വലിയതുറ പാലത്തിന്റെ പുനരുദ്ധാരണം ഉടൻ

Saturday 09 April 2022 1:23 AM IST

തിരുവനന്തപുരം: കഴിഞ്ഞ വർഷം വീശിയടിച്ച ചുഴലിക്കാറ്റിൽ കേടുപാട് സംഭവിച്ച വലിയതുറ പാലത്തിന്റെ പുനരുദ്ധാരണം ഒരുമാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പാലം പൂർവസ്ഥിതിയിലാക്കാനുള്ള നടപടികൾ തുടങ്ങുന്നതിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് പ്രദേശത്ത് മണ്ണ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ക്ഷണിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹാർബർ എൻജിനിയറിംഗ് വിഭാഗവും കേരള മാരിടൈം ബോർഡും. ഈ മാസം തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കും. അടുത്തയാഴ്ച എസ്റ്റിമേറ്റ് കൈമാറി സാങ്കേതിക അനുമതി ലഭിച്ച ശേഷം പദ്ധതി ടെൻഡർ ചെയ്യുകയാണ് ലക്ഷ്യം. 3.35 കോടിയാണ് നിലവിൽ പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ആറുമാസത്തെ കാലയളവിൽ പുനരുദ്ധാരണം നടപ്പാക്കി പാലം തുറക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 2021 മേയ് 15ന് പുലർച്ചെയാണ് ചുഴലിക്കാറ്റിനെ തുടർന്ന് പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. നിലവിൽ കേടുപാടുകൾ ഇല്ലാത്ത പാലത്തിന്റെ ഭാഗങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ പറഞ്ഞു.

Advertisement
Advertisement