6000 ചതുരശ്രയടി നീളമുള്ള അടുക്കള, ഭക്ഷണത്തിന്റെ ചുമതല നൽകിയത് പാരഗണിന്: സിപിഎം പാർട്ടികോൺഗ്രസിൽ ഒരുക്കുന്ന ഭക്ഷണ മെനു കണ്ടാൽ ഫൈവ് സ്‌റ്റാർ ഹോട്ടലിലെ ഷെഫുമാർ നാണിക്കും
കണ്ണൂർ: പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന പ്രതിനിധികളും അതിഥികളുമടക്കം 1600ഓളം പേർക്ക് ഒരുക്കുന്ന ഭക്ഷ്യവിഭവങ്ങളിൽ കൊതിയൂറുന്ന തനി നാടൻ മുതൽ ഉത്തരേന്ത്യൻ വിഭവങ്ങൾ വരെയുണ്ട്. മുഖ്യവേദിക്ക് പിന്നിലാണ് 6000 ചതുരശ്ര അടിയുള്ള അടുക്കള ഒരുക്കിയിരിക്കുന്നത്. രുചിഭേദങ്ങൾക്കനുസരിച്ച് ഭക്ഷണം വിളമ്പാനുള്ള ചുമതല കോഴിക്കോട്ടെ പ്രശസ്ത ഹോട്ടൽ ഗ്രൂപ്പായ പാരഗണിനാണ്.
നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ കൗണ്ടറുകൾ പ്രത്യേകമുണ്ട്. മലയാളികൾക്ക് ചിക്കൻ മസാലക്കറിയാണ് ഇഷ്ടമെങ്കിൽ നോർത്ത് ഇന്ത്യൻ രുചികൾ വേണ്ടവർക്ക് ബട്ടർചിക്കനും ചിക്കൻ ദോ പ്യാസ, മീൻ വിഭവമായ അച്ചാറി മച്ച്ലി തുടങ്ങിയവയും ലഭിക്കും. ചോറിനൊപ്പം തന്തൂർ റൊട്ടിയും ചപ്പാത്തിയും ഉണ്ടാകും. ഇന്ന് നെയച്ചോറും മട്ടൻ സ്റ്റൂവുമാണ് സൗത്ത് ഇന്ത്യൻ സ്‌പെഷ്യൽ. ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും ഉൾപ്പെടെ ഓരോ ദിവസവും മെനുവിൽ മാറ്റം വരുത്തുമെന്ന് പാരഗൺ ഔട്ടഡോർ കോർപ്പറേറ്റമാനേജർ സുമിത് പറഞ്ഞു.
രാവിലെ 11 മണി ചായയ്‌ക്കൊപ്പം കണ്ണൂരിന്റെ തനതു ലഘുഭക്ഷണമായ കിണ്ണത്തപ്പം, വട്ടയപ്പം, കണ്ണൂരപ്പം തുടങ്ങിയവ രുചിക്കാം. വൈകിട്ട് ചായയ്‌ക്കൊപ്പം പാർട്ടിയുടെ സ്വന്തം പരിപ്പുവടയുണ്ട്. പിന്നെ ബോണ്ട, അരിനുറുക്ക് പോലുള്ള കേരള പലഹാരങ്ങളും. ഒപ്പം ബിസ്‌ക്കറ്റും. അത്താഴത്തിന് ഗോതമ്പിന്റെയും നെല്ലു കുത്തരിയുടെയും കഞ്ഞിയും ഒപ്പം പുഴുക്കും. വിഭവങ്ങളൊരുക്കാൻ പാരഗൺ ഗ്രൂപ്പ് അമ്പതോളം പാചക വിദഗ്ദ്ധരെ കൊണ്ടുവന്നിട്ടുണ്ട്.