ബീച്ചിൽ പാർക്കിംഗിന്റെ പേരിൽ 'ഗുണ്ടാപ്പിരിവ്"

Tuesday 05 April 2022 12:37 AM IST

ആലപ്പുഴ : ബീച്ചിലെയും പരിസരത്തെയും പാർക്കിംഗ് ഫീസ് പിരിവിനെപ്പറ്റി വീണ്ടും വിവാദമുയരുന്നു. ബീച്ചിന് മുൻവശത്തെ റോഡിൽ മാത്രം പാർക്കിംഗ് ഫീസ് പിരിക്കാൻ അനുമതിയുള്ള കരാറുകാർ ബൈപ്പാസിന് താഴെ വാഹനം വെച്ചാലും തുക ഈടാക്കുന്നതായാണ് പ്രധാന ആക്ഷേപം.

കടപ്പുറം വനിതാ- ശിശു ആശുപത്രിയിലെത്തുന്ന തൊണ്ണൂറ് ശതമാനം ആളുകളും വാഹനങ്ങൾ ബൈപ്പാസിന് താഴെയാണിപ്പോൾ പാർക്ക് ചെയ്യുന്നത്. ആശുപത്രി പരിസരത്ത് പാർക്കിംഗിന് മറ്റ് സൗകര്യങ്ങളില്ല. ബീച്ചിന്റെ പരിസരങ്ങളിൽ മാത്രമല്ല, റിക്രിയേഷൻ ഗ്രൗണ്ടിൽ വരെയെത്തി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്ന് കരാറുകാർ പണം പിരിക്കുന്നതായാണ് പരാതി. ദൂരസ്ഥലങ്ങളിൽ നിന്ന് കുടുംബമായും കൂട്ടമായും ബീച്ച് സന്ദർശിക്കാലൻ വലിയ വാഹനങ്ങളിലെത്തുന്നവരെയും പാർക്കിംഗ് ഫീസിന്റെ പേരിൽ ചൂഷണം ചെയ്യുന്നുണ്ട്. അന്യസ്ഥലത്ത് നിന്ന് വരുന്നവരായതിനാൽ പലപ്പോഴും തർക്കിക്കാൻ നിൽക്കാതെ പണം നൽകി മടങ്ങുന്നതാണ് പതിവെന്ന് പ്രദേശവാസികൾ പറയുന്നു.

റിക്രിയേഷൻ ഗ്രൗണ്ടിൽ പാർക്കിംഗ് പാടില്ല

വളരെ തിരക്കുള്ള ദിവസങ്ങളിൽ പ്രത്യേക അനുമതിയോടെ വാഹനങ്ങൾ പാർക്ക് ചെയ്യാമെന്നതൊഴികെ റിക്രിയേഷൻ ഗ്രൗണ്ടിൽ വാഹനങ്ങൾ കൊണ്ടിടാൻ നിലവിൽ അനുമതിയില്ല. ഇത് മനസിലാക്കാതെയാണ് ടൂറിസ്റ്റുകളുടെ വാഹനങ്ങളും തദ്ദേശീയരുടെ വാഹനങ്ങളും പലപ്പോഴും ഇവിടെ പാർക്ക് ചെയ്യുന്നത്. ഈ അനധികൃത പാർക്കിംഗിനിടയിലാണ് പാർക്കിംഗ് ഫീസ് പിരിവും.

ബീച്ചിനോട് ചേർന്നുള്ള ഭാഗത്തെ പാർക്കിംഗ് ഫീസ് കൈപ്പറ്റുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് പണം ഈടാക്കേണ്ട കാര്യമില്ല. വിശദമായി അന്വേഷണം നടത്തും

- ലിജോ എബ്രഹാം

ഡി.ടി.പി.സി സെക്രട്ടറി

ആലപ്പുഴ ബീച്ചിൽ എത്തുന്ന വിനോദ സഞ്ചാരികളോട് അല്പം മര്യാദ കാട്ടണം. ബൈപ്പാസിന് താഴെയുള്ള ഹൈവേ അതോറിട്ടിയുടെ സ്ഥലത്ത് പോലും കരാറുകാർ ഫീസ് ഈടാക്കുകയാണ്

- സലിം, പ്രദേശവാസി

Advertisement
Advertisement