പയ്യാമ്പലം ബീച്ചിൽ പ്രഭാത നടത്തക്കാരുടെ തിരക്ക്

Saturday 09 April 2022 2:11 AM IST

കണ്ണൂർ: എ.കെ.ജി, ഇ.കെ. നായനാർ, എം.വി.ആർ തുടങ്ങിയ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ സ്ഥിതി ചെയ്യുന്ന കണ്ണൂർ പയ്യമ്പലം ബീച്ച് പ്രഭാത സവാരിക്കാരുടെ ഇഷ്‌ടകേന്ദ്രമാണ്. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് ആരംഭിച്ചതോടെ സംസ്ഥാന മന്ത്രിമാരും നേതാക്കളും അന്യസംസ്ഥാന പ്രതിനിധികളുമെല്ലാം ബീച്ചിലെ സ്ഥിരം പ്രഭാത സവാരിക്കാരാണിപ്പോൾ.

മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങൾ തുടങ്ങിയ പ്രമുഖർ ബീച്ചിനോട് ചേർന്ന സർക്കാർ അതിഥി മന്ദിരത്തിലാണ് താമസം. അവർക്ക് പ്രഭാതസവാരിക്കായി പ്രത്യേക ഇടം വേറെയുണ്ട്. അതിഥി മന്ദിരത്തിൽ താമസിക്കുന്ന മന്ത്രി പി. രാജീവിനെപ്പോലെ ചിലർ പുറത്ത് പൊതുജനങ്ങൾ ഉപയോഗിക്കുന്ന വാക്ക് വേയിലൂടെയാണ് നടത്തം. അന്യസംസ്ഥാന പ്രതിനിധികൾ കടലിന്റെ സൗന്ദര്യം ആസ്വദിക്കാനും രാവിലെ എത്താറുണ്ട്. അസാം, ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങി കടലില്ലാത്ത സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികളാണ് കൂടുതലും. എ.കെ.ജി, നായനാർ, ചടയൻ ഗോവിന്ദൻ, അടീക്കോടൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾ സന്ദർശിക്കാനുള്ള അവസരം കൂടിയാണ് പ്രഭാത സവാരി.

 'സി.എം ഇൻ' ഗസ്റ്റ് ഹൗസ്: നോ എൻട്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷവർദ്ധിപ്പിച്ചതോടെ, പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് അദ്ദേഹം പോകുന്നിടത്തെല്ലാം കടുത്ത നിയന്ത്രണമാണ്. അടുത്ത കാലത്ത് നിലവിൽ വന്ന 'സി.എം എസ്കോർട്ട്' പ്രത്യേക കാറുകൾ സമ്മേളന നഗരിയിലെ പ്രധാന കാഴ്ചയാണ്. മുഖ്യമന്ത്രി താമസിക്കുന്ന സർക്കാർ അതിഥി മന്ദിരത്തിലും സന്ദർശകർക്ക് വിലക്കുണ്ട്. ഗസ്റ്റ്ഹൗസ് ഭാഗത്തെ റോഡിൽ വച്ച് വാഹനങ്ങളും മറ്റും തടയും.

Advertisement
Advertisement