എന്ന് കയറാനാകും ലൈറ്റ് ഹൗസിൽ

Tuesday 05 April 2022 12:54 AM IST

ആലപ്പുഴ : കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ അടച്ചിട്ട ആലപ്പുഴ ലൈറ്റ് ഹൗസിൽ സഞ്ചാരികൾക്ക് സന്ദർശനാനുമതി ഇനിയും നൽകാത്തത് ആലപ്പുഴയുടെ വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുന്നു. ബീച്ച് സന്ദർശിക്കാനെത്തുന്നവർക്ക് മുന്നിൽ മറ്റൊരു ആകർഷണ കേന്ദ്രമാണ് പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ലൈറ്റ് ഹൗസ്.

കൊവിഡ് പിടിമുറുക്കിയതിനെത്തുടർന്ന് 2020 മാർച്ചിലാണ് ലൈറ്റ് ഹൗസിൽ വാതിൽ സന്ദർശകർക്ക് മുന്നിൽ അടച്ചത്. ആലപ്പുഴ ബീച്ച് സന്ദർശിക്കുന്ന തദ്ദേശ-വിദേശ സഞ്ചാരികൾ ലൈറ്റ് ഹൗസു കൂടി സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു മുമ്പുള്ള പതിവ്. ലൈറ്റ് ഹൗസിന്റെ മുകളിൽ കയറിയാൽ ബീച്ചും നഗരത്തിലെ കെട്ടിട സമുച്ചയങ്ങളും കാണാനാകും. 28 മീറ്റർ ഉയരത്തിൽ വൃത്താകൃതിയിൽ നിർമ്മിച്ചിട്ടുള്ള ലൈറ്റ് ഹൗസിന് അകത്ത് മുകളിലേക്ക് കയറുന്നതിന് ഒരുമീറ്റർ അകലം ഇല്ലാത്ത പടികളാണ് ഉള്ളത്. ലൈറ്റ് ഹൗസിനോട് ചേർന്ന് മ്യൂസിയവുമുണ്ട്. സംസ്ഥാനത്തെ ചുരുക്കം ചില ലൈറ്റ് ഹൗസുകളിൽ മാത്രമാണ് മ്യൂസിയം ഉള്ളത്. 20രൂപ മുടക്കിയാൽ ലൈറ്റ് ഹൗസിലും മ്യൂസിയത്തിലും കയറാൻ കഴിയും. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്സ് ഡയറക്ടറേറ്റിനാണ് ലൈറ്റ് ഹൗസിന്റെ ചുമതല. അവധിക്കാലം ആരംഭിച്ചതിനാൽ ലൈറ്റ് ഹൗസ് തുറക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

പഴമയുടെ തിളക്കം

റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരുകിലോമീറ്റർ അകലെയാണ് ആലപ്പുഴ ലൈറ്റ് ഹൗസ്. സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ലൈറ്റ് ഹൗസാണ് ആലപ്പുഴയിലേത്. പതിനെട്ടാം നൂറ്റാണ്ടിൽ ആലപ്പുഴയിൽ സ്ഥിരമായി ലൈറ്റ്ഹൗസ് ഇല്ലായിരുന്നു. കടൽപ്പാലത്തിന്റെ അറ്റത്തുള്ള ഒരു ദീപമായിരുന്നു അക്കാലത്ത് നാവികർക്ക് ദിശമനസിലാക്കാനുള്ള ഏകമാർഗം. മാർത്താണ്ഡവർമ്മ രണ്ടാമൻ ഭരിച്ചിരുന്ന കാലത്തായിരുന്നു ഇപ്പോഴുള്ള ലൈറ്റ് ഹൗസ് നിർമ്മാണം തുടങ്ങിയത്. 1861ൽ രാമവർമ്മയുടെ കാലത്ത് നിർമ്മാണം പൂർത്തിയായി.

ലൈറ്റ് ഹൗസും ദീപവും

1861 : ലൈറ്റ് ഹൗസ് നിർമ്മാണം പൂർത്തിയായി

1862 : വെളിച്ചെണ്ണയുപയോഗിച്ച് ദീപം കത്തിച്ചു

1952 : ഗ്യാസ് ഉപയോഗിച്ച് ദീപം തെളിയിച്ചു

1960 : വൈദ്യുതി ഉയോഗിച്ച് ദീപം തെളിഞ്ഞു

1999 : മെറ്റൽ ഹാലൈഡ് ലൈറ്റ് തെളിഞ്ഞു

ആലപ്പുഴ ലൈറ്റ് ഹൗസ്

ഉയരം: 28മീറ്റർ

റേഞ്ച്: 39.5 കി.മീ.

പ്രവർത്തന സമയം (അടയ്ക്കുന്നതിന് മുമ്പ്)

രാവിലെ 9.30 മുതൽ 11.30വരെ, വൈകിട്ട് 3.30 മുതൽ 5.30വരെ

സന്ദർശക ഫീസ് (ഒരാൾക്ക്): 20രൂപ

"അവധിക്കാലത്ത് ലൈറ്റ് ഹൗസ് തുറന്ന് പ്രവർത്തിപ്പിക്കാൻ ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്‌സ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടും. ലൈറ്റ് ഹൗസിന് മുകളിലേക്ക് സന്ദർശകർക്കെത്താൻ കോണിപ്പടികൾക്ക് പകരം ലിഫ്റ്റ് സൗകര്യം ഒരുക്കുന്നതിന് മന്ത്രിതല അംഗീകാരം നൽകിയിട്ടുണ്ട്. വൈകാതെ ഭരണാനുമതി ലഭിക്കും.

- എ.എം.ആരിഫ് എം.പി

Advertisement
Advertisement