ആന്ധ്രാപ്രദേശിൽ 13 പുതിയ ജില്ലകൾ കൂടി

Tuesday 05 April 2022 2:10 AM IST

അമരാവതി: ആന്ധ്രാപ്രദേശിൽ പുതിയ 13 ജില്ലകൾ കൂടി പ്രഖ്യാപിച്ച് സർക്കാർ. ഗുണ്ടൂർ ജില്ലയിലെ തഡെപള്ളിയിലുള്ള ഓഫീസിൽ വച്ച് ഇന്നലെ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി പുതുതായി രൂപീകരിച്ച ജില്ലകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് വഴി നി‌ർവഹിച്ചു. നിലവിലുള്ള 13 ജില്ലകളിൽ, ഓരോന്നിനേയും രണ്ടായി വിഭജിച്ചാണ് പുതിയ ജില്ലകളുടെ രൂപീകരണം. ഇതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആയി. ജനുവരി അവസാനത്തോടെയാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഔദ്യോഗിക കരട് വിജ്ഞാപനം പുറത്തിറക്കിയത്.കഴിഞ്ഞ ദിവസം ഗവൺമെന്റ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി ജി. സായ് പ്രസാദ് ആന്ധ്രാപ്രദേശ് ഗസറ്റിന് കീഴിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ 13 പുതിയ ജില്ലകളുടെ രൂപീകരണം സ്ഥിരീകരിച്ചിരുന്നു. ശ്രീകാകുളം, വെസ്റ്റ് ഗോദാവരി, എല്ലുരു, വിസിയ നഗരം, മന്യം, അല്ലൂരി സീതാരാമ രാജു, വിശാഖപട്ടണം, അനകപള്ളി, കാക്കിനാഡ, കോണാ സീമ, ഈസ്റ്റ് ഗോദാവരി, എസ്.പിഎസ് നല്ലൂർ, കൂർനൂൽ, കൃഷ്ണ, എൻ.ടി.ആർ ജില്ല, ഗുണ്ടൂർ, ബാപ്റ്റാല, പൽനാഡു, പ്രകാശം, നന്ദ്യാൽ, അനന്തപുരം, ശ്രീ സത്യസായി ജില്ല, വൈ.എസ്.ആർ കഡപ്പ, അന്നമയ, ചിറ്റൂർ, ശ്രീബാലാജി എന്നിങ്ങനെയാണ് 26 ജില്ലകൾ. പുതുതായി രൂപീകരിച്ച ജില്ലകളിലേക്ക് കളക്ടർമാരെയും പൊലീസ് സൂപ്രണ്ടുമാരെയും നിയമിച്ചിട്ടുണ്ട്.

Advertisement
Advertisement