിയുള്ളവർക്ക് ഇത് കൊണ്ട് കാര്യമില്ല. വൈകിട്ട് 5.30ന് ഓടിയിരുന്ന ധൻബാദ് എക്സ്പ്രസിന്റെ സമയം ഉച്ചയ്ക്കാക്കിയതോടെ ആ പ്രതീക്ഷയും കൈവിട്ടു. ആകെയുള്ളത് ജനശതാബ്ദി എക്സ്പ്രസാണ്. എന്നാൽ റിസർ‌വേഷൻ സൗകര്യം മാത്രമുള്ള ഇതിൽ സീസൺ യാത്രക്കാർക്ക് കയറാനും മാർഗമില്ല. അതേസമയം രാവിലെ എറണാകുളത്തേക്ക് എത്താൻ ആവശ്യത്തിന് ട്രെയിനുകൾ ലഭ്യമാണ്.

ഫലം കാണാതെ പരാതികൾ

റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ്, എം.പിമാർ തുടങ്ങി അധികൃതർക്ക് മുറ പോലെ പരാതിയും അപേക്ഷകളും നൽകിയിട്ടും യാത്രക്കാരുടെ പ്രശ്ന പരിഹാരത്തിന് യാതൊരു ശ്രമവുമുണ്ടായിട്ടില്ല. സാമൂഹിക അകലം പഴങ്കഥയായ കാലത്ത് ആലപ്പുഴക്കാർ പ്രധാനമായി ആശ്രയിക്കുന്ന എറണാകുളം - കായംകുളം പാസഞ്ചറിനെ മാത്രം തടയുന്നതിലെ യുക്തി മനസിലാവുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.

1500

എറണാകുളം - കായംകുളം പാസഞ്ചറിനെ

ഒരു ദിവസം ആശ്രയിച്ചിരുന്നത് 1500 പേർ

>>>>>>>>

പാസഞ്ചറിൽ ഒരുമാസം സഞ്ചരിക്കാൻ - 270 രൂപ

ബസിൽ ഒരും ദിവസം സഞ്ചരിക്കാൻ - 300 രൂപ

>>>>>>>>>>>>>>

യാത്രാ ചെലവ് താങ്ങാനാവാതെ ജോലി ഉപേക്ഷിച്ചവരുണ്ട്. ചേർത്തല മുതൽ കായംകുളം വരെയുള്ളവരുടെ പ്രധാന ആശ്രയമാണ് എറണാകുളം - കായംകുളം പാസഞ്ചർ. എത്രയും വേഗം ട്രെയിൻപുന:സ്ഥാപിച്ച് സഹായിക്കണം.

എസ്.ആർ.മനു, എറണാകുളത്തെ സ്വകാര്യ സ്ഥാപന ജീവനക്കാരൻ (ആലപ്പുഴ സ്വദേശി)

Advertisement
Advertisement