സമ്പന്നരെ പിഴിയാൻ രാജപക്സ‌, അധിക നികുതി ഈടാക്കും

Saturday 09 April 2022 1:15 AM IST

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പുതിയ നീക്കവുമായി ശ്രീലങ്കൻ സർക്കാർ. രാജ്യത്തെ അതിസമ്പന്നരിൽ നിന്ന് വൻ തുക നികുതിയായി പിരിച്ചെടുക്കാനാണ് തീരുമാനം. സമ്പന്നർക്ക് 25 ശതമാനം അധിക നികുതി ചുമത്താനുള്ള ബിൽ ഇന്നലെ പാർലമെന്റ് വോട്ടെടുപ്പില്ലാതെ പാസാക്കി. 2020-21 സാമ്പത്തിക വർഷത്തിൽ 200 കോടി ശ്രീലങ്കൻ രൂപയിൽ കൂടുതൽ സമ്പാദിച്ച വ്യക്തികളും കമ്പനികളുമാണ് നികുതി നൽകേണ്ടത്. ഇതുവഴി 10000 കോടി ശ്രീലങ്കൻ രൂപ സർക്കാരിന് ലഭിക്കുമെന്നാണ് രജപക്സെ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.
മുൻ ധനമന്ത്രി ബേസിൽ രാജപക്സയുടെതാണ് ഐഡിയ.

അതിനിടെ, അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ രാജിവച്ച ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി വീണ്ടും പദവിയേറ്റെടുത്തു. പദവിക്ക് കൂടുതൽ അനുയോജ്യമായ ഒരാൾ വരുമെന്ന് കരുതിയാണ് സ്ഥാനം രാജിവച്ചതെന്നും എന്നാൽ ആരും തയാറാകാത്തതിനാൽ ധനമന്ത്രിയായി തുടരാൻ നിർബന്ധിതനായെന്നും അലി സബ്രി പാർലമെന്റിൽ പറഞ്ഞു.ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി കഴിഞ്ഞ ദിവസം പ്രസിഡന്റ് നിയോഗിച്ച ധനകാര്യ വിദഗ്ദ്ധരടങ്ങുന്ന ഉന്നത സമിതിയെ അലി നയിക്കും. 11 മുതൽ ഐ.എം.എഫുമായി ചർച്ചകൾ ആരംഭിക്കും.

തന്റെ ഇളയ സഹോദരൻ ബേസിൽ രാജപക്സയെ പുറത്താക്കി, പ്രസിഡന്റ് ഗോതബയ ഏപ്രിൽ 4നാണ് അലി സബ്രിയെ ധനമന്ത്രിയായി നിയമിച്ചത്. ഒരു ദിവസം തികയും മുമ്പേ സബ്രി സമർപ്പിച്ച രാജിക്കത്ത് പ്രസിഡന്റ് സ്വീകരിച്ചിരുന്നില്ല.

രാജിവച്ച ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ അജിത് നിവാർ‌ഡ് കബ്രാലിന് പകരം നന്ദലാൽ വീരസിംഗെയും ട്രഷറി സെക്രട്ടറിയായി കെ.എം.എം. സിരിവർദ്ധനയും ചുമതലയേറ്റു. അജിത് നിവാർ‌ഡ് രാജ്യം വിടുന്നതിന് കൊളംബോ ചീഫ് മജിസ്ട്രേറ്റ് കോടതി വിലക്കേർപ്പെടുത്തി. ബാങ്കുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നടപടി.

 രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത പരിഹരിച്ചില്ലെങ്കിൽ കടുത്ത സാമ്പത്തിക ദുരന്തത്തിലേക്ക് രാജ്യം വഴുതി വീഴുമെന്ന് കയറ്റുമതി, ഇറക്കുമതി, ലോജിസ്റ്റിക്സ് മേഖലകളിൽ നിന്നുള്ള 23 ബിസിനസ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.

അവിശ്വാസ പ്രമേയ ഭീഷണിയുമായി പ്രതിപക്ഷം

രാജപക്സമാർ രാജിവയ്ക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തിൽ ഉടൻ നടപടിയുണ്ടായില്ലെങ്കിൽ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന ഭീഷണിയുമായി പ്രധാന പ്രതിപക്ഷമായ എസ്.ജെ.ബി രംഗത്തെത്തി.

ഇന്നലെ രാത്രി വൈകിയും കൊളംബോയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധങ്ങൾ നടന്നു.

ഇന്ധനക്ഷാമം രൂക്ഷമാകും

ഇന്ധനം വാങ്ങാനായി ഇന്ത്യ അനുവദിച്ച 500 മില്യൺ യു.എസ് ഡോളർ ക്രെഡിറ്റ് ലൈൻ തീരുന്നതോടെ ഈ മാസം അവസാനത്തോടെ ശ്രീലങ്കയിൽ വീണ്ടും ഡീസൽ ക്ഷാമം അതിരൂക്ഷമായേക്കുമെന്ന് റിപ്പോർട്ട്. വരുന്ന 15,18, 23 തീയതികളിൽ ഇന്ത്യയിൽ നിന്ന് ഇന്ധനമെത്തും. ശേഷം ഇന്ധന ലഭ്യതയ്ക്ക് ഇന്ത്യയുടെ കൂടുതൽ സഹായം ശ്രീലങ്ക തേടേണ്ടി വരും. രാജ്യത്തെ പൊതുഗതാഗതവും താപ വൈദ്യുതനിലയങ്ങളും ഡീസലിനെയാണ് ആശ്രയിക്കുന്നത്.

 മരുന്നുക്ഷാമം തുടരുന്ന ലങ്കയിൽ ഏറ്റവും അത്യാവശ്യമുള്ള മരുന്നുകൾ പോലും ലഭ്യമല്ലെന്ന് ശ്രീലങ്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റിനെ അറിയിച്ചു.

Advertisement
Advertisement