കൈയാങ്കളിക്ക് സല്യൂട്ടില്ല

Tuesday 05 April 2022 12:00 AM IST

വിവാദങ്ങളുടെ ചൂളയിൽ എരിഞ്ഞും പുകഞ്ഞും കഴിയുകയാണ് തൃശൂർ കോർപറേഷൻ ഭരണം. മേയർ പൊലീസിന്റെ സല്യൂട്ട് ആവശ്യപ്പെട്ടതായിരുന്നു ആദ്യവിവാദം. പിന്നീട് കോൺഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നു, പരാജയപ്പെട്ടു. കഴിഞ്ഞദിവസം ചേർന്ന തൃശൂർ കോർപറേഷൻ ബഡ്ജറ്റ് അവതരണവും അലങ്കാേലമായി. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം കൗൺസിൽ അലങ്കോലമാക്കുന്നതും ബഡ്ജറ്റ് അവതരണം തടസപ്പെടുത്തുന്നതുമെല്ലാം ഭൂലോകപരാജയത്തിന്റെ ലക്ഷണമെന്ന് ഭരണപക്ഷം പറയുമ്പോൾ, അഴിമതി നടത്താനുളള ശ്രമങ്ങളാണ് തങ്ങൾ അടിവരയിട്ട് പറയുന്നതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.

അമൃത് സിറ്റി പദ്ധതിയുടെ കരട്, കൗൺസിൽ അറിയാതെ കേന്ദ്രസർക്കാരിന് സമർപ്പിച്ചെന്നാരോപിച്ചായിരുന്നു ബഡ്ജറ്റ് അവതരണത്തിൽ ബഹളമുണ്ടായത്. പ്രതിപക്ഷ കൗൺസിലർ ലാലി ജെയിംസ് ബഡ്ജറ്റ് കീറിയെറിഞ്ഞു. ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപന്റെ മൈക്ക് ഭരണകക്ഷിയംഗങ്ങൾ വലിച്ചെറിഞ്ഞു.

ഉന്തിലും തള്ളിലും പ്രതിപക്ഷത്തെ ജയപ്രകാശ് പൂവ്വത്തിങ്കലും മുകേഷ് കുളപറമ്പിലും ലാലി ജെയിംസും നിലത്തുവീണു. ലാലി ജെയിംസിന്റെ സാരി കീറി. കോൺഗ്രസ് കൗൺസിലർ ഇന്ദിര മുരളീധരന്റെ കൈയ്ക്ക് മുറിവേറ്റു.

ആമുഖപ്രസംഗം നടത്താൻ തുനിഞ്ഞ മേയർ എം.കെ.വർഗീസിനെ പ്രതിപക്ഷാംഗങ്ങൾ വളയുകയായിരുന്നു.

ബഡ്ജറ്റവതരിപ്പിക്കാൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ എഴുന്നേറ്റതോടെ തടയാൻ പ്രതിപക്ഷമെത്തി. നേരിടാൻ വർഗീസ് കണ്ടംകുളത്തിയുടെ നേതൃത്വത്തിൽ ഭരണകക്ഷിയംഗങ്ങളും എത്തിയതോടെ കൈയാങ്കളിയായി. പ്രതിപക്ഷം മൈക്ക് വച്ചിരുന്ന മേശ മറിച്ചിട്ടു. ബഡ്ജറ്റ് കീറിയെറിഞ്ഞു. പ്രതിപക്ഷ അംഗങ്ങളെല്ലാം മേയറുടെ ചേംബറിലേക്ക് കയറിയെങ്കിലും ഭരണപക്ഷത്തെ ചിലർ പ്രതിരോധിക്കാതെ വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടു.

കോർപറേഷനിലെ ബഡ്ജറ്റ് അവതരണം നാണം കെട്ടനിലയിലായെന്ന് ചുരുക്കം.

വിവാദങ്ങൾക്കിടയിലും നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമിട്ട് ആയിരം കോടിയോളം രൂപയുടെ ബഡ്ജറ്റാണ് കോർപറേഷൻ ഭരണസമിതി അവതരിപ്പിച്ചത്.

കാരണം അമൃത് മാസ്റ്റർ പ്ലാനോ?

