പി.ബി : എ. വിജയരാഘവനും എ.കെ. ബാലനും പരിഗണനയിൽ

Saturday 09 April 2022 2:07 AM IST

കണ്ണൂർ: എൽ.ഡി.എഫ് കൺവീനറും മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗവുമായ എ. വിജയരാഘവൻ സി.പി.എം പി.ബിയിലെത്തിയേക്കും. ദളിത്, പിന്നാക്ക പ്രാതിനിദ്ധ്യവും പരിഗണിച്ചാൽ, 2015 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായ എ.കെ. ബാലനും നറുക്ക് വീഴാം.

സി.പി.എമ്മിന്റെ ഉപരിഘടകങ്ങളായ പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവയിലേക്കുള്ള പുതുമുഖങ്ങളെയും, പ്രായപരിധിയിൽ പുറത്തേക്ക് പോകുന്നവരെയും നാളെ അറിയാം. നാളെ രാവിലെയാണ് പി.ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, എസ്. രാമചന്ദ്രൻ പിള്ള എന്നിവരാണ് നിലവിലെ പി.ബി അംഗങ്ങൾ. ഇതിൽ മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള നേരത്തെ തന്നെ വിരമിക്കൽ സൂചന നൽകിയിരുന്നു.

ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഭരണം നഷ്ടപ്പെട്ടസാഹചര്യത്തിൽ, തുടർഭരണം നിലനിൽക്കുന്ന കേരളത്തിന്റെ പ്രാതിനിദ്ധ്യമായിരിക്കും പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും നിറഞ്ഞുനിൽക്കുക.

പ്രായപരിധിയുടെ പേരിൽ പി. കരുണാകരൻ, വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ എന്നിവർ കേന്ദ്ര കമ്മിറ്റിയിൽ നിന്നു ഒഴിവായേക്കും. പകരം, മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ് എന്നിവരെ ഉൾപ്പെടുത്താനും സാദ്ധ്യതയുണ്ട്. കൂടുതൽ വനിതാപ്രാതിനിദ്ധ്യം പരിഗണിച്ചാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളും മുൻ എം.പിമാരുമായ ടി.എൻ. സീമയോ, സി.എസ്. സുജാതയോ കേന്ദ്ര കമ്മിറ്റിയിലെത്താം.
നിലവിലെ പി.ബി അംഗങ്ങളെല്ലാം 65നും 85നും ഇടയിലുള്ളവരാണ്. 84 പിന്നിട്ട എസ്. ആർ.പിക്ക് പുറമെ ബംഗാളിൽ നിന്നുള്ള ബിമൻബോസ്(82), കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള(76) എന്നിവർ ഒഴിയുമെന്ന് ഏതാണ്ടുറപ്പായി. കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായ വി.എസ്. അച്യുതാനന്ദൻ, പാലോളി മുഹമ്മദ് കുട്ടി എന്നിവരുൾപ്പെടെ 18 പേരാണ് കേരളത്തിൽ നിന്നുള്ളത്. അനാരോഗ്യം കാരണം വി.എസിനെ ഒഴിവാക്കുന്ന കാര്യവും പരിഗണനയിലാണ്.

Advertisement
Advertisement