മേയറുടെ കാർ തടഞ്ഞ് ചെളി വെള്ളം ഒഴിച്ച് പ്രതിപക്ഷം

Wednesday 06 April 2022 1:43 AM IST

തൃശൂർ: കലക്ക വെള്ളമാണ് കുടിവെള്ള പൈപ്പിലൂടെ വരുന്നതെന്നാരോപിച്ച് കോർപറേഷൻ കൗൺസിലിനിടെ കോൺഗ്രസ് അംഗങ്ങൾ മേയറെ തടഞ്ഞ് കാറിന് മുകളിൽ ചെളിവെള്ളം ഒഴിച്ചു. കാർ മുന്നോട്ടെടുക്കുന്നതിനിടെ കാറിന്റെ ടയർ കയറി കോൺഗ്രസ് കൗൺസിലർമാരായ ശ്രീലാൽ, മെഫി എന്നിവർക്ക് പരിക്കേറ്റു കാറിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച കൗൺസിലർ എ.കെ.സുരേഷിനെ ഭരണപക്ഷത്തെ പി.കെ.ഷാജൻ, അനീസ് അഹമ്മദ് എന്നിവർ ബലമായി വലിച്ചുമാറ്റിയത് തർക്കത്തിൽ കലാശിച്ചു. അതേസമയം പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ നോക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു.

ഇന്നലെ വൈകിട്ട് നാലോടെയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. കലക്കവെള്ളമാണ് പൈപ്പിലൂടെ വരുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ മേയറുടെ ചേംബറിലെത്തി കുത്തിയിരുന്നു. പുറത്തു കടന്ന മേയർ കാറിൽ പോകാനൊരുങ്ങവേ കോൺഗ്രസ് കൗൺസിലർമാർ തടഞ്ഞ് ചെളിവെള്ളം ഒഴിക്കുകയായിരുന്നു. കൗൺസിലർ ശ്രീലാൽ, വനിതാകൗൺസിലർ ലാലി അടക്കമുള്ളവർ മേയറുടെ വാഹനത്തിന് മുന്നിലേക്കെത്തിയതോടെ കാർ മുന്നോട്ടെടുക്കാൻ മേയർ, ഡ്രൈവറോട് ആവശ്യപ്പെട്ടെന്നാണ് പരാതി. മുന്നോട്ടെടുത്തതോടെ കാർ കൗൺസിലർമാരെ നിരക്കി നീക്കി.. കോൺഗ്രസ് കൗൺസിലർമാരുടെ മറ്റൊരു സംഘം രാത്രി ചേംബറിൽ കുത്തിയിരിപ്പ് സമരം നടത്തി. ബി.ജെ.പി കൗൺസിലർമാർ ചെളിവെള്ളം ശരീരത്തിലൊഴിച്ചാണ് പ്രതിഷേധിച്ചത്.

Advertisement
Advertisement