വരൾച്ചയോ, മണ്ണിനായിതാ കാപ്സ്യൂൾ !

Thursday 07 April 2022 9:48 PM IST

തൃശൂർ: കൃഷിയിടത്തിൽ വരൾച്ചയാണോ, കുറച്ചു ഗുളികകൾ (കാപ്‌സ്യൂൾ) മണ്ണിലിട്ടാൽ മതി. കുഞ്ഞു 'ജലസംഭരണികൾ' പോലെ പ്രവർത്തിച്ച് ഇവ മണ്ണിലെ ജലാംശം സംരക്ഷിക്കും.

ഇത്തരത്തിൽ ഗ്രോബാഗ്, ചട്ടിക്കൃഷി എന്നിവയ്ക്ക് പ്രയോജനപ്രദമായ ഹൈഡ്രോജെൽ ക്യാപ്‌സ്യൂളുകൾ സംസ്ഥാനത്ത് പ്രചാരത്തിലാവുകയാണ്. ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച പൂസ ഹൈഡ്രോജെൽ ക്യാപ്‌സ്യൂൾ കാർഷിക സർവകലാശാലയും പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രവും വിതരണം ചെയ്യുന്നുണ്ട്. സ്റ്റാർച്ച് അടിസ്ഥാനമായുള്ള ഇവ ധാരാളം ജലം സംഭരിക്കും. വരൾച്ചയുള്ളപ്പോൾ കാപ്‌സൂളുകളിലെ ജലാംശം വേരുകൾ വലിച്ചെടുക്കുന്നതിനാൽ നന കുറയ്ക്കാം. തെങ്ങ്, കവുങ്ങ്, വാഴ, ജാതി എന്നിവയ്ക്കും ഉപയോഗിക്കാം. ഒരെണ്ണത്തിന് മൂന്ന് രൂപയാണ് വില.

ഉപയോഗിക്കേണ്ട വിധം

വാഴ, കവുങ്ങ്, തെങ്ങ്, ജാതി തുടങ്ങിയവയുടെ മൂന്നടി അകലത്തിൽ കൈപ്പത്തി ആഴത്തിൽ കുഴിയോ ചാലോ എടുത്ത് നിക്ഷേപിച്ച ശേഷം മൂടണം. ഗ്രോബാഗിലും ചട്ടിയിലും ചെറിയ കുഴി മതി. വാഴയ്ക്കും കവുങ്ങിനും ഒരെണ്ണത്തിന് യഥാക്രമം 8,10 എണ്ണവും തെങ്ങിനും ജാതിക്കും 20 എണ്ണം വീതവും ഉപയോഗിക്കണം. ഗ്രോബാഗിലും ചട്ടിയിലും ഒരെണ്ണത്തിൽ നാലെണ്ണം. ആദ്യം നന്നായി നനയ്ക്കണം. വെള്ളം വലിച്ചെടുക്കുമ്പോൾ കാപ്‌സ്യൂളിന്റെ തോട് പൊട്ടി തരികൾ മണ്ണിൽ കലരും. ഇവ വെള്ളം വലിച്ചെടുക്കും. മഴ പെയ്യുന്നതോടെ മണ്ണിൽ അലിഞ്ഞുചേരും. അടുത്ത സീസണിൽ പുതിയവ ഉപയോഗിക്കണം.

തമിഴ്‌നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ ഇവ ധാരാളം ഉപയോഗിക്കുന്നു. പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ആവശ്യക്കാർക്ക് അയച്ചുകൊടുക്കും.

വി.പി.ജയിംസ്
ടെക്‌നിക്കൽ ഓഫീസർ
കാർഷിക ഗവേഷണ കേന്ദ്രം, പട്ടാമ്പി.

Advertisement
Advertisement