മുല്ലപ്പെരിയാറിൽ പുതിയ പ്രതീക്ഷ

Sunday 10 April 2022 12:00 AM IST

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നിയന്ത്രണാധികാരം പൂർണമായും മേൽനോട്ട സമിതിയെ ഏല്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് കേരളത്തിന് ആശ്വാസകരമാണ്. എതിർകക്ഷിയായ തമിഴ്‌നാടിന്റെ സ്വേച്ഛാപരമായ നീക്കങ്ങൾക്ക് ഇതോടെ നല്ലയളവിൽ നിയന്ത്രണമുണ്ടാകുമെന്ന് കരുതാം.

വിപുലമായ അധികാരങ്ങളോടു കൂടിയാവും മേൽനോട്ടസമിതി നിലവിൽ വരിക. കാലവർഷക്കാലത്തും തുലാവർഷക്കാലത്തും കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്‌ത്തിക്കൊണ്ടിരിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഏതു വിഷയവും ഇനി മേൽനോട്ട സമിതിയാവും പരിശോധിച്ച് തീരുമാനമെടുക്കുക. ഡാം സുരക്ഷാ അതോറിട്ടി പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതു വരെയാണ് ഈ സംവിധാനം. സർവഅധികാരങ്ങളും നൽകിയിട്ടുള്ള മേൽനോട്ട സമിതിക്ക് ജനങ്ങളിൽനിന്നു ലഭിക്കുന്ന പരാതികൾ ഉൾപ്പെടെ അണക്കെട്ടുമായി ബന്ധപ്പെട്ട ഏതുവിഷയവും പരിഗണിക്കാനും ഉചിതമായ തീരുമാനമെടുക്കാനും അധികാരമുണ്ടായിരിക്കും. സമിതിയിൽ ഓരോ വിദഗ്ദ്ധ അംഗത്തെ നിയമിക്കാൻ കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി മൂന്നംഗ ബെഞ്ച് അനുമതി നൽകിയിട്ടുണ്ട്. ഇങ്ങനെ നിയമിക്കപ്പെടുന്നവർ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള ആളായിരിക്കണമെന്നും കോടതി നിഷ്കർഷിച്ചിട്ടുണ്ട്. ഏറ്റവും അനുയോജ്യനായ ആളെ കണ്ടെത്തി നിയമിക്കാൻ സംസ്ഥാനം ജാഗ്രത കാണിക്കണം. ചോറിങ്ങും കൂറങ്ങും എന്ന രീതി തുടർന്നാൽ പുതിയ സംവിധാനത്തിലും കേരളത്തിന്റെ താത്പര്യങ്ങൾ വെള്ളത്തിലാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. വിഷയം കൈകാര്യം ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥരും അഭിഭാഷകരുമൊക്കെ സംസ്ഥാനത്തിന്റെ താത്‌പര്യങ്ങൾക്കു വേണ്ടിയാണ് നിലകൊണ്ടതെന്ന് ആർക്കു ഉറപ്പിച്ചു പറയാനാകും.

ഡാം സുരക്ഷാ അതോറിട്ടിയുടെ അധികാരങ്ങളോടെ മേൽനോട്ട സമിതി ചുമതല ഏൽക്കുമ്പോൾ അണക്കെട്ടിനുമേൽ തമിഴ്‌നാട് പുലർത്തിവരുന്ന അധീശത്വം കുറഞ്ഞേക്കും. അണക്കെട്ടിന്റെ പരിപാലനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സമിതിക്കായിരിക്കും. പരിധിയിലും കവിഞ്ഞ് ജലനിരപ്പ് ഉയർന്നാൽ പോലും അവർ അതിനു പരിഹാരം കാണാൻ മുന്നോട്ടുവരാൻ താത്‌പര്യം കാണിക്കാറില്ല. കഴിഞ്ഞ മഴക്കാലത്ത് ഏറെ ഒച്ചപ്പാടും വിവാദവും ഉണ്ടായപ്പോഴാണ് അവർ അനങ്ങിയത്. ഇനിമുതൽ മേൽനോട്ട സമിതിക്ക് തക്കസമയങ്ങളിൽ ഇടപെടാനും ജനങ്ങളുടെ ഭീതിയകറ്റാനുള്ള നടപടി എടുക്കാനും സാധിക്കും.

സമിതി എടുക്കുന്ന തീരുമാനങ്ങൾ അതേപടി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ഇരുസംസ്ഥാനങ്ങൾക്കുമുണ്ട്. വീഴ്ച വരുത്തിയാൽ അതാതു ചീഫ് സെക്രട്ടറിമാർ സമാധാനം പറയേണ്ടിവരും. നടപടികൾക്കും വിധേയരാകേണ്ടിവരും. ഡാം സുരക്ഷാ അതോറിട്ടി നിയമം പാസാക്കിയിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി അതോറിട്ടി ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. നൂറ്റിഇരുപത്തെട്ടു വയസായ മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്ത് പുതിയൊരു ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാടിന്റെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് നടപ്പിലാകാത്തത്. പഴക്കം കണക്കിലെടുത്ത് ഈ അണക്കെട്ട് തുടർന്നും നിലനിറുത്തുന്നതിലെ അപകടം യു.എൻ. ഉൾപ്പെടെ പലരും ഓർമ്മിപ്പിച്ചിട്ടുള്ളതാണ്. പുതിയൊരു അണക്കെട്ടു വന്നാൽ തങ്ങളുടെ താത്പര്യങ്ങൾ ഹനിക്കപ്പെടുമോ എന്ന ഭയാശങ്കയാണ് തമിഴ്‌‌നാടിനെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. അണക്കെട്ട് ഇപ്പോഴും പൂർണമായും സുരക്ഷിതമാണെന്ന് അവർ വാദിച്ചുകൊണ്ടേയിരിക്കുന്നു. സുപ്രീംകോടതിയിലും തങ്ങളുടെ വാദം സമർത്ഥിക്കാനാവശ്യമായ റിപ്പോർട്ടുകൾ അവർ ഹാജരാക്കുന്നു. കോടതിയും അത് ശരിവയ്ക്കുന്നു. ഏതായാലും അണക്കെട്ടിന്റെ സുരക്ഷിതത്വം വിലയിരുത്താൻ പുതിയ പരിശോധനകൾ നടത്താൻ കഴിഞ്ഞ ദിവസം കോടതിയും ഉത്തരവായിട്ടുണ്ട്. പുതിയ അണക്കെട്ടു മാത്രമാണ് മുല്ലപ്പെരിയാർ തർക്കത്തിന് ശാശ്വത പരിഹാരമെന്ന കേരളത്തിന്റെ നിലപാടിനു പുതിയ പരിശോധന ബലം നൽകുമെന്നു പ്രതീക്ഷിക്കാം. മേൽനോട്ട സമിതിക്ക് അതോറിട്ടിയുടെ അധികാരങ്ങൾ നൽകിയതിലൂടെ മുല്ലപ്പെരിയാർ തർക്ക വിഷയത്തിൽ ന്യായമായ സമീപനത്തിനുള്ള സാദ്ധ്യതയാണു തെളിയുന്നത്.

Advertisement
Advertisement