മഹീന്ദ്ര ഥാര്‍ ലേലം: പരാതിക്കാരുമായി ദേവസ്വം കമ്മിഷണറുടെ ഹിയറിംഗ്

Saturday 09 April 2022 9:58 PM IST

ഗുരുവായൂർ: ക്ഷേത്രത്തിൽ വഴിപാട് ലഭിച്ച മഹീന്ദ്ര ഥാർ ജീപ്പിന്റെ ലേലം സംബന്ധിച്ച് പരാതിക്കാരുമായി അഞ്ച് മണിക്കൂറിലേറെ ദേവസ്വം കമ്മിഷണർ ബിജുപ്രഭാകറിന്റെ ഹിയറിംഗ്. ദേവസ്വം ഓഫീസിൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മുതൽ രാത്രി വരെ നീളുന്നതായിരുന്നു ഹിയറിംഗ്.

പരാതിക്കാരായ ഹൈന്ദവ സേവാ സംഘത്തിന്റെ ഭാരവാഹികളുമായി നടന്ന ഹിയറിംഗിൽ ദേവസ്വം കമ്മിഷണർ ബിജുപ്രഭാകറിന് പുറമെ ദേവസ്വം അഡിഷണൽ സെക്രട്ടറി കെ.ജയപാൽ, ദേവസ്വം റവന്യൂ സെക്ഷൻ ഓഫീസർ അരുൺ എന്നിവരും സംബന്ധിച്ചു. ദേവസ്വത്തിനായി ദേവസ്വം ഭരണസമിതിയംഗം അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സംബന്ധിച്ചു. ശ്രീനാഥ് പത്മനാഭന്റെ നേതൃത്വത്തിലുള്ള ഹൈന്ദവ സേവാ സംഘം ഭാരവാഹികളെയും പരാതിയെ അനുകൂലിച്ചവരെയുമാണ് ഹിയറിംഗിന് വിളിച്ചത്. ഥാർ ലേലമെടുത്ത പ്രവാസി വ്യവസായി അമൽ മുഹമ്മദും ഇദ്ദേഹത്തിനായി ലേലത്തിൽ പങ്കെടുത്തിരുന്ന ഗുരുവായൂരിലെ സുഹൃത്ത് സുഭാഷ് പണിക്കരും ഹിയറിംഗിനെത്തി. ലേലം കൊണ്ട വാഹനം ലഭിക്കണമെന്ന വാദം അവരുടെ അഭിഭാഷകൻ മുഖേന ഹിയറിംഗ് സംഘത്തെ അറിയിച്ചു. ഡിസംബർ അഞ്ചിനായിരുന്നു മഹീന്ദ്ര കമ്പനി ഥാർ ജീപ്പ് വഴിപാടായി നൽകിയത്. അതേമാസം 18നാണ് ദേവസ്വം ഥാർ ജീപ്പ് ലേലം ചെയ്തത്. അടിസ്ഥാന വില 15 ലക്ഷം രൂപ നിശ്ചയിച്ചായിരുന്നു ലേലം. മറ്റാരും ലേലത്തിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് 15,10,000 രൂപയ്ക്കാണ് അമൽ മുഹമ്മദിനായി സുഹൃത്ത് ജീപ്പ് ലേലം കൊണ്ടത്. ലേലനടപടികളെ ചോദ്യം ചെയ്ത് ഹൈന്ദവ സേവാ സംഘം കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ബന്ധപ്പെട്ടവരുടെ ഹിയറിംഗ് നടത്താൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

Advertisement
Advertisement