യുവവീരന്മാർക്കായി അഗ്നിപഥ്, ബിപിൻ റാവത്തിന്റെ സ്വപ്നപദ്ധതി

Saturday 09 April 2022 1:44 AM IST

ന്യൂഡൽഹി: 'ജീവിതത്തിൽ അല്പകാലമെങ്കിലും സൈനികനാകണം' എന്നാഗ്രഹിക്കുന്ന യുവാക്കൾക്ക് 'അഗ്നിപഥ് എൻട്രി സ്കീമിലൂടെ' ആഗ്രഹപൂർത്തീകരണത്തിന് വഴിയൊരുക്കിയത് അന്തരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്.

മൂന്ന് വർഷത്തെ കരാറിൽ യുവാക്കളെ കരസേനയിൽ നിയമിക്കുക എന്ന സ്വപ്നപദ്ധതി 2020ലാണ് അദ്ദേഹം സർക്കാരിന് മുമ്പിൽ അവതരിപ്പിച്ചത്.

ഈ ഹ്രസ്വകാല റിക്രൂട്ട്മെന്റിലൂടെ ഇന്ത്യൻ സേനയുടെ മുഖം കൂടുതൽ യുവത്വമുള്ളതാക്കി മാറ്റാനാകുമെന്നും സൈനിക ചെലവുകൾ കുറയ്ക്കാനാകുമെന്നും റാവത്ത് ലക്ഷ്യമിട്ടു.

അദ്ദേഹത്തിന്റെ ആഗ്രഹം പോലെ കരസേനയ്ക്കൊപ്പം വ്യോമസേനയും നാവിക സേനയും പദ്ധതി സംബന്ധിച്ച് സർക്കാരിന് മുമ്പിൽ ഉടൻ രൂപരേഖ അവതരിപ്പിക്കും.

 അഗ്നി വീർ

 മൂന്ന് വർഷത്തെ സേവന കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ 'അഗ്നിവീർ' എന്നറിയപ്പെടും.

 മികവ് പുലർത്തുന്ന അഗ്നിവീരന്മാരെ സേനയിൽ നിലനിറുത്തും.

 മറ്റുള്ളവരെ രാജ്യത്തെ വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഉന്നത സിവിലിയൻ ജോലികളിൽ പ്രവേശിക്കുന്നതിന് വേണ്ട പരിശീലനവും സഹായവും നൽകും.

 മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിച്ചു.

ചെലവ് ഗണ്യമായി കുറയും

2020 ൽ പ്രസിദ്ധീകരിച്ച ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് ഷോർട്ട് സർവീസ് കമ്മിഷൻ നേടിയ സേനാംഗത്തെ പരിശീലിപ്പിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ ചെലവ് 6 കോടിയിലധികം രൂപയാണ്.

ഒരു അഗ്നിവീരനെ സേനാംഗമാക്കുന്നതിന് 85 ലക്ഷം രൂപയേ ചെലവ് വരൂ. മൂന്നുവർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക് പെൻഷനില്ല.

ഇന്ത്യൻ സേനകളിലെ ഒഴിവുകൾ നികത്താനുള്ള ഒരു അതിവേഗ പദ്ധതി കൂടിയാണിത്. മൂന്നു സേനകളിലുമായി 1.25 ലക്ഷത്തോളം ഒഴിവുകളുണ്ട്.

Advertisement
Advertisement