മഴ തുണച്ചു ഗയ്സ്,​ ഇഷ്ടം പോലെ വെള്ളം.

Monday 11 April 2022 12:00 AM IST

കോട്ടയം. ഏപ്രിലിൽ വല്ലപ്പോഴുമാണ് വേനൽ മഴയെങ്കിൽ ഇക്കുറി നിന്നു പെയ്ത മഴയിൽ കുടിവെള്ള ക്ഷാമത്തിനും പരിഹാരമായി. ആറ്റിലും തോട്ടിലും കിണറ്റിലുമെല്ലാം വെള്ളമായി. ഏപ്രിലിലെ ചെറുമഴയെന്ന പതിവ് രീതിക്ക് വിരുദ്ധമായി തുള്ളിക്ക് ഒൂു കുടം എന്ന പോലെ പെയ്തതാണ് ഗുണമായത്.

തുടർച്ചയായ ദിവസങ്ങളിൽ മണിക്കൂറുകൾ നീളുന്ന അതിശക്തമായ മഴയിൽ വരണ്ടുണങ്ങിയ തോടുകൾ നിറഞ്ഞു. കാൽപ്പാദം പോലും മുങ്ങാൻ വെള്ളമില്ലാതിരുന്ന ആറുകൾ കലങ്ങിമറിഞ്ഞൊഴുകുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടവുമുണ്ടായി.

കാലവർഷത്തിന് മുന്നേ ജില്ല മഴയിൽ കുതിരുമെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലും മേയിലും തുടർച്ചയായി പെയ്ത മഴ ജനങ്ങൾക്കു ദുരിതമായിരുന്നു. പതിവിൽ നിന്നു വ്യത്യസ്തമായി മേയ് മാസത്തിന്റെ തുടക്കത്തിൽ വെള്ളപ്പൊക്ക സമാന സാഹചര്യവുമുണ്ടായി. ഒക്ടോബറിൽ പ്രളയവും ഉരുൾപൊട്ടലുമുണ്ടായി. പിടിതരാത്ത കാലാവസ്ഥ ഇക്കുറി എന്തൊക്കെ കരുതിവയ്ക്കുന്നുണ്ടെന്ന ഭയവുമുണ്ട് സാധാരണക്കാർക്ക്. ശനിയാഴ്ചത്തെ മഴയിൽ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു.

10 വർഷത്തിനിടെ രണ്ടാം തവണ.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഏപ്രിൽ മാസത്തിലെ മഴയിൽ രണ്ടാം സ്ഥാനമാണ് ശനിയാഴ്ച പെയ്ത മഴയ്ക്കുള്ളത്. ഇന്നലെ രാവിലെ എട്ടുവരെ പെയ്തത് 66.6 മില്ലീമീറ്റർ. 2015 ഏപ്രിൽ 22ന് പെയ്ത 156 മില്ലീമീറ്ററാണ് 10 വർഷത്തിനിടയിലെ ഉയർന്ന കണക്ക്. മാർച്ച് ഒന്നിന് ആരംഭിച്ച വേനൽമഴക്കാലത്ത്, ഇന്നലെ വരെയായി ശരാശരിയേക്കാൾ 194 ശതമാനം അധികമഴയും പെയ്തു.

Advertisement
Advertisement