സി.പി.എം സംഘടനാ റിപ്പോർട്ട്: ബംഗാളിൽ വേണ്ടത് ആത്മ പരിശോധന

Wednesday 06 April 2022 2:25 AM IST

കണ്ണൂർ: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഉയർത്തിപ്പിടിച്ച ബദൽ നയങ്ങൾക്കാണ് ജനങ്ങൾ അംഗീകാരം നൽകിയതെന്നും, ഇത് ചരിത്ര വിജയമാണെന്നും സി.പി.എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിൽ പ്രശംസ. പശ്ചിമബംഗാളിൽ തകർന്നടിഞ്ഞ പാർട്ടിയിൽ ആത്മപരിശോധന ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പശ്ചിമബംഗാൾ രാഷ്ട്രീയത്തിൽ സംഭവിച്ച ധ്രുവീകരണം പാർട്ടി കേഡർമാരെയടക്കം അകറ്റിയെന്നും ബി.ജെ.പിയിലേക്ക് പലരും ചായാനിടയാക്കിയെന്നും റിപ്പോർട്ട് പറയുന്നു. സംഘടനാ റിപ്പോർട്ട് നാളെ മുതിർന്ന പി.ബി അംഗം പ്രകാശ് കാരാട്ട് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കും. റിപ്പോർട്ട് ചോർന്നതും പാർട്ടികേന്ദ്രങ്ങളിൽ ചർച്ചയായി. കേരളത്തിലെ തുടർഭരണം പാർട്ടിക്ക് നൽകിയത് വലിയ ഉത്തരവാദിത്വമാണ്. ധാർഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്പിക്കണം. ഭരണത്തുടർച്ചയുടെ സാഹചര്യത്തിൽ പാർട്ടിയും ബഹുജനസംഘടനകളും ഭരണത്തിന്റെ അനുബന്ധങ്ങളാകരുത്. ജനങ്ങൾക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റമാവണം. ബംഗാളിൽ കോൺഗ്രസും ഐ.എസ്.എഫും ഉൾപ്പെട്ട സംയുക്ത മുന്നണിയുണ്ടാക്കിയത് പാർട്ടി കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശം ലംഘിച്ചാണ്.

 ശബരിമല പ്രശ്നം തിരിച്ചടിയായി

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്താകെ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടെന്ന് റിപ്പോർട്ട് പറയുന്നു. വെറും 1.77 ശതമാനം വോട്ടാണ് കിട്ടിയത്. ബഹുജനാടിത്തറ തകരുന്നുവെന്ന സൂചനയാണ് പ്രകടമായത്. കേരളത്തിൽ ശബരിമലയും ന്യൂനപക്ഷങ്ങളുടെ വിലയിരുത്തലും വിനയായി. ശബരിമല യുവതീപ്രവേശന വിധിയെ ചൊല്ലിയുണ്ടായ വിവാദങ്ങൾ പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റി. പാർട്ടിക്ക് ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാനാവില്ലെന്ന് മതന്യൂനപക്ഷങ്ങൾ വിലയിരുത്തിയതും തിരിച്ചടിയായി.

 പാർട്ടി കേന്ദ്ര നേതൃത്വത്തിന് വീഴ്ച

സംഘടനാ ചുമതലകൾ നിർവഹിക്കുന്നതിൽ പോളിറ്റ്ബ്യൂറോയ്ക്ക് വീഴ്ചയെന്ന് റിപ്പോർട്ട് സ്വയം വിമർശിക്കുന്നു. പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്താനായില്ല. ദൈനംദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് കൂടുതൽ ഔത്സുക്യം. പാർലമെന്ററി പ്രവണതയും പിന്തിരിപ്പൻ രീതികളും പ്രകടം. അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തൽ നടപ്പാക്കണം. വർഗ,ബഹുജന സംഘടനകളുടെ ശരിയായ വിലയിരുത്തലുണ്ടാകുന്നില്ല. പി.ബി അംഗങ്ങളുടെ പ്രവർത്തനം രണ്ട് വർഷത്തിലൊരിക്കൽ വിലയിരുത്തുന്നില്ല. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാൻ സമരങ്ങൾ ഒഴിവാക്കുന്നു. പാർലമെന്ററി വ്യാമോഹവും കാരണമാണ്.

ജാതി ഒരു യാഥാർത്ഥ്യമാണെന്നും, പിന്നാക്ക ദളിത് വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കണമെന്നും വാദിച്ച് തെലങ്കാന പാർട്ടി ഘടകം നടത്തിയ പരീക്ഷണം മാർക്സിസ്റ്റ് വിരുദ്ധ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തള്ളിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 വരുമോ കേന്ദ്ര സെക്രട്ടേറിയറ്റ്?

പൊളിറ്റ്ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിക്കും ഇടയിലായി ദൈനംദിന കാര്യങ്ങൾ ചലിപ്പിക്കാനായി കേന്ദ്ര സെക്രട്ടേറിയറ്റ് കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം രൂപീകരിക്കണമായിരുന്നുവെന്ന അഭിപ്രായം നേതൃത്വത്തിലുണ്ട്. അത് രൂപീകരിക്കാത്തത് പിഴവായി റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ അഖിലേന്ത്യാ സെക്രട്ടേറിയറ്റ് കണ്ണൂർ പാർട്ടി കോൺഗ്രസിന് ശേഷം രൂപീകരിക്കാനുള്ള സാദ്ധ്യതയേറി.

Advertisement
Advertisement