ഫ്രഞ്ച് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്: ആദ്യ റൗണ്ട് ഇന്ന്

Sunday 10 April 2022 3:17 AM IST

പാരീസ് : ഫ്രാൻസിൽ ആദ്യ റൗണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുക്രെയിൻ അധിനിവേശത്തിന്റെ പ്രഭാവം പടിവാതിലിനരികെ എത്തി നിൽക്കെ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായ ഫ്രാൻസിനെ ഇനി നയിക്കുന്നത് ആരാണെന്ന് നിർണയിക്കുന്നതിനുള്ള ആദ്യ ഘട്ടമാണിത്.

 48.7 ദശലക്ഷം പേർ വോട്ട് രേഖപ്പെടുത്തും

 പ്രാദേശിക സമയം ഇന്ന് രാവിലെ 8ന് വോട്ടിംഗ് തുടങ്ങും ( ഇന്ത്യൻ സമയം ഇന്ന് രാവിലെ 11.30 )

 വൈകിട്ട് 6 മണിയോടെ വലിയ നഗരങ്ങളിൽ പോളിംഗ് അവസാനിക്കും, പിന്നാലെ എക്സിറ്റ് പോൾ പുറത്തുവരും. രാത്രിയോടെ ഫലമറിയാം

 ഏപ്രിൽ 24 - ആദ്യ റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനത്തെത്തുന്ന സ്ഥാനാർത്ഥികൾ ഏറ്റുമുട്ടുന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പ്

 മേയ് 13 - പുതിയ പ്രസിഡന്റ് അധികാരമേൽക്കും

 ജൂൺ 12 - 19 പാർലമെന്ററി ഇലക്ഷൻ


 ആര് ജയിക്കും ?

 നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തന്നെ തുടർന്നേക്കുമെന്നാണ് അഭിപ്രായ സർവേ

 എന്നാൽ, 2017നേക്കാൾ ഭൂരിപക്ഷം കുറഞ്ഞേക്കും

 തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി 53കാരിയായ മരീൻ ലെ പെൻ ആണ് മാക്രോണിന്റെ മുഖ്യ എതിരാളി. സർവേകളിൽ മാക്രോണിന് 54 ശതമാനം പിന്തുണ ലഭിച്ചപ്പോൾ 46 ശതമാനം പിന്തുണയുമായി പെൻ തൊട്ടുപിന്നിലുണ്ട്. ഇത് മൂന്നാം തവണയാണ് ലെ പെൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

 സ്ഥാനാർത്ഥികൾ

ആകെ - 12

പ്രമുഖർ

ഇമ്മാനുവൽ മാക്രോൺ

( പ്രസിഡന്റ് )

മരീൻ ലെ പെൻ

ഷോൺ - ലക് മിലെൻഷൻ

വലേറി പ്രിക്രെസ്

എറിക് സിമ്മർ

 തിരഞ്ഞെടുപ്പ് എങ്ങനെ

 അഞ്ച് വർഷം കൂടുമ്പോൾ

 18 വയസിന് മുകളിലുള്ള ആർക്കും വോട്ട് ചെയ്യാം

 ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർത്ഥിയ്ക്ക് ആകെ വോട്ടിന്റെ 50 ശതമാനത്തിലേറെ ( കേവല ഭൂരിപക്ഷം ) ലഭിച്ചാൽ, ആ സ്ഥാനാർത്ഥി പ്രസിഡന്റാകും. രണ്ടാം റൗണ്ട് ഉണ്ടാകില്ല. എന്നാൽ, ഇത് വരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. മുന്നിലെത്തിയ രണ്ട് സ്ഥാനാർത്ഥികളുമായി രണ്ടാം റൗണ്ട് നടക്കും

 ഇമ്മാനുവൽ മാക്രോൺ ( 44 )

ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. 2017ൽ ഇത്തവണത്തെ എതിരാളി ലെ പെന്നിനെ രണ്ടാം റൗണ്ടിൽ 66.1 ശതമാനം വോട്ട് നേടിയാണ് ലാ റിപ്പബ്ലിക് എൻ മാർച്ച് പാർട്ടി സ്ഥാനാർത്ഥിയായ മാക്രോൺ പരാജയപ്പെടുത്തിയത്. മുമ്പ് രാജ്യത്തെ സാമ്പത്തിക - ധനകാര്യ മന്ത്രിയായിരുന്നു. റഷ്യ - യുക്രെയിൻ വിഷയത്തിൽ മദ്ധ്യസ്ഥതയിൽ മുൻനിരയിൽ.

Advertisement
Advertisement