ബ്രസീലിൽ കനത്ത മഴ : 14 മരണം

Monday 04 April 2022 3:02 AM IST

സാവോപോളോ : ബ്രസീലിൽ റിയോ ഡി ജനീറോയിൽ ദിവസങ്ങളായി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 14 പേർ മരിച്ചു. ഇതിൽ 7 പേർ കുട്ടികളാണ്. വ്യാഴാഴ്ചയാണ് പ്രദേശത്ത് ശക്തമായ മഴ തുടങ്ങിയത്. കഴിഞ്ഞ 48 മണിക്കൂറിനിടെ റെക്കോഡ് മഴയാണ് പെയ്തത്. പരാറ്റി നഗരത്തിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇതിൽ ഏഴ് പേർ 2നും 17നും ഇടയിൽ പ്രായമുള്ള സഹോദരങ്ങളാണ്. കുട്ടികളുടെ പിതാവാണ് മരിച്ച മറ്റൊരാൾ. തീരദേശ മേഖലയായ പോന്റ നെഗ്രയിൽ ഏഴ് വീടുകൾ മണ്ണിനടിയിലായി. 4 പേർക്ക് പരിക്കേറ്റു. 71 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു. മെസ്കിറ്റയിൽ 38കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആൻഗ്ര ഡോസ് റെയ്സ് പട്ടണത്തിൽ ഒമ്പത് പേരെ കാണാനില്ലെന്നാണ് വിവരം. ഫെബ്രുവരി ആദ്യവാരം സാവോ പോളോയിൽ കനത്ത മഴയിൽ 24 പേർ മരിച്ചിരുന്നു.

Advertisement
Advertisement