പയ്യന്നൂർ ബാർ അസോ. തിരഞ്ഞെടുപ്പിൽ അട്ടിമറിയെന്ന് ആരോപണം

Monday 04 April 2022 12:21 AM IST

പയ്യന്നൂർ: ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുടെ സഹായത്തോടെ ഒരു വിഭാഗം അട്ടിമറിച്ചതായി ആരോപണം. ഇത് സംബന്ധിച്ച് ലോയേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം അഭിഭാഷകർ പരാതി നൽകി. 2022-23 വർഷക്കാലത്തെ ബാർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് മാർച്ച് 30 ന് നടന്ന വോട്ടെടുപ്പിൽ കൃത്രിമം നടത്തിയെന്നാണ് പരാതി.

വോട്ടെണ്ണലിന് ശേഷം, വോട്ടെടുപ്പ് വേളയിൽ പോളിംഗ് ബൂത്തിൽ വന്ന് വോട്ട് രേഖപ്പെടുത്താതിരുന്ന ഒരാളുടെ വോട്ട് രേഖപ്പെടുത്തിയതായി വോട്ടേഴ്സ് രജിസ്റ്ററിൽ കണ്ടെന്നും പോളിംഗ് സ്റ്റേഷനിൽ ഹാജരായി വോട്ട് ചെയ്തവരെ കൂടാതെ ബാലറ്റ് പെട്ടിയിൽ ഒരു ബാലറ്റ് പേപ്പർ അധികമാണെന്നും അത് എണ്ണിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഇക്കാര്യമന്വേഷിച്ചപ്പോൾ വരാത്ത ആളുടെ വീട്ടിൽ പോയി വോട്ട് രേഖപ്പെടുത്തി കൊണ്ടുവന്നതാണെന്നായിരുന്നു റിട്ടേണിംഗ് ഓഫീസറുടെ വിശദീകരണം

ഇത് ഗുരുതരമായ സ്വജനപക്ഷപാതവും തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്നാണ് ലോയേഴ്സ് കോൺഗ്രസ് ആക്ഷേപം. റിട്ടേണിംഗ് ഓഫീസർ നിലവിലുണ്ടായിരുന്ന സെക്രട്ടറിയുടെ നിർദ്ദേശമനുസരിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നും ബാലറ്റ് പേപ്പറിലെ നിർദ്ദേശത്തിന് വിരുദ്ധമായി സീൽ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതായും ലോയേഴ്സ് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

പ്രസിഡന്റ് സ്ഥാനാർത്ഥികളായ എം.രാമകൃഷ്ണൻ, ടി.വി.മോഹനൻ എന്നിവർക്ക് തുല്യ വോട്ടാണ് ലഭിച്ചത്. അസോസിയേഷൻ നിയമാവലിയിൽ ഇതു സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകൾ ഇല്ലാതിരുന്നിട്ടും മറ്റ് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ സമ്മതമില്ലാതെ റിട്ടേണിംഗ് ഓഫീസർ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. ബാർ അസോസിയേഷൻ അടിയന്തര ജനറൽബോഡി യോഗം വിളിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ലോയേഴ്സ് കോൺഗ്രസ് അംഗങ്ങൾ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement