വേനൽമഴയും കാറ്റും ഇടിമിന്നലും മലയോരമേഖലയിൽ ലക്ഷങ്ങളുടെ നാശനഷ്ടം

Wednesday 06 April 2022 1:55 AM IST

വിതുര: കഴിഞ്ഞ ദിവസം വൈകിട്ട് തിമിർത്തുപെയ്ത വേനൽമഴയും വീശിയടിച്ച കനത്തകാറ്റും ശക്തമായ ഇടിമിന്നലും മലയോരമേഖലയിൽ ലക്ഷങ്ങളുടെ നാശനഷ്ടം വിതച്ചു. വിതുര, തൊളിക്കോട്, ആര്യനാട് മേഖലയിൽ ആണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഒരുകോടിയിൽ പരം രൂപയുടെ നാശനഷ്ടമുള്ളതായാണ് പ്രാഥമികകണക്കുകൾ സൂചിപ്പിക്കുന്നത്. വീശിയടിച്ച കാറ്റിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലായി ഏഴ് വീടുകൾ ഭാഗികമായി തകർന്നു. കോട്ടിയത്തറ, ഇറംകോട്, കല്ലാർ, പേപ്പാറ പൊടിയക്കാല, മേമല, തൊളിക്കോട് എന്നിവിടങ്ങളിൽ വീടുകൾ തകർന്നു. ആളപായമില്ല. റബർഎസ്റ്റേറ്റുകളിലും വിളകളിലുമായി നൂറുകണക്കിന് റബർമരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വീണു. വാഴ,പച്ചക്കറി,മരച്ചീനി കൃഷികൾ വ്യാപകമായി നശിച്ചു. ലോണെടുത്തും, പാട്ടത്തിനെടുത്തും കൃഷി നടത്തിയിരുന്നവർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. കർഷകർ കൃഷിഓഫീസിലും വില്ലേജ് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്. മഴയത്ത് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. റോഡിലേക്ക് മണ്ണും കല്ലും ചെളിയും മറ്റും ഒലിച്ചിറങ്ങി റോഡുകൾ വികൃതമായി. പൊൻമുടി നെടുമങ്ങാട് സംസ്ഥാനപാതയുടെ മിക്ക ജംഗ്ഷനുകളും വെള്ളത്തിൽ മുങ്ങുകയും ഗതാഗതതടസം നേരിടുകയും ചെയ്തു. നാശനഷ്ടുമണ്ടായ സ്ഥലങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എയും കെ.എസ്.ശബരിനാഥനും പഞ്ചായത്ത് പ്രസിഡന്റുമാരും തഹസിൽദാരും വില്ലേജ് ഓഫീസർമാരും കൃഷിഓഫീസർമാരും സന്ദർശിച്ചു.

വൈദ്യുതിവിതരണം താറുമാറായി

മഴയും കാറ്റിനെയും തുടർന്ന് മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് വൈദ്യുതിലൈനുകൾ വ്യാപകമായി പൊട്ടിവീണു. വിതുര,ആനപ്പാറ,കല്ലാർ,മേമല,പൊൻമുടി,പേപ്പാറ മേഖലകളിൽ വൈദ്യുലൈനുകൾക്ക് മീതെ മരങ്ങൾ വീണതോടെ ലൈൻ തകരുകയും മണിക്കൂറുകളോളം വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തു. പൊൻമുടി-വിതുര റോഡിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതവും നിലച്ചിരുന്നു. പൊൻമുടി,കല്ലാർ,ബോണക്കാട്, പേപ്പാറ വനമേഖലയിലും അനവധി മരങ്ങൾ കടപുഴകി വീണു. മിക്ക മേഖലകളിലും രാത്രി മുഴുവൻ വൈദ്യുതി വിതരണം നിലച്ചു. ഇലക്ട്രിക്സിറ്റി ജീവനക്കാർ ഏറെ പണിപ്പെട്ടാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. വിതുര ഫയർഫോഴ്സ് യൂണിറ്റും മരങ്ങൾ മുറിച്ചുമാറ്റാൻ മഴയെ അവഗണിച്ച് കർമ്മനിരതരായി രംഗത്തുണ്ടായിരുന്നു. അതേസമയം വൈദ്യുതി വിതരണം പുനസ്ഥാപിച്ചെങ്കിലും മിക്ക മേഖലയിലും വോൾട്ടേജ് ക്ഷാമം നേരിടുന്നതായി പരാതിയുണ്ട്.

വേനൽമഴ അനുഗ്രഹമായി

ഉരുകിയൊലിക്കുന്ന മീനച്ചൂടിന് ശമനമേകി തിമിർത്തുപെയ്ത വേനൽമഴ ഗ്രാമവാസികൾക്ക് അനുഗ്രഹമായി മാറി. കടുത്ത ജലക്ഷാമം നേരിടുന്നതിനിടയിലാണ് മഴ കോരിച്ചൊരിഞ്ഞത്. വറ്റിവരണ്ടുകിടന്ന നീരുറവകൾക്കും,നീർച്ചാലുകൾക്കം പുതുജീവൻ സമ്മാനിച്ചു,കിണറുകളിലും ജലനിരപ്പിൽ മാറ്റമുണ്ടായി.ഡാമിലും ജലനിരപ്പ് ഉയർന്നു. ഉണങ്ങിക്കിടന്ന കൃഷികൾക്കും പച്ചപ്പ് ലഭിച്ചു. നദികളിലെ ജലനിരപ്പും ഉയർന്നു.മൂന്ന് ദിവസമായി ഉച്ച തിരിഞ്ഞ് മലയോരമേഖലയിൽ വേനൽമഴ പെയ്യുന്നുണ്ട്.

ഇടിമിന്നൽ നാശം വിതച്ചു

മഴക്കൊപ്പം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നൽ കനത്തനാശനഷ്ടം വിതച്ചു. മിന്നലേറ്റ് അനവധി ടി.വി സെറ്റുകളും ലാപ്ടോപ്പും ഫാനുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു.നിരവധി വീടുകളുടെ വയറിംഗും കത്തി നശിച്ചു. മടത്തറ പുന്നമൺവയലിൽ ഇടിമിന്നലേറ്റ് പശു ചത്തു. പൊൻമുടിയിൽ മിന്നലേറ്റ് മരം കത്തിനശിച്ചു.

Advertisement
Advertisement