ശ്രീനാരായണ സാംസ്‌കാരിക സമിതി ഇന്റർനാഷണൽ കൺവെൻഷൻ

Saturday 09 April 2022 12:59 AM IST

ഗുരുദർശനത്തിന് ആഗോള പ്രചാരം നൽകുന്നതിനായി ശ്രീനാരായണ സാംസ്‌കാരിക സമിതി ഇന്റർനാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായംകുളം വിദ്യാപീഠം ഓഡിറ്റോറിയത്തിൽ ചേരുന്ന കൺവെൻഷൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. സർക്കാർ, അർദ്ധസർക്കാർ ഉദ്യോഗസ്ഥർ, പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ, വിരമിച്ചവർ എന്നിവരുടെ സംഘടനാ കൂട്ടായ്മയായി 41വർഷങ്ങളായി പ്രവർത്തിക്കുന്ന സംഘടനയാണ് ശ്രീനാരായണ സാംസ്‌കാരിക സമിതി.

വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച സമിതിക്കു കീഴിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തൃപ്പൂണിത്തുറ, എറണാകുളം, പാലക്കാട്, കൊല്ലം, കുണ്ടറ എന്നിവിടങ്ങളിൽ മികച്ച പബ്ളിക് സ്‌കൂളുകൾ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. കൊല്ലം എസ്.എൻ. കോളേജിനു സമീപം സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഓപ്പൺ എഡ്യുക്കേഷൻ സെന്ററിലൂടെ ആയിരക്കണക്കിനു വിദ്യാർത്ഥികൾക്ക് മെഡിസിൻ, എൻജിനിയറിംഗ് മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടാനായി.

ശ്രീനാരായണ ദർശനത്തിന് പ്രചാരം നൽകിയ പ്രതിഭകളെ ആദരിക്കാൻ സമിതി ഏർപ്പെടുത്തിയിട്ടുള്ളതാണ് ശ്രീനാരായണ സാംസ്‌കാരിക സമിതി അവാർഡ്. പ്രൊഫ. ജി. ബാലകൃഷ്ണൻനായർ, വി.കെ. ബാലകൃഷ്ണൻ, പി.കെ. ഗോപാലകൃഷ്ണൻ, ഡോ. പി. ഭാസ്‌കരൻ, സി.ആർ. കേശവൻ വൈദ്യർ, പ്രൊഫ. എം.കെ. സാനു എന്നിവരാണ് ഈ അവാർഡിന് അർഹരായവർ.

തിരുവനന്തപുരം ചേങ്കോട്ടുകോണം ഗുരുദേവപുരത്ത് ശ്രീനാരായണ പബ്ലിക് സ്‌കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തത് സമിതിയാണ്. ചങ്ങനാശേരിയിൽ ശ്രീനാരായണ സെൻട്രൽ സ്‌‌കൂൾ, ഇംഗ്ളീഷ് മീഡിയം സ്‌കൂൾ എന്നിവ ഉൾപ്പെട്ട ചാരിറ്റബിൾ ട്രസ്റ്റിന് സമിതി സംസ്ഥാന സെക്രട്ടറി നെടുങ്കുന്നം ഗോപാലകൃഷ്ണൻ നേതൃത്വം നൽകുന്നു. തിരുവനന്തപുരം എസ്.എൻ. ക്ളബിന്റെ രൂപീകരണത്തിനു പിന്നിലും സമിതി തന്നെ. പഠനക്യാമ്പുകൾ, സെമിനാറുകൾ, പുസ്‌തക പ്രസിദ്ധീകരണം, പ്രഭാഷണ പരമ്പരകൾ, കുടുംബ യോഗങ്ങൾ തുടങ്ങിയവയാണ് സമിതിയുടെ മറ്റു പരിപാടികൾ.

സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായും മാനുഷിക മൂല്യങ്ങളുടെ സംരക്ഷണത്തിനും നിലകൊള്ളുന്ന സമിതിയുടെ സ്ഥാപക നേതാക്കൾ ചരിത്ര ഗവേഷകനും യോഗം മുൻ കൗൺസിലറുമായ നെടുങ്കുന്നം ഗോപാലകൃഷ്ണൻ, ഗവ. സെക്രട്ടേറിയറ്റിലെ മുൻ അഡി. സെക്രട്ടറി കെ.ആർ. നാരായണൻ തുടങ്ങിയവരാണ്. മുൻ ഗവ. സെക്രട്ടറി ടി.എൻ. ജയചന്ദ്രൻ, ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സ്വാമി ഗീതാനന്ദ, കെ.ആർ. രാജൻ ഐ.എ.എസ്, പ്രൊഫ. പി.എസ്. വേലായുധൻ, എ.എസ്. പ്രതാപ്‌സിംഗ്, എം.കെ. രാഘവൻ തുടങ്ങിയവർ സമിതിയുടെ വളർച്ചയ്ക്ക് സഹായികളായിരുന്നു.

( ശ്രീനാരായണ സാംസ്‌കാരിക സമിതി ഇന്റർനാഷണൽ കമ്മിറ്റി പ്രസിഡന്റാണ് ലേഖകൻ )​

Advertisement
Advertisement