തിരുവല്ലം മേനിലത്തെ വീട്ടിൽ സ്‌കൂട്ടറുകൾ കത്തിനശിച്ചു

Monday 04 April 2022 11:46 PM IST

 വർക്കലയിലെ അപകടത്തിന് സമാനം  അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്  ബൈക്കുകൾ തീയിട്ടതെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവല്ലത്തിന് സമീപം മേനിലത്ത് വീടിനോടു ചേർന്ന് പാർക്ക് ചെയ്‌തിരുന്ന രണ്ട് സ്‌കൂട്ടറുകൾ കത്തി വീട്ടിലേക്ക് തീആളിപ്പടർന്നു. തീയും പുകയും നിറഞ്ഞ് ശ്വാസംമുട്ടിയതോടെ കിടന്നുറങ്ങുകയായിരുന്ന അഞ്ചംഗകുടുംബം പുറത്തേക്കിറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി. തീപിടിത്തത്തിൽ വർക്കലയിൽ അഞ്ചുപേർ മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് ആ സംഭവത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ തീപിടിത്തമുണ്ടായത്. സ്കൂട്ടറുകൾ കത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മേനിലം പാലറക്കുന്ന് 'ശില്പ'യിൽ ഭാസിയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. ഭാസിയെക്കൂടാതെ ഭാര്യ ഷീജ, മക്കൾ ഭാവന, ഭാഗ്യ, ഭാര്യാമാതാവ് സുലോചന എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വാഹനങ്ങളിൽ നിന്ന് തീ വീടിനകത്തെ കർട്ടനിലേക്കും കസേരകളിലേക്കും പടരുകയായിരുന്നു. വീടിനകത്തെ ആദ്യത്തെ ചെറിയ മുറിയിൽ നിന്ന് ഭാസിയുടെയും ഭാവനയുടെയും കിടപ്പുമുറികളിലേക്ക് പുക പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും പുറത്തേക്ക് ഓടിയപ്പോൾ വീടിന്റെ മുൻവശത്ത് തീ ആളിക്കത്തുന്നതാണ് കണ്ടത്. ഇതിനിടെ മറ്റുള്ളവരും ഉണർന്നിരുന്നു. മുൻവശത്തുകൂടി പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പിറകിലെ കതക് തുറന്നാണ് എല്ലാവരും പുറത്തേക്കോടിയത്.

പെട്ടെന്നുതന്നെ വെള്ളം ഒഴിച്ച് തീഅണയ്ക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ലത്ത് നിന്ന് പൊലീസെത്തി. വാഹനങ്ങൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവമറിഞ്ഞ് പൊലീസെത്തുമ്പോൾ മണ്ണെണ്ണയുടെ ഗന്ധവുമുണ്ടായിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടിന്റെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ഭാവനയുടെയും അയൽവാസിയായ ലതികയുടെയും സ്‌കൂട്ടറുകളാണ് പൂർണമായും കത്തിനശിച്ചത്. ഭാസിയുടെ സ്‌കൂട്ടറിൽ മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടായിരുന്നെങ്കിലും തീ പടർന്നിരുന്നില്ല. ഒരാൾ ഓടി മാറുന്നതായി സമീപത്തെ വീട്ടിലെ സി.സി ടിവി ദൃശ്യത്തിൽ അവ്യക്തമായി കാണാം. പിറകുവശത്തെ ഗേറ്റും തുറന്ന നിലയിലായിരുന്നു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.

Advertisement
Advertisement