ടോൾ നിരക്ക് ഉയരുന്നു ചരക്കുഗതാഗതം പ്രതിസന്ധിയിലേക്ക്

Friday 08 April 2022 12:00 AM IST

വാളയാറിലും വടക്കഞ്ചേരി പന്നിയങ്കരയിലും ഒരേസമയം ടോൾ നിരക്ക് ഉയർന്നത് കേരളത്തിലേക്കുള്ള ചരക്കുഗതാഗതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഇന്ധന വിലക്കയറ്റവും നികുതി വർദ്ധനയിലും ചരക്കുഗതാഗത മേഖല തകർന്നിരിക്കുമ്പോഴാണ് പുതിയ ഇരുട്ടടി. ദേശീയപാത 544ന്റെ ഭാഗമായ വാളയാർ പാമ്പംപള്ളം ടോൾ പ്ലാസയിലെ നിരക്ക് ഏപ്രിൽ ഒന്നുമുതൽ പത്തു ശതമാനം വർദ്ധിപ്പിച്ചതോടെയാണ് മേഖല കൂടുതൽ പ്രതിസന്ധിയിലായത്. രണ്ടുവർഷത്തിനു ശേഷമാണ് നിരക്ക് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതോടെ ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം നൽകേണ്ട തുക 285 രൂപയിൽനിന്ന് 315 രൂപയായും ഉയർന്നു. ചെറിയ വാണിജ്യവാഹനങ്ങൾ, ചരക്കുവാഹനങ്ങൾ എന്നിവയുടെ ഒരു യാത്രയ്ക്കുള്ള തുക 105 രൂപയിൽനിന്ന് 120 രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. അന്നേദിവസംതന്നെ മടക്കയാത്ര ഉണ്ടെങ്കിൽ 175 രൂപ നൽകണം. ഇത്തരം വാഹനങ്ങൾക്ക് ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 3920 രൂപയായി. 360 രൂപയുടെ വർദ്ധനയാണുണ്ടായത്.

പന്നിയങ്കരയിൽ ടിപ്പർ, ടോറസ് തുടങ്ങിയ ഭാരമുള്ള വാഹനങ്ങൾക്ക് 480 രൂപയാണ് ഒരുഭാഗത്തേക്ക് ടോൾ . ഇരുഭാഗത്തേക്കുമായി 725 രൂപ നൽകണം. ഇത്തരത്തിൽ പ്രതിമാസം ഏകദേശം 16065 രൂപ നൽകണം. വിഷയത്തിൽ 15 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ വീണ്ടും സമരം നടത്താനുള്ള തീരുമാനത്തിലാണ് ലോറി ഉടമകൾ. മുമ്പുണ്ടായിരുന്ന സർവീസുകൾ നിലവില്ല. ഈ സാഹചര്യത്തിൽ ചരക്കുവാഹനങ്ങൾ സമരത്തിലേക്ക് കടന്നാൽ കഞ്ചിക്കോട് ഉൾപ്പെടെയുള്ള കേരളത്തിലെ വ്യവസായ മേഖലയെയും പ്രതിസന്ധിയിലാക്കും. കൊവിഡ് സമയത്ത് ഓട്ടമില്ലാതിരുന്നത് കാരണം വലിയ ബാധ്യതയാണ് ചരക്കുവാഹനങ്ങൾക്കുണ്ടായത്. ഇതു തരണം ചെയ്യുന്നതിനിടെയാണ് ടോൾ നിരക്ക് ഉയർന്നത്. ഇത് ചരക്കുഗതാഗത മേഖലയ്‌ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ കേരള ജനറൽ സെക്രട്ടറി എം.നന്ദകുമാർ പറഞ്ഞു.

പന്നിയങ്കരയിൽ സ്വകാര്യ ബസുകളും പ്രതിസന്ധിയിൽ

പന്നിയങ്കര ടോൾ പ്ലാസയിൽ സഞ്ചാര സ്വാതന്ത്ര്യത്തിനും നിലനിൽപ്പിനുമായുള്ള പോരാട്ടത്തിലാണ് സ്വകാര്യ ബസുകളും. ടോൾ പിരിവിനെ ചൊല്ലിയാണ് കരാർ കമ്പനികളും സ്വകാര്യ ബസുകളും തമ്മിൽ തുറന്ന പോരാട്ടം . ചാർജ് വർദ്ധന പിൻവലിക്കൻ പറ്റില്ലെന്നാണ് കരാർ കമ്പനിക്കാരുടെ വാദം. ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിനിടെ ദുരിതത്തിലായത് സാധാരണക്കാരായ യാത്രക്കാരാണ്. സ്വകാര്യ ബസുകളിൽനിന്ന് ടോൾ പിരിവ് ആരംഭിച്ചതോടെ ബസുകൾ നിർത്തിയിട്ട് യാത്രക്കാരെ ഇറക്കിവിട്ട സാഹചര്യം വരെയുണ്ടായി. ടോൾ വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. സമരം തുടർന്നാലും ദുരിതം യാത്രക്കാർക്കായിരിക്കും.

