പ്രഖ്യാപനം കഴിഞ്ഞ് എട്ടുവർഷം

Tuesday 05 April 2022 12:08 AM IST

കണ്ണൂർ: പ്രഖ്യാപനം കഴിഞ്ഞ് എട്ടു വർഷം പിന്നിട്ടിട്ടും സംസ്ഥാനത്തെ ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്താതെ സംസ്ഥാന സർക്കാർ. പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും അതുവഴി ക്ഷീര കർഷകരുടെയും ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെയും ഉന്നമനവും ലക്ഷ്യമിട്ട്, സർക്കാരിന്റെ അയ്യങ്കാളി നഗരസഭാ തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ അംഗങ്ങളെയും ഉൾപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സാംസ്‌കാരിക ഗ്രാമ -വികസന മന്ത്റിയായിരുന്ന കെ.സി. ജോസഫാണ് പദ്ധതി അവതതരിപ്പിച്ചത്. എന്നാൽ, ഭരണം മാറിയതോടെ പ്രഖ്യാപനവും തകിടം മറിയുകയായിരുന്നു.

ചില നഗരസഭകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചിരുന്നെങ്കിലും അതിന്റെ നേട്ടം ക്ഷീരകർഷകർക്ക് ലഭിച്ചില്ലെന്നാണ് ആരോപണം. നഗരസഭകളിൽ പശുവിനെ വളർത്തുന്നവർ കുറവാണ്. ക്ഷീര കർഷകർ ധാരാളമുള്ളത് മലയോരമേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലുമാണ്. അതുകൊണ്ടുതന്നെ ഗ്രാമങ്ങളിൽ പദ്ധതി നടപ്പിലാക്കിയാൽ മാത്രമേ പദ്ധതിയുടെ ഗുണം കർഷകർക്ക് ലഭിക്കുകയുള്ളൂവെന്നാണ് ഇവരുടെ പക്ഷം. കൊവിഡിന് ശേഷം സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ക്ഷീരമേഖലയിലേക്കെത്തിയിട്ടുണ്ട്. ഇവരെയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ 100 ദിവസത്തെ വേതനം ലഭിക്കുമെന്നും അത് വലിയ ആശ്വാസമാണെന്നും കർഷകർ പറഞ്ഞു.

പദ്ധതി ഇങ്ങനെ

ക്ഷീരോത്പാദക സംഘത്തിൽ ഒരു ദിവസം നിശ്ചിത ലി​റ്റർ പാൽ വീതം വർഷത്തിൽ നൂറ് ദിവസം അളന്നാൽ ക്ഷീര കർഷകർക്ക് നൂറ് ദിവസത്തെ വേതനത്തിന് ആനുപാതികമായ തുക നൽകും. കൂടാതെ ഒരു ലി​റ്റർ പാലിന് നിശ്ചിത തുക ഇൻസെന്റീവും നൽകും. പദ്ധതി ക്ഷീര കർഷകർക്ക് ഏറെ പ്രതീക്ഷയായിരുന്നു. പ്രഖ്യാപനത്തിനു ശേഷം മുൻസിപ്പാലി​റ്റി വഴി ഇതിന്റെ ഫോം കർഷകർക്ക് നൽകിയിരുന്നു. രണ്ടോ അതിൽ കൂടുതലോ പശുക്കളുള്ളവർക്കാണ് പദ്ധതിയിൽ ചേരാനാവുക. മാനദണ്ഡമനുസരിച്ച് നിരവധി പേർ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഫോം വാങ്ങി പൂരിപ്പിച്ച് നൽകിയിരുന്നു. എന്നാൽ, പിന്നീട് പദ്ധതിക്ക് സർക്കാർ വലിയ പരിഗണന നൽകിയില്ല. പരീക്ഷണാടിസ്ഥാനത്തിൽ മട്ടന്നൂർ നഗരസഭ, കൂത്താട്ടുകുളം നഗരസഭ, അങ്കമാലി നഗരസഭ, കാഞ്ഞങ്ങാട് നഗരസഭ എന്നിങ്ങനെയുള്ള ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് പദ്ധതി തുടങ്ങിയത്. നിലവിൽ കാഞ്ഞങ്ങാട് നഗരസഭയിൽ മാത്രം വിരലിലെണ്ണാവുന്നവർക്ക് പദ്ധതി ആനുകൂല്യം ലഭിക്കുന്നുണ്ടെങ്കിലും അതും ശരിയായ രീതിയിൽ നടക്കുന്നില്ല.

Advertisement
Advertisement