പദവി ഒഴിയുന്നവരുടെ കാര്യം പരിശോധിക്കണം: സി.പി.എം റിപ്പോർട്ട്

Saturday 09 April 2022 2:16 AM IST

കണ്ണൂർ: പ്രായപരിധി നിബന്ധനയുടെ പേരിൽ പാർട്ടി പദവികൾ ഒഴിയുന്നവരിൽ സജീവമായി പ്രവർത്തനരംഗത്ത് നിൽക്കുന്നവരുടെ കാര്യം പരിശോധിച്ച് വിലയിരുത്താൻ നിർദ്ദേശിച്ച് സി.പി.എമ്മിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്. പാർട്ടി കോൺഗ്രസിനു ശേഷം ഇക്കാര്യം ബന്ധപ്പെട്ട ഘടകങ്ങൾ പരിശോധിക്കണം. അതിനുശേഷം ആവശ്യമെങ്കിൽ പ്രായപരിധി പരിഷ്കരിക്കാം. പാർട്ടി കോൺഗ്രസിൽ ഇന്നലെ സന്ധ്യയോടെയാണ് മുതിർന്ന പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് റിപ്പോർട്ട് അവതരിപ്പിച്ചത്.

പ്രായപരിധി നിബന്ധന കാരണം പദവികളൊഴിയേണ്ടി വരുന്നവരും ഇപ്പോഴും കർമ്മനിരതരുമായ നേതാക്കളെ സംസ്ഥാന കമ്മിറ്റികൾക്ക് കീഴിലോ പ്രത്യേകം യൂണിറ്റുകളുണ്ടാക്കിയോ ഉപയോഗപ്പെടുത്തണമെന്ന് നേരത്തേ തന്നെ സി.പി.എം കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് പുതിയ നിർദ്ദേശം. കേന്ദ്രകമ്മിറ്റിയിൽ ഏർപ്പെടുത്തിയ 75 വയസ് പ്രായപരിധി എല്ലാ ഘടകങ്ങളിലും നടപ്പാക്കിയ സംസ്ഥാനം കേരളമാണ്.

ബംഗാളിൽ 72 വയസ് പിന്നിട്ടവർക്ക് സംസ്ഥാന കമ്മിറ്റിയിൽ അംഗത്വമില്ല. ജില്ലാ കമ്മിറ്റിയിൽ 70 വയസും ഏരിയാ കമ്മിറ്റിയിൽ 65 വയസുമാണ് പ്രായപരിധി. തമിഴ്നാട്ടിൽ സംസ്ഥാനസമിതിയിൽ 72 വയസും ജില്ലാ കമ്മിറ്റിയിൽ 70 വയസുമാണ്. തെലങ്കാനയിലും ആന്ധ്രയിലും സംസ്ഥാന സമിതിയിൽ 70ഉം ജില്ലാ കമ്മിറ്റിയിൽ 65ഉം.

Advertisement
Advertisement