തൊഴിലുറപ്പ് ആസ്തി സൃഷ്ടിക്കലിൽ കോട്ടയം ഒന്നാമത്.

Wednesday 06 April 2022 12:00 AM IST

കോട്ടയം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ആസ്തി സൃഷ്ടിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ കോട്ടയം ജില്ല സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയതായി പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററും ജില്ലാ കളക്ടറുമായ ഡോ.പി.കെ.ജയശ്രീ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയ്ക്ക് 49.76 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായി. 25,337 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചു. ജില്ലയിൽ മൊത്തം 73,750 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ തൊഴിൽ നൽകാനായി.
ജില്ലയിൽ 1282 കാലിത്തൊഴുത്തും 1486 ആട്ടിൻകൂടും 1527 കോഴിക്കൂടും 343 കൃഷിക്കുള്ള കുളങ്ങളും 395 അസോള ടാങ്കുകളും 496 കിണർ റീ-ചാർജിംഗ് സംവിധാനവും കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾക്കുള്ള 19 വർക്ക് ഷെഡുകളുടെ നിർമാണവും പൂർത്തീകരിച്ചു. 108 ഏക്കറിൽ തീറ്റപ്പുൽകൃഷി നടപ്പാക്കി. 2415 കമ്പോസ്റ്റ് പിറ്റുകളും 2719 സോക് പിറ്റുകളും 103 മിനി എം.സി.എഫുകളും നിർമിച്ചു.
സമയബന്ധിതമായി വേതനം നൽകുന്നതിലും കോട്ടയം ഒന്നാം സ്ഥാനത്താണ് 99.87 ശതമാനം. കാഞ്ഞിരപ്പള്ളി, ളാലം, പാമ്പാടി, കടുത്തുരുത്തി, ഉഴവൂർ, വാഴൂർ ബ്ലോക്കുകൾ സമയബന്ധിതമായി വേതന വിതരണം നടത്തുന്നതിൽ 100 ശതമാനം നിലനിറുത്തി.
തോടുകൾ, നീർച്ചാലുകൾ, കുളങ്ങൾ, പാടശേഖരങ്ങളുടെ പുറംബണ്ട് എന്നിവയുടെ വശങ്ങൾ ബലപ്പെടുത്തുന്നതിനായി 1,60,860 ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം ഉപയോഗിച്ചതായി പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ പി.എസ്.ഷിനോ പറഞ്ഞു.

Advertisement
Advertisement