ടോൾ നിരക്ക് വെട്ടിച്ചുരുക്കണം

കോടികണക്കിന് രൂപ ചെലവിൽ ദേശീയപാത നവീകരിച്ച കരാർ കമ്പനിക്ക് മുടക്ക് മുതൽ ലഭിക്കണമെങ്കിൽ ടോൾ പിരിച്ചേപറ്റൂ എന്നാണ് പറയുന്നത്. ടോൾ കൂടി കൊടുത്താൽ സർവീസ് നടത്തിയിട്ട് യാതൊരു കാര്യവുമില്ലെന്നാണ് ബസുടമകളുടെയും ലോറിയുടമകളുടെയും വാദം. പന്നിയങ്കരയിൽ ഒരുമാസം സ്വകാര്യ ബസുകൾക്ക് 50 തവണ ടോൾ പ്ലാസ് കടന്നുപോകണമെങ്കിൽ 10,540 രൂപ നൽകണം. തൃശൂർ, പാലക്കാട് റൂട്ടിൽ ഉൾപ്പെടെ ദിവസവും സ്വകാര്യ ബസുകൾ നാല് തവണ സർവീസ് നടത്തുന്നുണ്ട്. അങ്ങനെയെങ്കിൽ പ്രതിമാസം 120 തവണ സർവീസ് നടത്തേണ്ടിവരും. കരാർ കമ്പനിയുടെ കണക്കുപ്രകാരം മാസം 25,326രൂപ ടോൾ നൽകേണ്ടിവരും. അതിനാൽ പന്നിയങ്കരയിലെ ടോൾ പാലിയേക്കര, അട്ടപ്പള്ളം ടോൾ നിരക്കിനു സമാനമായി വെട്ടിച്ചുരുക്കണമെന്നാണ് ബസ് - ലോറിയുടമകളുടെ ആവശ്യം.

ഇന്ധനവിലയും ടോളും

ഭൂരിഭാഗം ബസുകളും കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ഇന്ധനവിലയ്‌ക്കൊപ്പം സർവീസിനുള്ള ചെലവും ജീവനക്കാർക്കുള്ള ശമ്പളവും എല്ലാം ചേർന്ന് ബസുടമകൾ നെട്ടോട്ടത്തിലാണ്. വാളയാറിൽ ഒരുമാസത്തേക്ക് 2300 രൂപ മാത്രം നൽകിയാൽ മതി. ഒരുദിവസം എത്ര തവണ വേണമെങ്കിലും കടന്നുപോകാം. പന്നിയങ്കരയിലും വാളയാറിലും ദേശീയപാത അതോറിറ്റി ഒരേ കരാർ വ്യവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെയാണ് പന്നിയങ്കരയിൽ കരാർ കമ്പനി പകൽക്കൊള്ള നടത്തുന്നത്. വാളയാറിൽ ടോൾ പിരിവ് ആരംഭിക്കുമ്പോൾ പ്രതിമാസം 8,215 രൂപയാണ് സ്വകാര്യ ബസുകളിൽനിന്ന് ഈടാക്കാൻ നിശ്ചയിച്ചിരുന്നത്. പിന്നീട് കരാർ കമ്പനിയും ബസുടമകളുടെ പ്രതിനിധികളും തമ്മിൽ ചർച്ച ചെയ്ത് ടോൾനിരക്ക് കുറയ്ക്കാൻ ധാരണയിലെത്തുകയായിരുന്നു. ഇതേ മാതൃകയിൽ പന്നിയങ്കരയിലും ഇളവ് അനുവദിക്കണമെന്നാണ് ബസുടമകൾ പറയുന്നത്. എന്നാൽ ഏപ്രിൽ ഒന്നുമുതൽ 10,540 രൂപയാക്കി ഉയർത്തി. ദേശീയപാതയുടെ പണി പൂർത്തിയാക്കിയാൽ വീണ്ടും ടോൾ വർദ്ധിപ്പിക്കുമെന്നാണ് കരാർ കമ്പനി പറയുന്നത്.

Advertisement
Advertisement