നാടകാന്ത്യം കൈകൊടുത്ത് !

Thursday 07 April 2022 10:18 PM IST

  • ഡ്രൈവറെ നീക്കിയെന്ന് അവകാശപ്പെട്ട് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് കോൺഗ്രസ്

തൃശൂർ: പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ കാറോടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലുൾപ്പെട്ട മേയറുടെ ഡ്രൈവറെ ജോലിയിൽ നിന്ന് നീക്കിയെന്ന് അവകാശപ്പെട്ട് കോൺഗ്രസ് നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. എന്നാൽ ഡ്രൈവറെ മാറ്റിയെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് മേയർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കോർപ്പറേഷൻ ഓഫീസിൽ കുടിവെള്ള പ്രശ്‌നത്തെ ചൊല്ലിയുള്ള നാടകീയരംഗങ്ങളെ തുടർന്ന് മൂന്ന് ദിവസമായി കോൺഗ്രസ് നടത്തിയ സമരത്തിന്റെ അവസാനവും നാടകീയമായി പര്യവസാനിച്ചു. പരസ്പരം കേസ് കൊടുത്ത് യു.ഡി.എഫ് - എൽ.ഡി.എഫ് ചർച്ചയെ തുടർന്ന് കൈകൊടുത്താണ് ഇരുവരും പിരിഞ്ഞത്.

ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് കുടിവെള്ളത്തിന് പകരം കലക്കവെള്ളമാണ് പൈപ്പുകളിൽ വരുന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കൗൺസിലർമാർ മേയറുടെ കാർ തടഞ്ഞ് മുകളിലേക്ക് ചെളിവെള്ളം ഒഴിച്ചത്. ഈ സമയത്ത്

പ്രതിഷേധക്കാർക്കിടയിലൂടെ മേയർ കാറുമായി മുന്നോട്ടു പോയത് കൂടുതൽ സംഘർഷത്തിനിടയാക്കി. കൗൺസിലർമാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ മേയർ എം.കെ.വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ വധശ്രമത്തിന് കേസെടുത്തു.

പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നും കാട്ടി മേയർ നൽകിയ പരാതിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെയും വധശ്രമത്തിന് കേസെടുത്തു. ആശുപത്രി വിട്ട കൗൺസിലർമാർ സമരം തുടർന്നു. ഡ്രൈവറെ നീക്കാതെ സമരമവസാനിപ്പിക്കില്ലെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ഇന്നലെ ഇരുപാർട്ടി നേതൃത്വവും ഇടപെട്ട് ചർച്ച നടത്തിയത്. തുടർച്ചർച്ചകൾ നടത്തി രമ്യമായി പരിഹരിക്കാമെന്ന ധാരണയിലാണ് പിരിഞ്ഞതെന്നാണ് സൂചന.

Advertisement
Advertisement