പൊലീസ് സ്റ്റേഷനുകൾ പ്രതിസന്ധിയിലാവരുത്

Tuesday 05 April 2022 12:00 AM IST

അടുത്തമാസം കൂട്ട വിരമിക്കലിന്റെ മാസം കൂടിയാണ്. പല പ്രധാന വകുപ്പിലും ജീവനക്കാരുടെ കുറവുണ്ടാകും. അത് മുൻകൂട്ടിക്കണ്ട് പുനഃക്രമീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടതാണ്. എന്നാൽ അതിനു വേണ്ട നടപടികൾ ഒരു വകുപ്പിലും നടന്നിട്ടില്ല. ഇതിന്റെ ഫലമായി പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. ഗുണ്ടാ ആക്രമണങ്ങളും ക്രമസമാധാന പ്രശ്നങ്ങളും മറ്റ് സമരങ്ങളും കൂടിവരുന്ന ഇക്കാലത്ത് പൊലീസിന്റെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ഒട്ടേറെ പ്രശ്നങ്ങൾക്ക് ഇടയാക്കും. തിരുവനന്തപുരം ജില്ലയിൽ തന്നെ പൊലീസിന്റെ 750-ഓളം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നത് പല പൊലീസ് സ്റ്റേഷനുകളുടെയും പ്രവർത്തനത്തെ താളം തെറ്റിക്കുന്നതായി ഒരു റിപ്പോർട്ട് ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിറ്റി മേഖലയിൽ 21 സ്റ്റേഷനുകളിലായി 350 പൊലീസുകാരുടെ കുറവും റൂറൽ മേഖലയിൽ 400 ഒഴിവുമാണ് നികത്താതെ കിടക്കുന്നത്. മലയിൻകീഴ്, തിരുവല്ലം സ്റ്റേഷനുകളിൽ നിന്ന് പരാതികളുടെ പേരിൽ സി.ഐമാരെ മാറ്റിയെങ്കിലും പകരം നിയമനം നടത്തിയിട്ടില്ല. ക്രമസമാധാനപാലനവും അതുമായി ബന്ധപ്പെട്ട അക്രമങ്ങൾ തടയലും ക്രൈം കേസുകളിൽ അന്വേഷണം നടത്തി കുറ്റവാളികളെ കോടതിക്ക് മുന്നിൽ ഹാജരാക്കുന്നതുമാണ് പൊലീസിനുള്ള മുഖ്യജോലികൾ. എന്നാൽ വി.ഐ.പി ഡ്യൂട്ടി, ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും കാവൽ നിൽക്കുക തുടങ്ങിയ ഒട്ടേറെ ജോലികളുടെ ബാഹുല്യത്തിനൊപ്പം പൊലീസുകാരുടെ കുറവ് കാരണം മുഖ്യ ജോലിക്ക് രണ്ടാം പരിഗണന നൽകേണ്ട സ്ഥിതിയാണിപ്പോൾ. കല്ലിടീലിന് സംരക്ഷണമൊരുക്കാനും അതിൽ പ്രതിഷേധിക്കുന്നവരെ തടയാനുമായി തന്നെ സ്ഥിരം ജോലികൾ മാറ്റിവച്ച് ഒട്ടേറെ പൊലീസുകാർക്ക് പോകേണ്ടിവരുന്നത് സ്റ്റേഷനുകളുടെ പ്രതിസന്ധി ഇരട്ടിപ്പിച്ചിരിക്കുന്നു. ജനമൈത്രി ഉൾപ്പെടെ പുതിയ പല പദ്ധതികളും നടപ്പിൽ വന്നെങ്കിലും അതനുസരിച്ച് സേനാബലമില്ല.

സ്‌ത്രീസുരക്ഷയ്ക്ക് പിങ്ക് പട്രോളിംഗുണ്ട്. കൂടാതെ എല്ലാ സ്റ്റേഷനുകളിലും വനിതാ ഹെൽപ് ഡെസ്‌കും നിലവിലുണ്ട്. എന്നാൽ വനിതാ പൊലീസിന്റെ കുറവ് കാരണം ഇവയിൽ പലതിന്റെയും പ്രവർത്തനം നാമമാത്രമായാണ് നടക്കുന്നത്. നഗരത്തിലെ സ്റ്റേഷനുകളിൽ വനിതാ പൊലീസുകാർ ആവശ്യത്തിന് വേണ്ടതിന്റെ നാലിലൊന്ന് പോലുമില്ല. വനിതകൾ ഉൾപ്പെടെ പൊലീസുകാരുടെ ഒഴിവുകൾ പരിശോധിച്ച് വരികയാണെന്നും അതു നികത്താൻ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാരില്ലാത്ത സ്ഥിതിയാണ് ജോലിഭാരം കൂടുമ്പോൾ ചിലരെങ്കിലും അത് ഒഴിവാക്കാൻ അവധി എടുക്കുകയോ സ്പെഷ്യൽ യൂണിറ്റുകളിലേക്ക് മാറാനോ ശ്രമിക്കുന്നതും പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. പൊലീസിന് മറ്റ് ജോലികൾ കൂടുമ്പോൾ ആദ്യം നിലയ്ക്കുന്നത് കുറ്റാന്വേഷണമാണ്. കുറ്റാന്വേഷണം നിലയ്ക്കുമ്പോഴാണ് സാമൂഹ്യവിരുദ്ധർ അടിയ്ക്കടി വിളയാടാൻ തുടങ്ങുന്നത്. കൊലപാതകം, പോക്‌സോ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ മേജർ കേസിന് പിന്നാലെ പോകുന്ന പൊലീസുകാരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കാനാവില്ല. ഒഴിവുകൾ നികത്താൻ സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കാം.

Advertisement
Advertisement