മുല്ലപ്പെരിയാർ : ഹർജികളിൽ സുപ്രീംകോടതി നാളെ വിധിപറയും, മേൽനോട്ട  സമിതി   ചെയർമാനെ  മാറ്റേണ്ടതില്ലെന്ന്  കേന്ദ്രം

Thursday 07 April 2022 4:10 PM IST

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഹർജികളിൽ വിധി പറയുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. കേന്ദ്ര ജലകമ്മീഷൻ ചെയർമാന് മേൽനോട്ട സമിതി ചെയർമാന്റെ ചുമതല നൽകണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതിനെ എതിർക്കുകയായിരുന്നു. നിലവിലെ മേൽനോട്ട സമിതി ചെയർമാൻ മാറ്റേണ്ടതില്ലെന്നാണ് കേന്ദ്ര നിലപാട്.

മുല്ലപ്പെരിയാർ വിഷയത്തിൽ ദേശീയ ഡാം സുരക്ഷാ അതോറിട്ടിയുടെ നിയമപരമായ അധികാരങ്ങൾ താത്ക്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതോറിട്ടി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഒരു വർഷംകൂടി സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികാരങ്ങൾ താത്ക്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറുന്നത്. ഇരു സംസ്ഥാനങ്ങളുടെയും ഓരോ അംഗത്തെ കൂടി ഉൾപ്പെടുത്തി മേൽനോട്ട സമിതി ശക്തിപ്പെടുത്തുമെന്ന് കോടതി വ്യക്തമാക്കി. സമിതി പുനഃസംഘടിപ്പിക്കുന്നതിനെ കേന്ദ്രസര്‍ക്കാരും അനുകൂലിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഓരോ പ്രതിനിധികളെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും.