ഒടുവിൽ ഉത്തരം 'പാർട്ടി കോൺഗ്രസ് '

Friday 08 April 2022 12:00 AM IST

കോൺഗ്രസോ, പാർട്ടി കോൺഗ്രസോ എന്ന ചോദ്യത്തിന് കെ.വി. തോമസ് ഒടുവിൽ ഉത്തരം പറഞ്ഞു: 'പാർട്ടി കോൺഗ്രസ് .'

സി.പി.എമ്മിന്റെ കണ്ണൂർ പാർട്ടി കോൺഗ്രസിൽ നാളെ നടക്കുന്ന 'കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ' സംബന്ധിച്ച സെമിനാറിൽ പങ്കെടുക്കാനുള്ള സുപ്രധാന തീരുമാനം കെ.വി. തോമസ് ഇന്നലെ പ്രഖ്യാപിച്ചു. സെമിനാറിന് രണ്ട് ദിവസം ബാക്കിയിരിക്കെയാണ് പ്രൊഫ. തോമസ് തീരുമാനം അറിയിച്ചത്. സി.പി.എം സംസ്ഥാന നേതൃത്വവും പാർട്ടി കോൺഗ്രസ് സംഘാടക സമിതിയുമെല്ലാം കഴിഞ്ഞ ദിവസവും പ്രകടിപ്പിച്ച ഉറച്ച ആത്മവിശ്വാസം വെറുതേയല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കെ.വി. തോമസിന്റെ ഇന്നലത്തെ പ്രഖ്യാപനം. പിന്നെ എന്തിനാണ് ഇത്രയും ദിവസം സസ്പെൻസ് നിലനിറുത്തിയത് എന്ന ചോദ്യത്തിന് ഉത്തരം കെ.വി. തോമസിന് മാത്രമേ നൽകാനാവൂ.

കരുണാകരന്റെ വിശ്വസ്ത അനുയായിയായി കോൺഗ്രസിൽ ഉയരങ്ങളിലെത്തിയ കെ.വി. തോമസ് രസതന്ത്രം അദ്ധ്യാപകനായിരുന്നു. മാഷിന് രാഷ്ട്രീയത്തിന്റെ രസതന്ത്രം ആരും പഠിപ്പിച്ച് കൊടുക്കേണ്ടതില്ല. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇനി ആയുസ്സില്ലെന്ന് മനസ്സിലാക്കിയ തോമസ്, യുക്തമായ സമയം നോക്കിയാണ് നിലപാടെടുത്തത്. വെറുതെ കോൺഗ്രസിൽ നിന്ന് ചാടി സി.പി.എമ്മിനൊപ്പം പോയാൽ അത് പേരുദോഷമാകും. ഇക്കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിലും സീറ്റിനായി അദ്ദേഹം പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചതാണ്. അത് നടന്നില്ല. അന്ന് ചാടിയിരുന്നെങ്കിൽ അധികാരമോഹമെന്ന ആക്ഷേപം കേൾക്കേണ്ടി വരുമായിരുന്നു. ഇപ്പോൾ അതല്ല കാര്യം. ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാർ ഫെഡറൽസംവിധാനത്തെ തകർക്കുന്ന നയസമീപനം തുടരുന്നുവെന്ന ആക്ഷേപമുയരുന്ന കാലമാണ്. അത് ചർച്ച ചെയ്യുന്ന സുപ്രധാനമായൊരു സെമിനാർ സി.പി.എം സംഘടിപ്പിക്കുമ്പോൾ അതിൽ പങ്കെടുക്കേണ്ടത് രാഷ്ട്രീയധർമ്മമാണെന്ന് പ്രഖ്യാപിച്ചാണ് തോമസ്, കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് മുറിച്ച് പുറത്ത് കടക്കുന്നത്. പാർട്ടി അച്ചടക്ക ലംഘനത്തേക്കാൾ രാഷ്ട്രീയപ്രതിബദ്ധതയാണ് തന്നെ നയിക്കുന്നതെന്ന് അദ്ദേഹത്തിന് പറയാം. കോൺഗ്രസുകാർ അത് വിശ്വസിക്കില്ലെങ്കിലും.

കോൺഗ്രസ് നേതൃത്വത്തിന് കെ.വി. തോമസിന്റെ നീക്കം തത്‌കാലം ക്ഷീണമാണ്. ഒന്നാമത്, പാർട്ടി സ്വീകരിച്ച രാഷ്ട്രീയ തീരുമാനം മുതിർന്ന നേതാവ് തന്നെ അട്ടിമറിക്കുന്നതിലെ കുറച്ചിൽ. മറ്റൊന്ന് ബി.ജെ.പി സമീപനത്തിനെതിരായ ഒരു രാഷ്ട്രീയവിഷയം ചർച്ച ചെയ്യുന്ന സെമിനാറിൽ നിന്ന് മുതിർന്ന നേതാവിനെ വിലക്കിയത് സി.പി.എം രാഷ്ട്രീയായുധമാക്കും എന്നത്. ബി.ജെ.പിക്ക് അലോസരമുണ്ടാക്കുന്ന ഒന്നും കോൺഗ്രസിന് സ്വീകാര്യമല്ലെന്ന പഴി ഇന്നലെ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉയർത്തിക്കഴിഞ്ഞു.

സിൽവർലൈൻ വിഷയത്തിലടക്കം കോൺഗ്രസ് ശക്തമായ സമരമുഖത്ത് നിൽക്കുന്ന ഘട്ടത്തിലാണ് സി.പി.എമ്മിന്റെ സെമിനാർവേദിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കേണ്ടെന്ന നിലപാട് പാർട്ടി നേതൃത്വം സ്വീകരിച്ചത്. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന് കോൺഗ്രസ് ഏറ്റവുമധികം ഇരയാവേണ്ടി വന്ന ജില്ലയാണെന്ന വ്യാഖ്യാനവും കോൺഗ്രസ് നിരത്തി.

കൊച്ചിയിലെ സംസ്ഥാന സമ്മേളനത്തിലും കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് നേതൃത്വം വിലക്കിയിരുന്നു. കെ.പി.സി.സിയുടെ ആവശ്യം മാനിച്ച് ഹൈക്കമാൻഡാണ് നേതാക്കളെ വിലക്കിയത്. ഇതേത്തുടർന്ന് കണ്ണൂർ പാർട്ടി കോൺഗ്രസിലെ മറ്റ് സെമിനാറുകളിൽ നിന്ന് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ശശി തരൂർ എം.പിയും വിട്ടുനിന്നു.

22 വർഷം എം.പിയായും എട്ട് വർഷം എം.എൽ.എയായും മൂന്ന് വർഷം സംസ്ഥാന മന്ത്രിയായും 2009ൽ കേന്ദ്രത്തിലെ മൻമോഹൻ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായുമെല്ലാം നിറഞ്ഞുകളിച്ച കെ.വി. തോമസിന് 2019 ൽ കോൺഗ്രസ് വീണ്ടും സീറ്റ് നിഷേധിച്ചതോടെയാണ് പാർട്ടിക്കുള്ളിലെ ഒറ്റപ്പെടലിന്റെ ആരംഭം. പിന്നീടിങ്ങോട്ട് അദ്ദേഹം തീർത്തും അവഗണിക്കപ്പെട്ടെന്ന് പറയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായെങ്കിലും വൈകാതെ മാറേണ്ടിവന്നു. ഈ അവഗണനയാണ് കെ.വി.തോമസിൽ മാറ്റത്തിനുള്ള ചിന്ത പ്രബലമാക്കിയത്. അതിനുള്ള ഏറ്റവും മികച്ച അവസരം സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ് അദ്ദേഹത്തിന് തുറന്നിട്ടുകൊടുത്തു. തോമസിന്റെ വഴി ഇനി കോൺഗ്രസിന്റെ പുറത്തേക്കാണ്. നേതൃത്വം അതിന്റെ സൂചന നൽകിക്കഴിഞ്ഞു.

കെ.എം. മാണിയെ 2013ലെ സംഘടനാ പ്ലീനത്തിന്റെ സെമിനാറിലേക്കും 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിലെ സെമിനാറിലേക്കും ക്ഷണിച്ച് സി.പി.എം സമാനനിലയിൽ രാഷ്ട്രീയം കളിച്ചിരുന്നു. 2018ൽ കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന സെമിനാറിൽ പങ്കെടുത്ത മാണിയെയും പാർട്ടിയെയും ബാർകോഴ പ്രക്ഷോഭമെല്ലാം മറന്ന് സ്വീകരിക്കാൻ സി.പി.എം ഒരുങ്ങുമ്പോഴാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി രാജ്യസഭാ സീറ്റെന്ന തുറുപ്പുചീട്ടെറിഞ്ഞ് കോൺഗ്രസ് പിന്തിരിപ്പിച്ചത്.

Advertisement
Advertisement