നേതാക്കൾ എത്തിത്തുടങ്ങി, ചെമ്പട്ടണിഞ്ഞ് കണ്ണൂർ

Tuesday 05 April 2022 12:13 AM IST

കണ്ണൂർ: സി.പി.എം 23ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കണ്ണൂരിൽ എത്തിത്തുടങ്ങി.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ രാത്രി കണ്ണൂരിലെത്തി. പാർട്ടി നേതാക്കളും സ്വാഗതസംഘം ഭാരവാഹികളും ചേർന്ന് കണ്ണൂർ വിമാനത്താവളത്തിൽ യെച്ചൂരിയെ സ്വീകരിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ മണിക് സർക്കാർ, ഹനൻമൊള്ള എന്നിവരും ഒപ്പമുണ്ടായിരുന്നു. പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള ഇന്നലെ ഉച്ചയോടെ തന്നെ കണ്ണൂരിലെത്തി. ഗുജറാത്തിൽ നിന്നുള്ള പ്രതിനിധികളും ഇന്നലെ ഉച്ചയോടെ എത്തി. പ്രകാശ്കാരാട്ട്, വൃന്ദ കാരാട്ട് എന്നിവർ ഇന്നു രാവിലെയെത്തും. ഗോവ, ആൻഡമാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇന്നും ബംഗാളിൽ നിന്നുള്ള പ്രതിനിധികൾ നാളെയുമാണ് എത്തുന്നത്.

24 സംസ്ഥാനങ്ങളിൽ നിന്നായി 811 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഇവരിൽ 77 പേർ നിരീക്ഷകരാണ്. 95 കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 906 പേർ സമ്മേളനത്തിൽ പങ്കെടുക്കും. കേരളത്തിൽനിന്നാണ് ഏറ്റവും കൂടുതൽ പ്രതിനിധികൾ. മൂന്ന് നിരീക്ഷകർ ഉൾപ്പെടെ 178 പേർ. ബംഗാളിൽനിന്ന് മൂന്ന് നിരീക്ഷകർ ഉൾപ്പെടെ 163 പേരും തമിഴ്നാട്ടിൽനിന്ന് 53 പേരും ത്രിപുരയിൽനിന്ന് 40 പേരും പങ്കെടുക്കും. ഇന്ന് വൈകിട്ട് അവൈലബിൾ പോളിറ്റ്ബ്യൂറോ യോഗം കണ്ണൂരിൽ ചേരും.

ജില്ലയിലെ പാർട്ടിയുടെ ശക്തി വിളിച്ചറിയിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് കണ്ണൂർ നഗരത്തിലെങ്ങും. പാർട്ടി കോൺഗ്രസ് കഴിയുന്നതുവരെ നായനാർ അക്കാഡമിയിലാണ് കേന്ദ്ര കമ്മിറ്റി ഓഫിസ്.

ഏഴു ലക്ഷത്തോളം പേർ പാർട്ടി കോൺഗ്രസ് സമയത്ത് കണ്ണൂർ നഗരത്തിലെത്തുമെന്നാണ് കരുതുന്നത്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര, പതാക ജാഥകളും ഇന്ന് സമ്മേളനവേദിയിലെത്തും.

Advertisement
Advertisement