അമൃത് സിറ്റി മാസ്റ്റർ പ്ലാൻ കേന്ദ്ര സർക്കാരിന് അയച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പച്ചക്കള്ളമാണെന്നാണ് മേയർ പറയുന്നത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതേയുള്ളൂ. അഴിമതിയുണ്ടെങ്കിൽ തെളിയിക്കണമെന്നും മേയർ വെല്ലുവിളിച്ചു. മാസ്റ്റർപ്ലാൻ സർക്കാരിന് കൗൺസിൽ അറിയാതെ അയച്ചുകൊടുത്തോ എന്ന ചോദ്യത്തിന് മേയർ ഉത്തരം പറഞ്ഞില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ബഡ്ജറ്റ് അവതരണത്തിന് മുമ്പ് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, അമൃത് മാസ്റ്റർ പ്ലാൻ കരട് രേഖ കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാരിന് അയച്ചുകൊടുത്തിട്ടുണ്ടോയെന്ന് മേയർ പറയണമെന്നാവശ്യപ്പെട്ടു. എന്നാൽ മേയർ ഇതിനു മറുപടി പറയാതെ നടപടികളിലേക്ക് തിരിഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും മേയറെ വളയുകയുമായിരുന്നു. ബഹളത്തിനിടയിലും മേയർ ആമുഖ പ്രസംഗം വായിക്കാൻ തുടങ്ങി. കസേര പിടിച്ചു മേയറെ ഉന്തുകയും ചെയ്തതോടെ തന്നെ ഉപദ്രവിക്കുകയാണെന്ന് മേയർ മൈക്കിലൂടെ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒരു വിധം ആമുഖപ്രസംഗം വായിച്ച് ബഡ്ജറ്റ് അവതരണത്തിനായി ഡെപ്യൂട്ടി മേയറെ ക്ഷണിച്ചു. പിന്നീടാണ് കൈയാങ്കളിയുണ്ടായത്. ഭരണകക്ഷിയിലെ വനിതാ കൗൺസിലർമാർ വളയം തീർത്താണ് ഡെപ്യൂട്ടി മേയർ ബഡ്ജറ്റവതരിപ്പിച്ചത്. വൈദ്യുതി ബഡ്ജറ്റ് അവതരണത്തിനിടയിലും പ്രതിപക്ഷം തടസം സൃഷ്ടിച്ചു. ബഹളങ്ങൾക്കിടെ ബി.ജെ.പി നിശബ്ദത പാലിച്ചതും ശ്രദ്ധേയമായി.

ബഡ്ജറ്റ് അവതരണം അലങ്കോലപ്പെടുത്തിയത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്ന് ബി.ജെ.പിയും വ്യക്തമാക്കി.

കൗൺസിൽ അറിയാതെ അമൃത് സിറ്റി മാസ്റ്റർ പ്ലാനിന്റെ കരട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനാവില്ലെന്നാണ് ബി.ജെ.പി വ്യക്തമാക്കിയത്.



നൂൽപ്പാലത്തിലാണെങ്കിലും...

55 അംഗ ഭരണസമിതിയിൽ കോൺഗ്രസ് വിമതനായ മേയർ എം.കെ. വർഗീസും സ്വതന്ത്രനായ സി.പി. പോളിയും ഉൾപ്പെടെ 25 പേരാണ് ഇടതുപക്ഷത്തിനുള്ളത്. കോൺഗ്രസിന് 24 ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണിയുടെ തുടർഭരണമാണ് കോർപറേഷനിൽ. ഇങ്ങനെ നൂൽപ്പാലത്തിലാണ് ഭരണമെങ്കിലും ഓരോ കൗൺസിലിലും ഉയരുന്ന വിവാദങ്ങൾക്ക് ഒട്ടും കുറവില്ല. 2015 ൽ ഭരണത്തിലേറുമ്പോഴും എൽ.ഡി.എഫിന് കേവല ഭൂരിപക്ഷമില്ലായിരുന്നു. പക്ഷേ, കാലാവധി പൂർത്തിയാക്കി. ഇതിനിടയിൽ യു.ഡി.എഫ് പക്ഷത്തുനിന്ന് രണ്ടുപേരെ ഇടത് പാളയത്തിലെത്തിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു നെട്ടിശേരിയിൽ എം.കെ. വർഗീസ് കോൺഗ്രസ് വിമതനായി മത്സരിച്ചത്. ഔദ്യോഗിക സ്ഥാനാർത്ഥി ഇവിടെ പരാജയപ്പെട്ടു. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇടത് നേതൃത്വം വർഗീസുമായി ചർച്ച നടത്തി കൂടെ നിറുത്തി. ഭരണം കിട്ടാൻ ഒടുവിൽ, മേയർ പദവിതന്നെ സി.പി.എം നേതൃത്വം വിട്ടുനൽകുകയായിരുന്നു.

Advertisement
Advertisement