മുല്ലൂരിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം തയ്യാറായി

Sunday 10 April 2022 1:26 AM IST

വിഴിഞ്ഞം: മുല്ലൂരിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കും. വിഴിഞ്ഞം മുല്ലൂർ പനവിള തോട്ടം ആലുംമൂട് വീട്ടിൽ ശാന്തകുമാരി (71) ഇക്കഴിഞ്ഞ ജനുവരി 14നാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുന്നതോടെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സാദ്ധ്യത കുറവാണ്.500ലധികം പേജുള്ള കുറ്റപത്രത്തിൽ 66 സാക്ഷികൾ, തെളിവായി 41 രേഖകളും,​ 150 തൊണ്ടി മുതലും ഉണ്ടെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നാണ് കുറ്റപത്രത്തിൽ.പ്രതികളായ പാലക്കാട് പട്ടാമ്പി വിളയൂർ വില്ലേജ് വള്ളികുന്നത്ത് വീട്ടിൽ അൽ അമീൻ (25),​ വിഴിഞ്ഞം ടൗൺഷിപ്പ് കോളനി ഹൗസ് നം 44 ൽ റഫീക്കാ ബീവി (49),​ മകൻ ഷെഫീക്ക് (25) എന്നിവർ റിമാൻഡിലാണ്.ശാന്തകുമാരിയുടെ വീടിനോട് ചേർന്നുള്ള വാടക വീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. സംഭവ ദിവസം വീടിനുള്ളിൽ വച്ച് ശാന്തകുമാരിയെ അൽ അമീനും ഷെഫീക്കും ചേർന്ന് ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കി പിടിച്ചു. തുടർന്ന് റഫീക്കയും തുടർന്ന് അൽഅമീനും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് മരണം ഉറപ്പാക്കി. പിന്നീട് മൃതദ്ദേഹം തട്ടിൻപുറത്ത് ഒളിപ്പിച്ച്, നാടുവിടാൻ ശ്രമിക്കവേ കഴക്കൂട്ടത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു. ഇവർ വിറ്റ ആഭരണങ്ങളും 5,8458 രൂപയും കണ്ടെടുത്തു.
സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാനായത് പൊലീസിന്റെ നേട്ടമായി. പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ കോവളം മുട്ടയ്ക്കാട് ഒരു വർഷം മുൻപ് 14 കാരിയുടെ ദുരൂഹമരണം കൊലപാതകമാണെന്നും അതിലെ പ്രതികളും റഫീക്കയും മകനുമാണെന്ന് പൊലീസ് കണ്ടെത്തി. എസ്.എച്ച്.ഒ.യെ കൂടാതെ എസ്.ഐ.കെ.എൽ. സമ്പത്ത്, റൈറ്റർ സെൽവരാജ്, സി.പി.ഒമാരായ സാബു, അജയൻ, വിജിത എന്നിവരുൾപ്പെട്ട സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.

Advertisement
Advertisement