റേഷൻ മണ്ണെണ്ണ മൂന്നു മാസത്തിലൊരിക്കൽ അര ലിറ്ററാക്കിയേക്കും

Wednesday 06 April 2022 2:17 AM IST

തിരുവനന്തപുരം: കേന്ദ്ര വിഹിതം 40% കുറച്ച സാഹചര്യത്തിൽ, വൈദ്യുതീകരിച്ച വീടുകളുള്ള എല്ലാ റേഷൻ കാർഡ് ഉടമകൾക്കും മൂന്നു മാസത്തിലൊരിക്കൽ അര ലീറ്റർ വീതം മണ്ണെണ്ണ നൽകാനുള്ള ആലോചനയിലാണ് സർക്കാർ. വൈദ്യുതിയില്ലാത്തവർക്ക് മണ്ണെണ്ണ വിഹിതം കുടുതൽ നൽകുമെങ്കിലും എത്രയെന്ന് തീരുമാനിച്ചിട്ടില്ല.

കഴിഞ്ഞ ഏപ്രിൽ മുതൽ മൂന്നു മാസത്തിലൊരിക്കൽ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് ഒരു ലിറ്ററും നീല, വെളള കാർഡുകാർക്ക് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് എട്ടു ലിറ്ററുമാണ് നൽകുന്നത്.

മണ്ണെണ്ണ വില ലീറ്ററിന് 53 രൂപയിൽ നിന്നു 81 രൂപയായതിനാൽ, റേഷൻ കടകളിൽ ബാക്കിയുള്ള സ്റ്റോക്ക് 5.9 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കു പഴയ വിലയ്ക്കു നൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചതായും സൂചനയുണ്ട്.

പരമ്പരാഗത മത്സ്യബന്ധനമേഖലയ്ക്കുള്ള മണ്ണെണ്ണ വിഹിതം കുറയുന്നതും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. 2004–05 കാലത്ത് 2.76 ലക്ഷം കീലോലീറ്ററായിരുന്ന കേരളത്തിന്റെ മണ്ണെണ്ണ വിഹിതം 2019ൽ 13,908 കിലോലീറ്ററായി കുറഞ്ഞു. 2021–22ൽ 6480 കിലോലീറ്റായും ഈ സാമ്പത്തിക വർഷം 3288 കിലോലീറ്ററായും കുറഞ്ഞു. ഇന്നു ന്യൂഡൽഹിയിൽ കേന്ദ്ര പെട്രോളിയം, ഭക്ഷ്യ മന്ത്രിമാരുമായി നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

കേന്ദ്രം കനിഞ്ഞില്ലെങ്കിൽ നിയമ പോരാട്ടമാണു മറ്റൊരു മാർഗം. കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നു സ്റ്റേ ലഭിച്ച ബംഗാളിനു മണ്ണെണ്ണ ക്വാട്ട കേന്ദ്രം കുറച്ചിട്ടില്ല. നിയമവഴി തേടുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന മന്ത്രിസഭയാണ്.

Advertisement
Advertisement