യു.എസ് സുരക്ഷാ ഏജൻസികളിലേക്ക് നുഴഞ്ഞു കയറ്റശ്രമം: ഐ.എസ്.ഐ ചാരൻമാർ പിടിയിൽ

Saturday 09 April 2022 3:35 AM IST

വാഷിംഗ്ടൺ : യു.എസിലെ ഉന്നത രഹസ്യാന്വേഷണ വിഭാഗത്തിലേക്കും സുരക്ഷാ സംവിധാനങ്ങളിലേക്കും നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതിന് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റുകൾ എന്ന് കരുതുന്ന രണ്ട് പേർ പിടിയിലായി. ഏരിയൻ തഹെർസാദെ ( 40 ), ഹൈദർ അലി ( 35 ) എന്നീ പാകിസ്ഥാൻകാരെയാണ് എഫ്.ബി.ഐ അറസ്​റ്റുചെയ്തത്.

വാഷിംഗ്ടൺ ഡി.സിയിലെ അപ്പാർട്ടുമെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. യു.എസ് ഫെഡറൽ ഏജന്റുമാരെന്ന വ്യാജേനയാണ് ഇവർ ഇവിടെ കയറിക്കൂടിയതെന്നാണ് റിപ്പോർട്ട്. അപ്പാർട്ടുമെന്റിന്റെ വിവിധ ഭാഗങ്ങൾ ഉൾപ്പെടെ ഇവർ വീഡിയോയിൽ പകർത്തിയിരുന്നു. അപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള താമസക്കാരുടെ വ്യക്തിവിവരങ്ങൾ ഇവർ കൈക്കലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവർ എങ്ങനെ ഇവിടെയെത്തിയെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്നി ജിൽ ബൈഡന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ടീമിലെ ഒരാൾ ഉൾപ്പെടെയുള്ള യു.എസ് സീക്രട്ട് സർവീസ് ഏജന്റുമാരെ ഇരുവരും സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണമുണ്ട്. ഇതിൽ അലിയുടെ കൈവശം പാക്, ഇറാൻ വിസകൾ കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement