പാളയത്തെ നോമ്പുകഞ്ഞി കുടിക്കാനെത്തുന്നത് ആയിരത്തിലധികം പേർ 28 ഔഷധക്കൂട്ടുകൾ ചേർന്ന രുചിപ്പെരുമ must

Friday 08 April 2022 2:49 AM IST

തിരുവനന്തപുരം:റംസാൻ വ്രതം ആരംഭിച്ചതോടെ പാളയം ജുമാ മസ്‌ജിദിൽ ദിവസവും നോമ്പുകഞ്ഞി കുടിക്കാനെത്തുന്നത് ആയിരത്തിലധികം പേർ. ആയുർവേദക്കൂട്ടുകളും സുഗന്ധവ്യഞ്ജനങ്ങളും അടക്കം 28 ഔഷധകൂട്ടുകൾ ചേർന്നതാണ് പാളയം കഞ്ഞി.ജാതി-മത ഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിലുളളവരാണ് ഇവിടേക്ക് എത്തുന്നത്.പാരമ്പര്യമായി പാളയം പളളിയിലെ പാചകക്കാർ കൈമാറി വരുന്ന രഹസ്യക്കൂട്ടുകളും കഞ്ഞിയിൽ ചേർക്കാറുണ്ട്.ഇവിടെ ഉണ്ടാക്കുന്ന കഞ്ഞി മറ്റൊരിടത്തും ഉണ്ടാക്കാറില്ലെന്നും കഞ്ഞിക്ക് പിന്നിലെ രുചിയുടെ രഹസ്യം പുറത്തുവിടില്ലെന്നും പാചകക്കാരനായ നാസർ പറഞ്ഞു. ഇരുന്നൂറോളം വർഷം പഴക്കമുളള പളളിയിൽ നോമ്പുകഞ്ഞിക്ക് തുടക്കം കുറിച്ചത് 1967 മുതലാണ്.

40 വർഷത്തോളം വട്ടിയൂർക്കാവ് സ്വദേശിയായ ഹനീഫയാണ് കഞ്ഞി തയ്യാറാക്കിയിരുന്നത്.ഇപ്പോൾ ഹനീഫയുടെ ബന്ധു നാസറും സംഘവുമാണ് കഞ്ഞി ഒരുക്കുന്നത്.ഒരു ദിവസം ആയിരത്തി മുന്നൂറോളം പേരാണ് കഞ്ഞി കുടിക്കാനെത്തുന്നതെന്ന് പാളയം പളളി ജനറൽ സെക്രട്ടറി ജെ.ഹാരിഫ് പറഞ്ഞു.വിറക് അടുപ്പിലാണ് കഞ്ഞി തയ്യാറാക്കുന്നത്.നിയമസഭ ചേരുന്ന സമയമാണെങ്കിൽ എം.എൽ.എമാരും മന്ത്രിമാരും സ്ഥിരം നോമ്പുതുറക്കാനെത്തുന്നത് പാളയം പളളിയിലാണ്.സെക്രട്ടേറിയറ്റ് ജീവനക്കാർ,നിയമസഭാ കോംപ്ലക്‌സിലെ ജീവനക്കാർ,പൊലീസ്-ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ തുടങ്ങിയവരും നോമ്പുതുറക്കലിന്റെ ഭാഗമായി എത്താറുണ്ട്.

പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി സ്റ്റീൽ പ്ലേറ്റുകളിലാണ് കഞ്ഞി വിതരണം.ഒരു സമയത്ത് എണ്ണൂറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിംഗ് ഹാൾ പളളിയിലുണ്ട്.സ്‌ത്രീകൾക്ക് നോമ്പുതുറക്കാനായും പ്രത്യേകം സൗകര്യങ്ങളുണ്ട്. കഞ്ഞിക്കൊപ്പം കപ്പയാണ് സ്ഥിരംവിഭവം.വെളളിയാഴ്‌ചകളിൽ കപ്പയ്‌ക്ക് പകരം പയറാകും നൽകുക.വെളുപ്പിന് മൂന്നരയ്‌ക്ക് പാളയം പളളിയിലെ ഇട അത്താഴം കഴിക്കാനും നിരവധി പേരാണ് എത്തുന്നത്. മൂന്ന് തരം കറികൾക്കൊപ്പം മീനോ ഇറച്ചിയോ ഇട അത്താഴത്തിനോടൊപ്പം ഉണ്ടാകും.ദിവസവും മൂന്നൂറോളം പൊതികളാണ് ഇട അത്താഴത്തിനായി തയ്യാറാക്കുന്നതെന്ന് പാചകക്കാരൻ നാസർ പറഞ്ഞു.

Advertisement
Advertisement