പലിശയിൽ തൊടാതെ റിസർവ് ബാങ്ക്

Saturday 09 April 2022 12:16 AM IST

□വായ്പാ നിരക്കുകൾ തുടരും

കൊച്ചി: തുടർച്ചയായ 11-ാം തവണയും മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 4 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും.

2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ ദ്വൈമാസ നയമാണ്‌, ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനിർണയസമിതി(എം.പി.സി) ഇന്നലെ പ്രഖ്യാപിച്ചത്. മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താത്തതിനാൽ, ഭവന, വാഹന, വ്യക്തിഗത വായ്പാ നിരക്കുകൾ കുറഞ്ഞ നിലയിൽ തുടരും. സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ച(ജി.ഡി.പി) നേരത്തെ വിലയിരുത്തിയിരുന്ന 7.8 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി കുറഞ്ഞു.

അതേസമയം. ഈ സാമ്പത്തിക വർഷത്തിൽ നാണയപ്പെരുപ്പം നേരത്തെ പ്രതീക്ഷിച്ചിരുന്ന 4.5 ശതമാനത്തിൽ നിന്നും 5.7 ആയി ഉയരുമെന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. സമ്പദ്‌വളർച്ചയുടെ തിരിച്ചുവരവിന് ആവശ്യമായ സമയങ്ങളിലെല്ലാം പലിശനിരക്ക് ആകർഷകമാക്കി നിലനിറുത്താനുള്ള 'അക്കോമഡേറ്റീവ്" നിലപാട് തുടരും.

Advertisement
Advertisement